24 April 2024, Wednesday

നാട്ടാനകള്‍ വംശനാശത്തിലേക്ക്

കെ രംഗനാഥ്
തിരുവനന്തപുരം
August 15, 2022 7:35 pm

സംസ്ഥാനത്തെ നാട്ടാനകളുടെ സംഖ്യ ആശങ്കാജനകമായി താഴ്‌ന്ന് വംശനാശത്തിലേക്ക് എന്ന് പഠനം. കാട്ടാനകളുടെ സംഖ്യാവര്‍ധനവ് അഭൂതമായി കുതിച്ചുയരുമ്പോള്‍ വളര്‍ത്താനകളുടെ സംഖ്യ നാല് വര്‍ഷത്തിനുള്ളില്‍ പകുതിയായി കുറഞ്ഞതായും കണക്കാക്കപ്പെടുന്നു. സ്ഥിതിഗതികള്‍ ഈ വഴിക്ക് നീങ്ങിയാല്‍ പൂരങ്ങളും ആനയെഴുന്നള്ളത്തും ഏഴ് വര്‍ഷത്തിനിടെ ഓര്‍മ്മയായി മാറുമെന്ന് ഈ രംഗത്തെ വിദഗ്ധരുടെ ആകുലത.
നാല് വര്‍ഷം മുമ്പ് നടന്ന ആന സെന്‍സസില്‍ സംസ്ഥാനത്ത് 7490 കാട്ടാനകളും 710 നാട്ടാനകളുമാണുണ്ടായിരുന്നത്. കാട്ടാനകളുടെ എണ്ണം ഇപ്പോള്‍ 8000 കടന്നേക്കാം. പക്ഷേ നാട്ടാനകളുടെ സംഖ്യ 449 ആയി കുത്തനെ താണു. ഇവയില്‍ പകുതിയോളം അറുപത് കഴിഞ്ഞ വൃദ്ധര്‍. ചുരുങ്ങിയ കാലയളവിനുള്ളില്‍ 75 നാട്ടാനകളാണ് ചരിഞ്ഞതെന്ന് ഹെറിറ്റേജ് ആനിമല്‍ ടാസ്ക് ഫോഴ്സിന്റെ ഡയറക്ടറായ കെ വി വെങ്കിടാചലം കണക്കുകൂട്ടുന്നു. 2018ല്‍ മാത്രം ചരിഞ്ഞത് 34 നാട്ടാനകള്‍.
പാലക്കാട് ജില്ലയില്‍ മാത്രം നാല് വര്‍ഷം മുമ്പ് 58 നാട്ടാനകളുണ്ടായിരുന്നത് ഇപ്പോള്‍ 28 ആയി ചുരുങ്ങിയിരിക്കുന്നുവെന്ന് ആന ഉടമസംഘം വെളിപ്പെടുത്തുന്നു. തൃശൂര്‍ പൂരത്തിനും മറ്റനേകം പൂരപ്പറമ്പുകളിലും തിടമ്പേറ്റിയിരുന്ന ഗജകേസരികളായ തിരുവമ്പാടി ശിവസുന്ദര്‍, മംഗലാംകുന്ന് കേശവന്‍, പാറമേക്കാവ് ശ്രീപത്മനാഭന്‍, ഗുരുവായൂര്‍ പത്മനാഭന്‍ എന്നിവ ചരിഞ്ഞത് ഒരു വര്‍ഷത്തിനിടെയാണ്.
ഗജശാസ്ത്രഗ്രന്ഥമായ ‘മാതംഗലീല’യിലെ സര്‍വലക്ഷണങ്ങളുമുള്ള ഈ ഗജരാജന്മാരുടെ വിയോഗം ലക്ഷക്കണക്കിന് ആനപ്രേമികളെയാണ് കണ്ണീരിലാഴ്ത്തിയത്. വന്‍ ജനപ്രീതിയുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, മംഗലാംകുന്ന് അയ്യപ്പന്‍, എറണാകുളം ശിവകുമാര്‍, തിരുവമ്മാടി ചെറിയ ചന്ദ്രശേഖരന്‍, ഗുരുവായൂര്‍ നന്ദന്‍ എന്നിവ ഇപ്പോഴും രംഗത്തുണ്ടെങ്കിലും ഇവയില്‍ പലതിനും പ്രായം അറുപത് കഴിഞ്ഞു. ആനയുടെ ആയുസ് 120 വയസാണെന്നാണ് സങ്കല്പമെങ്കിലും നാട്ടാനകള്‍ കഷ്ടിച്ച് 80 വയസിനപ്പുറം ജീവിച്ചിരിക്കാറില്ല.
