കുറുവ ദ്വീപിന് സമീപം കാട്ടാന ആക്രമണം: തൊഴിലാളികൾക്ക് പരിക്ക്

Web Desk
Posted on October 05, 2018, 9:45 am
പുല്‍പള്ളി: കുറുവ ദ്വീപിന് സമീപം കാട്ടാന ആക്രമണം. തൊഴിലുറപ്പ് പദ്ധതിയിലെ പണിക്ക് എത്തിയ തൊഴിലാളികളായ സ്ത്രീകള്‍ക്ക് കാട്ടാനയുടെ അക്രമണത്തില്‍ പരിക്കേറ്റു. ചേകാടി പന്നിക്കല്‍ സരോജിനി(34), കളവൂര്‍ ശാന്ത(32) എന്നിവര്‍ക്കാണ് കാലിനും നടുവിനും പരിക്കേറ്റത്.
വ്യാഴാഴ്ച മൂന്നുമണിയോടെ കുറുവാ ദ്വീപിന് സമീപം വനത്തില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്ന ഇവര്‍ക്ക് നേരേ കാട്ടാനക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നു.  മഴയുണ്ടായിരുന്നതിനാല്‍ ആനക്കൂട്ടം അടുത്തെത്തിയപ്പോഴാണ്  തൊഴിലാളികള്‍ അറിഞ്ഞത്. ആനയെ വിരട്ടിയോടിക്കാന്‍ പടക്കം പൊട്ടിച്ചെങ്കിലും ആനക്കൂട്ടം അവിടെ തന്നെ നിലയുറപ്പിച്ച് നിന്നതായി തൊഴിലാളികള്‍ പറഞ്ഞു. ആനയുടെ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപെടുന്നതിനിടെ വീണാണ് ഇവർക്ക് പരിക്കേറ്റത്. ഇരുവരെയും പുല്പള്ളി സമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.