Janayugom Online
elnino

എല്‍നിനോ മുന്നറിയിപ്പ്; കേരളം പൊള്ളുന്നു മത്സ്യലഭ്യതയിലും കുറവ്

Web Desk
Posted on February 23, 2019, 7:13 pm

സുരേന്ദ്രന്‍ കുത്തനൂര്‍

തൃശൂര്‍: കാലവസ്ഥയില്‍ വലിയ വ്യതിയാനം ഉണ്ടാക്കി എല്‍ നിനോ പ്രതിഭാസം വീണ്ടും എത്തുമെന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഏജന്‍സി റിപ്പോര്‍ട്ട് ശരിവെച്ച് കേരളം ചുട്ടു പൊള്ളുന്നു. സമുദ്രത്തിലെ ചൂട് മത്സ്യസമ്പത്തിനെയും ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ താപനില മൂന്ന് ഡിഗ്രിയോളമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. അടുത്ത ഒരു മാസം താപനില ഇതേ നിലയില്‍ തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ഇന്നലെ കോഴിക്കോട് രേഖപ്പെടുത്തിയത് 39 ഡിഗ്രി ചൂടാണ്. അതിനു തൊട്ടുമുമ്പുള്ള മൂന്ന് ദിവസങ്ങളില്‍ പാലക്കാട് 39 രേഖപ്പെടുത്തിയിരുന്നു. സാധാരണ ഏപ്രില്‍, മേയ് മാസങ്ങളിലാണ് ചൂട് കനക്കാറുള്ളത്. ഇത്തവണ ഫെബ്രുവരി പകുതി പിന്നിട്ടപ്പോഴേക്കും സംസ്ഥാനത്ത് പലയിടത്തും ഉയര്‍ന്ന താപനില 38 ഡിഗ്രി കടന്നു.

2019 ഫെബ്രുവരി മുതല്‍ എല്‍നിനോ പ്രതിഭാസം ആരംഭിക്കുമെന്നും. ഇത് ലോകത്തിന്റെ ചിലഭാഗങ്ങളില്‍ പേമാരിക്കും പ്രളയത്തിനും കാരണമാകുമെന്നും, ചില സ്ഥലങ്ങളില്‍ കടുത്ത വരള്‍ച്ചയുണ്ടാക്കുമെന്നുമാണ് ഐക്യരാഷ്ട്രസഭ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പറയുന്നത്. പസഫിക്ക് സമുദ്രത്തിലുണ്ടാകുന്ന താപവ്യതിയാനങ്ങളെയാണ് എല്‍ നിനോ എന്ന് വിളിക്കുന്നത്. സമുദ്രജലം ചൂട് പിടിക്കുന്ന പ്രതിഭാസം മൂന്നുമുതല്‍ ഏഴ് വരെ വര്‍ഷം നീളുന്ന ഇടവേളകളിലാണ് ശാന്തസമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശത്ത് രൂപപ്പെടുക.
2015–16 കാലത്ത് എല്‍ നിനോ അനുഭവപ്പെട്ടിരുന്നു. ഇന്ത്യയില്‍ ഏറ്റവും കുറവ് മണ്‍സൂണ്‍ രേഖപ്പെടുത്തിയ വര്‍ഷങ്ങളില്‍ ഒന്നായിരുന്നു അത്. ചിലപ്രദേശങ്ങളില്‍ വരള്‍ച്ചയും മറ്റുചിലയിടത്ത് പേമാരിയുമായി വ്യത്യസ്ത പ്രത്യാഘാതമാണ് എല്‍നിനോ സൃഷ്ടിക്കുക. തിരുവനന്തപുരത്ത് 1995 ഡിസംബര്‍ 12 ന് 35.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തുകയുണ്ടായി. അന്ന് പാലക്കാട് താപനില 41.9 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരുന്നു. ഇക്കഴിഞ്ഞദിവസവും തിരുവനന്തപുരത്ത് 38.1 ഡിഗ്രി ചൂട് രേഖപ്പെടുത്തിയപ്പോള്‍ പാലക്കാട് 39 ആയി. ഗള്‍ഫ് പോലുള്ള വരണ്ടുണങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴയാണ് 2015–16 ലെ ഈ പ്രതിഭാസം സൃഷ്ടിച്ചത്. 2019 ലെ എല്‍ നിനോ മുമ്പ് ഉണ്ടായതിനേക്കാള്‍ രൂക്ഷമായിരിക്കും എന്ന് ഗവേഷകര്‍ പറയുന്നില്ലെങ്കിലും ഇന്ത്യയിലെ മണ്‍സൂണില്‍ 20 മുതല്‍ 80 ശതമാനം വരെ മഴക്കുറവ് അനുഭവപ്പെട്ടേക്കാമെന്ന് സൂചനയുണ്ട്. ഉത്തരേന്ത്യയില്‍ കടുത്ത ചൂടു കാറ്റിനും ഇന്ത്യയുടെ പല ഭാഗങ്ങളിലും കൊടും വരള്‍ച്ചയ്ക്കും എല്‍ നിനോ കാരണമായേക്കാം എന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തില്‍ ഫെബ്രുവരിയില്‍ കാണുന്ന കനത്ത ചൂട് എന്നാണ് കാലാവസ്ഥ വിദഗ്ദര്‍ പറയുന്നത്.

ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 21 വരെ സൂര്യ രശ്മികള്‍ നേരിട്ട് പതിക്കുന്ന കാലയളവാണ്. അതേസമയം സംസ്ഥാനത്ത് ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി പകുതിവരെ ലഭിക്കേണ്ട മഴയില്‍ 33 ശതമാനം കുറവാണ് പെയ്തത്. വരണ്ട അന്തരീക്ഷം, മഴയുടെ കുറവ്, എന്നിവക്ക് പുറമേ വരണ്ട വടക്കുകിഴക്കന്‍ കാറ്റ് കേരളത്തിലേക്ക് എത്തുന്നതും ചൂട് കൂടാന്‍ കാരണമായി. എല്‍നിനോ പ്രതിഭാസം സജീവമാകുന്നതോടെ കേരളമുള്‍പ്പെടെ ഇന്ത്യന്‍ തീരത്ത് മത്തി(ചാള)ചെറുമത്സ്യങ്ങളുടെ ലഭ്യത കുറയുമെന്നാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആര്‍ഐ പറയുന്നത്. ലഭ്യതയില്‍ കുറവ് വരുന്നതോടെ വിലയും മത്തിയുടെ വര്‍ധിച്ചേക്കുമെന്നാണ് സൂചന.
2012ല്‍ കേരളത്തില്‍ റെക്കോര്‍ഡ് അളവില്‍ മത്തി ലഭിച്ചിരുന്നു. എന്നാല്‍, എല്‍ നിനോയുടെ വരവോടെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഗണ്യമായ കുറവുണ്ടായി. 2015ല്‍ എല്‍നിനോ തീവ്രതയിലെത്തിയതിനെ തുടര്‍ന്ന് 2016 ല്‍ മത്തിയുടെ ലഭ്യത വന്‍തോതില്‍ കുറഞ്ഞു. എല്‍നിനോയുടെ ശക്തി കുറഞ്ഞതോടെ 2017ല്‍ മത്തിയുടെ ലഭ്യതയില്‍ വര്‍ധനവുണ്ടായി. ഇത്തവണ വീണ്ടും മതസ്യലഭ്യതകുറയാനാണ് സാധ്യത. മനുഷ്യരുടെ ഇടപെടല്‍ മൂലമുണ്ടായ കാലാവസ്ഥാ വര്‍ധനവാണ് എല്‍ നിനോ പ്രതിഭാസം വര്‍ധിക്കുന്നതിനു കാരണമായതെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.