വൈദ്യുതി നിരക്ക് വര്‍ദ്ധനവ് പിന്‍വലിക്കണം: കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍

Web Desk
Posted on July 10, 2019, 8:54 pm

കോട്ടയം: വൈദ്യുതി നിരക്ക് വര്‍ദ്ധനവ് ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും ഉടന്‍ പിന്‍വലിക്കണമെന്നും കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി. ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവരുടെ വൈദ്യുതി ഉപയോഗത്തിന് നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നത് നിരക്ക് വര്‍ദ്ധനവിനെ സാധൂകരിക്കുന്നില്ല. വര്‍ദ്ധനവ് ജീവിതച്ചെലവും കുത്തനെ ഉയര്‍ത്തും താഴ്ന്ന വരുമാനക്കാരായ സാധാരണ ജനങ്ങളെയും വര്‍ദ്ധവന് വലിയ തോതില്‍ ബാധിക്കും. ചെറുകിട ഉല്‍പ്പാദകര്‍ക്കും കാര്‍ഷിക മേഖലയിലെ പണികള്‍ക്കും നിരക്ക് വര്‍ദ്ധനവ് പ്രതികൂലമായി ബാധിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാരിന്റെ 201920ലെ പുതിയ ബജറ്റ് ജനജീവിതം കൂടുതല്‍ ദുരിത പൂര്‍ണ്ണമാക്കുമെന്ന് കമ്മറ്റി അഭിപ്രായപ്പെട്ടു. തൊഴിലുറപ്പ് മേഖലയില്‍ മുന്‍ സര്‍ക്കാര്‍ 61850 കോടി രൂപ വിഹിതമായി കണക്കാക്കിയിരുന്നത് പുതിയ ബജറ്റില്‍ 60000 കോടിയായി ചുരുങ്ങുകയും തൊഴിലുറപ്പ് പദ്ധതിയുടെ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയത് ആ മേഖലയിലെ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കും. കൂടുതല്‍ തുക തൊഴിലുറപ്പ് പദ്ധതിക്കായി നീക്കി വയ്ക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.

തൃശൂരില്‍ കെ കെ വാര്യര്‍ സ്മാരകത്തില്‍ ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തില്‍ പ്രസിഡന്റ് എ കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി കെ കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേശീയ വൈസ് പ്രസിഡന്റ് കെ ഇ ഇസ്മയില്‍, പി സുഗതന്‍, ടി സിദ്ധാര്‍ത്ഥന്‍, സി സി മുകുന്ദന്‍, മനോജ് ബി ഇടമന എന്നിവര്‍ സംസാരിച്ചു.
സംഘടനാ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ആഗസ്റ്റ് അവസാനവാരം കുമളിയില്‍ വച്ച് സംസ്ഥാന ക്യാമ്പ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.