ഇതിനൊരു അപവാദമായി തിരുവനന്തപുരം മൃഗശാലയിലെ പിടിയാനയായിരുന്ന മഹേശ്വരി ഒരു കുഞ്ഞിക്കാലു പോലും കാണാനാവാതെ 113 വയസുവരെ ജീവിച്ചിരുന്നു. യാതൊരു പരിശീലനവും ലഭിക്കാത്ത പാപ്പാന്മാരില്‍ നിന്ന് ഏല്‍ക്കുന്ന ക്രൂരമായ പീഡനം, ആവശ്യത്തിനു ഭക്ഷണവും വെള്ളവും ലഭിക്കാത്ത അവസ്ഥ, വളര്‍ത്തുന്ന വൃത്തികെട്ട സാഹചര്യങ്ങള്‍, കഠിനാധ്വാനം എന്നിവയാണ് നാട്ടാനകളുടെ ആയുസ് കുറയ്ക്കുന്നതെന്ന് വന്യജീവിക്ഷേമ ബോര്‍ഡ് ഡയറക്ടറായ പി ബി ഗിരിദാസ് പറയുന്നത്.
കാട്ടാനകള്‍ പ്രതിദിനം വനത്തിനുള്ളില്‍ മുപ്പതും നാല്പതും കിലോമീറ്റര്‍ സഞ്ചരിക്കാറുണ്ട്. നാട്ടാന പ്രതിദിനം 18 കിലോമീറ്ററെങ്കിലും സഞ്ചരിച്ചാലേ വ്യായാമമാകൂ. എന്നാല്‍ മരത്തില്‍ കെട്ടിയിട്ട് അവിടെ തന്നെ ഭക്ഷണം നല്‍കലും കുളിപ്പിക്കലും നടത്തുന്നു.
മഴക്കാലത്താണെങ്കില്‍ ആനപ്പിണ്ടവും മൂത്രവും ചെളിയും തളംകെട്ടിക്കിടക്കുന്നിടത്താണിതെല്ലാം. ഇതുമൂലം നാട്ടാനകള്‍ക്ക് ക്ഷയം, എരണ്ടക്കെട്ട് എന്നിവയുണ്ടാകുന്നു. വനത്തില്‍ തടിപിടിക്കാന്‍ കൊണ്ടുപോകുന്ന നാട്ടാനകളാകട്ടെ അത്യധ്വാനംമൂലം രോഗികളായാണ് ആയുസെത്താതെ ചരിയുന്നത്.
ക്ഷേത്രങ്ങളിലെ എഴുന്നള്ളത്തിനു കൊണ്ടുപോകുമ്പോഴാകട്ടെ പ്രതിദിനം 250 ലിറ്റര്‍ വെള്ളം കുടിക്കേണ്ട ആനയെ വെള്ളം നല്കാതെ ദാഹാര്‍ത്തരായാണ് കൊണ്ടുപോകുന്നത്.
ഗുരുവായൂരടക്കം അപൂര്‍വം ദേവസ്വങ്ങളിലൊഴികെ സ്വകാര്യ വ്യക്തികളുടെ ആനകള്‍ക്ക് വര്‍ഷംതോറുമുള്ള സുഖചികിത്സ പോലും നല്കാറില്ലയെന്ന് സംസ്ഥാന എലിഫെന്റ് മോണിറ്ററിങ് കമ്മിറ്റിയിലെ എം എന്‍ ജയചന്ദ്രന്‍ പറയുന്നു. രോഗം മാത്രമല്ല ഇതര സംസ്ഥാനങ്ങളില്‍ നിന്നും നാട്ടാനകളെ കൊണ്ടുവരാന്‍ കടുത്ത നിയന്ത്രണങ്ങളുള്ളതും ചെരിയുന്ന ആനകള്‍ക്കു പകരം മറ്റൊന്നിനെ കൊണ്ടുവരാനാവാത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. നാട്ടാനകളുടെ കെെമാറ്റത്തിനുള്ള വിലക്കുകളും വിലങ്ങുതടിയാവുന്നു.
സംസ്ഥാനത്തെ ആശങ്കാജനകമായ നാട്ടാന ശോഷണത്തെക്കുറിച്ച് കേരളത്തിലെ എംപിമാര്‍ ഈയിടെ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കേന്ദ്ര വനംമന്ത്രി ഭുപീന്ദര്‍ യാദവ് എംപിമാരുടെ ഒരു യോഗം വിളിച്ച് നാട്ടാനകളുടെ കെെമാറ്റത്തിനും അന്തര്‍സംസ്ഥാന കടത്തിനുമുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നിയമഭേദഗതി വരുത്തുമെന്നും ഉറപ്പുനല്കിയിട്ടുണ്ട്.
ഇതു നടന്നുകിട്ടിയാലും സംസ്ഥാനത്തെ ശോചനീയമായ ആനപരിപാലന വ്യവസ്ഥകള്‍ മാറിയില്ലെങ്കില്‍ ഗജമരണങ്ങള്‍ തുടര്‍ക്കഥയാവുകതന്നെ ചെയ്യുമെന്ന ആശങ്ക വേറെ.

Eng­lish Sum­ma­ry: Ele­phants to extinction

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.