ഹരിത കേരളം മിഷന്റെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും കോട്ടയം ജില്ലാ പഞ്ചായത്തിന്റെയും ഏകോപന പ്രവര്‍ത്തനങ്ങളിലൂടെ പ്രകൃതിസൗഹൃദമായി മാറിയിരിക്കുകയാണ് സര്‍ക്കാരിന്റെ മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രം. ആധുനിക സംവിധാനങ്ങളോടു കൂടിയ ലെയര്‍ ബ്രീഡര്‍ ഫാം ആന്‍ഡ് ഹാച്ചറി സമുച്ചയങ്ങളും ഉള്‍പ്പെടുത്തി വികസന മാതൃകകള്‍ സൃഷ്ടിക്കുമ്പോഴും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജൈവസമ്പത്ത് തിരികെ പിടിക്കുകയാണ് ഫാം അധികൃതരും ജീവനക്കാരും.
ഹരിത കേരളം മിഷന്റെ പച്ചതുരുത്ത് പദ്ധതിയുടെ ഭാഗമായി വെറ്റിനററി ഡിപ്പാര്‍ട്ട്മെന്റുമായി ചേര്‍ന്ന് നടത്തുന്ന ആദ്യത്തെ പരിപാടിയാണ് ഇവിടെ ആവിഷ്കരിച്ചിരിക്കുന്നത്. മാലിന്യ സംസ്കരണം, ജലസംരക്ഷണം, ഭക്ഷ്യ സുരക്ഷ എന്നീ മൂന്നു മേഖലകളുമായി നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് ഫാമിനെ ഹരിത സ്ഥാപനമെന്ന തലത്തിലേക്ക് എത്തിച്ചത്.
ശുചിത്വ മാലിന്യ സംസ്കരണത്തിനായി കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ് ഇതോടൊപ്പം സ്ഥാപനത്തില്‍ രൂപപ്പെടുന്ന മാലിന്യത്തിന്റെ അളവ് കുറച്ച് ജൈവ അജൈവ മാലിന്യങ്ങള്‍ കൃത്യമായി തരംതിരിച്ച് ശാസ്ത്രീയമായി സംസ്കരിച്ചും കോഴി മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനുമുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ജലസംരക്ഷണഭാഗമായി പരമാവധി ജലം പുനരുപയോഗിക്കല്‍ നടത്തുന്നതിനായി മഴവെള്ള സംഭരണി, ജലസ്രോതസ്സുകളെ ജല സമ്പുഷ്ടമാക്കുന്നതിന് അനുയോജ്യമായ 250 മഴക്കുഴികള്‍, മണ്ണ് തീര സംരക്ഷണവുമായി ബന്ധപ്പെട്ട് മണ്ണൊലിപ്പ് നേരിടുന്ന ചരിഞ്ഞ പ്രതലങ്ങളില്‍ കയര്‍ഭൂവസ്ത്രം എന്നിവയും ചെയ്തിട്ടുണ്ട്.
കയര്‍ ഭൂവസ്ത്രത്തിന്റെ ഇഴകളില്‍ കോഴികളുടെ ഇഷ്ട ഭക്ഷണമായ ബഫല്ലോ ഗ്രാസ് ഇനത്തില്‍പെട്ട പുല്ലാണ് ഇവിടെ വച്ച് പിടിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാകുകയാണ് ഇവിടം. ദിനംപ്രതി ഹോര്‍മോണ്‍ കുത്തിവെച്ച കോഴികളെ കുറിച്ച് ആശങ്കപ്പെടുന്നവര്‍ക്ക് അയ്യായിരത്തോളം തനി നാടന്‍ മുട്ടകളും ആയിരക്കണക്കിന് തനി നാടന്‍ ഇറച്ചി കോഴികളെയും പൊതുജനങ്ങള്‍ക്ക് നല്കി ഭക്ഷ്യ സുരക്ഷയും ഉറപ്പാക്കുന്നു. ഫാമിലെ വൈദ്യുതി ആവശ്യങ്ങള്‍ക്കായി 22 കെ ഡബ്ല്യു ശേഷിയുള്ള സോളാര്‍ പാനലും, കോഴികള്‍ക്ക് ആവശ്യമായ 25 അസോള വളര്‍ത്താന്‍ ഉള്ള ടാങ്കുകള്‍, അപൂര്‍വയിനം വൃക്ഷത്തൈകള്‍ കൊണ്ട് നിര്‍മ്മിച്ച പച്ചത്തുരുത്ത് മുള കൊണ്ട് തീര്‍ത്ത ജൈവവേലി, നാട്ടു ചെടികളും പ്രാദേശിക ചെടികളും ഉള്‍പ്പെടുത്തി മനോഹരമായി തീര്‍ത്തിരിക്കുന്ന ശലഭോദ്യാനം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ പച്ചപ്പണിഞ്ഞു നില്‍ക്കുകയാണ് കോഴി ഫാം.
ഏഴ് ഏക്കറോളം വിസ്തൃതിയുള്ള സ്ഥലത്ത് വിവിധ ഇനങ്ങളില്‍ പെട്ട വൃക്ഷലതാദികളും വള്ളിപ്പടര്‍പ്പുകളും കൊണ്ട് കണ്ണിനും മനസ്സിനും ഇമ്പം നല്കുന്ന അന്തരീക്ഷമാണ് ഇവിടെ. പൗള്‍ട്രി ഫാം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ മനോജ്, എം ജി എന്‍ ആര് ജില്ലാ ഓഫീസര്‍ പി എസ് ഷിനോ, ഹരിത കേരളം മിഷന് റിസോഴ്സ് പഴ്സണ്‍സ് അനുപമ, അരുദ്ധതി, സോഷ്യല്‍ ഫോറസറ്റ്ട്രി വിഭാഗം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനം.
English summary: Manarkad Poultry Farm in harmony with nature
You may also like this video: