കഴിഞ്ഞ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാന പദ്ധതിയായ തൊഴിലധിഷ‍്ഠിത ഇന്‍സന്റീവ് (ഇഎല്‍ഐ) അടുത്ത ബജറ്റെത്താറാകുമ്പോഴും പ്രാവര്‍ത്തികമായില്ല. പദ്ധതിയുമായി സഹകരിക്കാന്‍ രാജ്യത്തെ കോര്‍പറേറ്റ് കമ്പനികള്‍ക്ക് താല്പര്യമില്ല. സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യത്തിലെത്തിക്കുന്നതിനുള്ള കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ഒരുവര്‍ഷത്തെ നീക്കങ്ങളെല്ലാം പാഴായി. രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹാരം കാണാതെ തുടരുകയും ചെയ്യുന്നു.
കോര്‍പറേറ്റ് സ്ഥാപനങ്ങളിലും മറ്റും യുവാക്കള്‍ക്ക് തൊഴിലിന് അവസരമൊരുക്കുമെന്നതായിരുന്നു മോഹ വാഗ്ദാനം. ഇപിഎഫ്ഒ അംഗത്വത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ മൂന്ന് മാസത്തെ ശമ്പളം-15,000 രൂപ പ്രതിമാസം സര്‍ക്കാര്‍ നല്‍കുന്നതായിരുന്നു പദ്ധതി. എന്നാല്‍ ഇഎല്‍ഐ പദ്ധതി സംബന്ധിച്ച് മാര്‍ഗരേഖ പോലും ഇതുവരെ തയ്യാറാക്കിയിട്ടില്ല. കോര്‍പറേറ്റ് കമ്പനികളുമായി കേന്ദ്രസര്‍ക്കാര്‍ പല തവണ ചര്‍ച്ച നടത്തിയിട്ടും അവര്‍ സഹകരിക്കുന്നില്ലെന്നും സൂചനകള്‍ പുറത്തുവന്നു.
കോര്‍പറേറ്റുകള്‍ക്ക് പുറമെ എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്ഒ) ഉള്‍പ്പെടെ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍, തൊഴിലുടമകള്‍, ജീവനക്കാര്‍, ഗവേഷണ, അക്കാദമിക് സ്ഥാപനങ്ങള്‍, ബഹുമുഖ സംഘടനകള്‍ എന്നിവരുമായി സര്‍ക്കാര്‍ കൂടിക്കാഴ‍്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ പദ്ധതി ഇനിയും ആശയങ്ങളിലൊന്നായി അവശേഷിക്കുന്നു.
2024–25 സാമ്പത്തിക വര്‍ഷത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് ഇക്കൊല്ലം നവംബര്‍ 30നകം ആധാര്‍ അധിഷ്ഠിത ഒടിപി വഴി യൂണിവേഴ‍്സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍) സൃഷ‍്ടിക്കുന്നതിനുള്ള പ്രക്രിയയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പാക്കണമെന്ന് ഇപിഎഫ്ഒയ‍്ക്ക് ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ ഇപിഎഫ്ഒയും കോര്‍പറേറ്റ് കമ്പനികളും ഇത് നടപ്പാക്കിയില്ല. പിന്നീട് പലപ്പോഴായി ഈ മാസം 15 വരെ സമയം നല്‍കി. ഇനിയും തീയതി നീട്ടാതെ മറ്റ് വഴിയില്ല.
അടുത്തിടെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ‍്ട്രി സംഘടിപ്പിച്ച ഗ്ലോബല്‍ ഇക്കണോമിക് പോളിസി ഫോറത്തെ അഭിസംബോധന ചെയ‍്ത, കേന്ദ്ര തൊഴില്‍ സെക്രട്ടറി സുമിത ദവ്റ ഇഎല്‍ഐ പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് കോര്‍പറേറ്റ് കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. പദ്ധതി ആകര്‍ഷകമാണെന്ന് തോന്നുമെങ്കിലും നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രയാസപ്പെടുകയാണെന്ന് തൊഴില്‍ സെക്രട്ടറിയുടെ അഭ്യര്‍ത്ഥന വ്യക്തമാക്കുന്നു.
ഇഎല്‍ഐ പദ്ധതിക്ക് കീഴില്‍ തൊഴിലുടമകള്‍ക്ക് 10,000 കോടി സബ‍്സിഡി നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 10 ദശലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നൈപുണ്യമുണ്ടാക്കുന്നതിന് പുറമേ എട്ട് ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ‍്ടിക്കുമെന്നും പദ്ധതി അവകാശപ്പെട്ടിരുന്നു. ഈ അവകാശവാദങ്ങളെല്ലാം പ്രഖ്യാപന വേളയില്‍ തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇഎല്‍ഐ പദ്ധതി സംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവരെയാണ് ലക്ഷ്യമിടുന്നത്. അതേസമയം രാജ്യത്തെ 90 ശതമാനത്തിലധികം തൊഴിലാളികളും അസംഘടിത മേഖലയിലാണ് ജോലി ചെയ്യുന്നതെന്നതും പദ്ധതി കടലാസില്‍ തന്നെ അവശേഷിക്കുന്നതിന് കാരണമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.