മാലിദ്വീപിലെ അടിയന്തരാവസ്ഥ

Web Desk
Posted on February 09, 2018, 10:19 pm

അഡ്വ. ജി സുഗുണന്‍

ഉത്തരമധ്യ ഇന്ത്യന്‍മഹാസുദ്രത്തിലെ ദ്വീപുസമൂഹമാണ് മാലിദ്വീപുകള്‍. ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യമാണ് ഇവ. ലക്ഷദ്വീപിന്റെ തെക്കുഭാഗത്തായി ശ്രീലങ്കയില്‍ നിന്നും 700 കിലോമീറ്റര്‍ അകലെയാണ് മാലിദ്വീപുകള്‍. 1192 ചെറുദ്വീപുകള്‍ ചേര്‍ന്നതാണ് ഈ ദ്വീപുസമൂഹം. ഭൂവാമുലാകുവാണ് ഇതില്‍ ഏറ്റവും വലിയ ദ്വീപ്.
1965 ല്‍ ബ്രിട്ടണില്‍ നിന്നും ഈ രാജ്യം സ്വാതന്ത്യം നേടി. 1968 ല്‍ ദേശീയ ഹിതപരിശോധനയിലൂടെ സുല്‍ത്താന്‍ ഭരണം അവസാനിപ്പിച്ചു. ഇബ്രാഹിം നസീറാണ് മാലിദ്വീപിന്റെ ആദ്യ പ്രസിഡന്റ്. 1978ല്‍ മൗമൂണ്‍ അബ്ദുള്‍ ഗെയും പ്രസിഡന്റായി. അതിനുശേഷം മുഹമ്മദ് നഷീദ് ആയിരുന്നു പ്രസിഡന്റ്. പ്രസിഡന്റാണ് രാഷ്ട്രത്തലവന്‍. മാലിദ്വീപിന്റെ പാര്‍ലമെന്റ് മജ്‌ലിസ് എന്ന പേരിലറിയപ്പെടുന്നു. 4.17 ലക്ഷം ജനസംഖ്യയുളള ഈ രാജ്യത്തിന്റെ തലസ്ഥാനം മാലിയാണ്. പ്രധാന മതം ഇസ്‌ലാമും പ്രധാന ഭാഷ ദിവേഹിയുമാണ്. നാണയം റൂഫിയയാണ്. ശ്രീലങ്കയില്‍ നിന്നുള്ള അക്രമികളെ തുരത്താന്‍ ഇന്ത്യന്‍നേവി നടത്തിയ വിജയകരമായ ശ്രമം ഓപ്പറേഷന്‍ കാക്ടസ് എന്ന് പേരില്‍ അറിയപ്പെടുന്നു. മാലിദ്വീപിന്റെ പ്രസിഡന്റിന്റെ അഭ്യര്‍ത്ഥനപ്രകാരം 1988 ലാണ് ഇത് നടന്നത്.
ഏഷ്യയിലെ ഒരു രാജ്യത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്റ് പദവിയില്‍ ഇരുന്ന വ്യക്തിയാണ് ഇവിടുത്തെ പ്രസിഡന്റായിരുന്ന മൗമൂണ്‍ അബ്ദുല്‍ ഗയും. 1978ലാണ് ഇദ്ദേഹം മാലിദ്വീപുകളുടെ പ്രസിഡന്റായത്. 2008 നവംബര്‍ വരെ അദ്ദേഹം ഈ പദവയില്‍ തുടര്‍ന്നു. ചെറിയ രാജ്യമായ മാലിദ്വീപിന്റെ വിസ്തീര്‍ണം 298 ചതുരശ്ര കിലോമീറ്ററാണ്. പവിഴപുറ്റുകളുള്ള മനോഹരബീച്ചുകള്‍ ഇവിടുത്തെ പ്രത്യേകതയാണ്. വെള്ള പവിഴപ്പുറ്റു കടഞ്ഞെടുത്ത് നിര്‍മിച്ച പതിനേഴാം നൂറ്റാണ്ടിലെ കുകുറുമിസ്‌കിഇ (വെള്ളിയാഴ്ച പളളി) വളരെ പ്രസിദ്ധമാണ്. തന്ത്രപരമായ പ്രാധാന്യത്തിലും വാണിജ്യത്തിലും മാലിദ്വീപുകള്‍ ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ ഇന്ത്യക്ക് പ്രധാനപ്പെട്ട രാജ്യമാണ്. ഇന്ത്യയുടെ അന്താരാഷ്ട്ര ചരക്കു ഗതാഗതത്തില്‍ 97 ശതമാനവും കടന്നു പോകുന്നത് ഇതു വഴിയാണ്.
മാലിദ്വീപില്‍ ചൈന നയതന്ത്ര കാര്യാലയം തുറന്നതിനു ശേഷം രാജ്യത്തില്‍ ചൈനയുടെ സ്വാധീനം ദ്രുതഗതിയില്‍ വളരുകയാണ്. പാകിസ്ഥാനെക്കൂടാതെ ചൈനയുമായി സ്വതന്ത്ര വ്യപാര കരാറുള്ള സാര്‍ക്ക് അംഗരാഷ്ട്രം മാലിദ്വീപാണ്.
ചൈനീസ് പ്രസിഡന്റ് ഷിജിന്‍ പിങിന്റെ സന്ദര്‍ശനം ബന്ധത്തിന് കൂടുതല്‍ കുതിപ്പ് നല്‍കി. രാജ്യത്തെ വിനോദസഞ്ചാര വരുമാനത്തിന്റെ പ്രധാന സ്രോതസ് ചൈനയാണ്. ഷിയയുടെ വണ്‍റോഡ് വണ്‍ബെല്‍റ്റ് പദ്ധതിയിലെ സജീവ പങ്കാളിയാണ് മാലിദ്വീപ്. സാര്‍ക്ക് അംഗമായ മാലിദ്വീപ് ചൈനയില്‍ നിന്ന് 700 കിലോമീറ്ററും ഇന്ത്യയുടെ പ്രധാന ഭൂപ്രദേശത്തുനിന്ന് 1200 കിലോമിറ്റര്‍ മാത്രം ദൂരത്തിലാണ്. മാലിദ്വീപില്‍ മതയാഥാസ്ഥിതികത്വം, തീവ്രവാദം, കടല്‍ക്കൊള്ള, കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത് എന്നിവ വര്‍ധിക്കുന്നത് ഇന്ത്യക്ക് ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുക. ഈ രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത ഇന്ത്യക്ക് ആശങ്ക സൃഷ്ടിക്കുന്നതാണ്.
ടൂറിസം പ്രധാന വരുമാന മാര്‍ഗമായ മാലിദ്വീപിന് ഉണ്ടാവാന്‍ സാധ്യതയുള്ള അന്താരാഷ്ട്ര സമര്‍ദ്ദം തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വരുമാനവും വിദേശ തൊഴിലാളികളും മാലിദ്വീപിന്റെ ടൂറിസം രംഗത്ത് നിര്‍ണായകമാണ്. ബ്രിട്ടനില്‍ നിന്ന് മാത്രമായി 2017 ല്‍ മാലിദ്വീപില്‍ ടൂറിസ്റ്റുകളായി എത്തിയത് 1,04,000 പേരാണ്. ചൈനയ്ക്കും ജര്‍മ്മനിക്കും ശേഷം ഏറ്റവും കൂടുതല്‍ ബ്രിട്ടീഷ് ടൂറിസ്റ്റുകള്‍ സഞ്ചരിക്കുന്ന രാജ്യം കൂടിയാണ് മാലിദ്വീപ്. മാലിദ്വീപിലെ രാഷ്ട്രീയ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാവുകയാണ്. രാഷ്ട്രീയ തടവുകാരെ വിട്ടയക്കാനുള്ള മാലി സുപ്രിം കോടതി ഉത്തരവിനെത്തുടര്‍ന്ന് സര്‍ക്കാരും കോടതിയും തമ്മിലുള്ള തര്‍ക്കം വളരെ സങ്കീര്‍ണമായിരിക്കുകയാണ്. പ്രസിഡന്റ് അബ്ദുള്ള യാമിന്‍ 15 ദിവസത്തേക്ക് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഇത് രണ്ടാം തവണയാണ് പ്രസിഡന്റ് അബ്ദുള്ള യാമിന്‍ മാലിദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഇതിനു മുന്‍പ് 2015 ല്‍ തനിക്കു നേരെ വധശ്രമമുണ്ടായപ്പോള്‍ യാമിന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അടിയന്തരാവസ്ഥ നിലവില്‍ വന്നതോടെ സംശയം തോന്നുന്ന ആരെയും തടവില്‍ വയ്ക്കാനുള്ള പൂര്‍ണ അധികാരം പൊലീസിനും സൈന്യത്തിനും ലഭിക്കും.
മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്ന സുപ്രിംകോടതി വിധിയെത്തുടര്‍ന്നാണ് മാലിദ്വീപില്‍ പ്രതിസന്ധി രൂക്ഷമായത്. ഈ വിധി പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യാമിന്‍ സുപ്രിം കോടതി ജഡ്ജിമാര്‍ക്ക് മൂന്നു കത്തുകള്‍ അയച്ചതിനു പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം എത്തുന്നത്.
അടിയന്തരാവസ്ഥ പ്രഖ്യാപനം പാര്‍ലമെന്റിനെ അറിയിക്കുന്നതിനു പോലും പ്രസിഡന്റ് തയ്യാറായില്ല. പ്രസിഡന്റിനെതിരായ ഇംപീച്ചമെന്റ് നീക്കം തടയാന്‍ പാര്‍ലമെന്റ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. കോടതി ഉത്തരവ് അനുസരിക്കാന്‍ പ്രസിഡന്റ് അബ്ദുള്ള യാമിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും, രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും ലോകരാജ്യങ്ങളെ അഭിസംബോധന ചെയ്യുന്ന കത്തില്‍ പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം കോടതി ഉത്തരവ് നടപ്പിലാക്കില്ലെന്ന തീരുമാനത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍. ഭീകരവാദം, അഴിമതി, രാജ്യദ്രോഹം എന്നീ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിക്കുന്നതില്‍ ആശങ്ക ഉള്ളതുകൊണ്ടാണ് ഉത്തരവ് നടപ്പാക്കാത്തത് എന്നാണ് ഒരു ഗവണ്‍മെന്റ് വക്താവ് പറഞ്ഞത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മാലിദ്വീപില്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ള രണ്ട് ജഡ്ജിമാരും പ്രതിപക്ഷനേതാവും അറസ്റ്റിലായിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അബ്ദുള്ള സയിദ്, ജസ്റ്റിസ് അലി ഹമീദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിപക്ഷനേതാവും മുന്‍ പ്രസിഡന്റുമായ മൗമുന അബ്ദുല്‍ ഖയിമിനെയും ജാമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ പരിഹരിക്കുവാന്‍ ഇന്ത്യ സൈനികമായി ഇടപെടണമെന്ന് യുഎസില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിനായി സൈന്യത്തെ അയയ്ക്കണമെന്ന് മാലിദ്വീപിലെ ജനങ്ങള്‍ക്ക് വേണ്ടി അഭ്യര്‍ത്ഥിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ന്യായാധിപന്‍മാരെയും രാഷ്ട്രീയ നേതാക്കളെയും ഉടന്‍ മോചിപ്പിക്കണെന്നും മുന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
മാലിദ്വീപിലെ അനിശ്ചിത സാഹചര്യം കണക്കിലെടുത്ത് അവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യാക്കാര്‍ക്ക് കേന്ദ്ര വിദേശ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാലിദ്വീപിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇന്ത്യ, ചൈന, ഓസ്‌ട്രേലിയ, യു എസ്, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയവയെല്ലാം ആശങ്ക രേഖപ്പെടുത്തിയിട്ടുമുണ്ട്. സൈനിക ഇടപെടലിലൂടെ ഇന്ത്യ പ്രശ്‌നം പരിഹരിക്കണമെന്നാണ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് അഭിപ്രായപ്പെട്ടിട്ടുള്ളത്. എന്നാല്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും സൈനിക ഇടപെടല്‍ പ്രതിസന്ധി രൂക്ഷമാക്കുമെന്നുമാണ് ചൈനയുടെ പ്രതികരണം. ദ്വീപ് രാഷ്ട്രത്തിലെ ആഭ്യന്തര പ്രശ്‌നമാണിത്. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര പ്രശ്‌നത്തില്‍ തങ്ങള്‍ ഇടപെടുകയില്ലെന്ന് ചൈന വ്യക്തമാക്കി.
മാലിദ്വീപ് പ്രതിസന്ധി, ഇന്ത്യ ചൈന സംഘര്‍ഷം വര്‍ദ്ധിപ്പിക്കുമെന്നും നിരീക്ഷണമുണ്ട്. 2500 ഓളം ഇന്ത്യാക്കാര്‍ മാലിദ്വീപിലുണ്ട്. വിദ്യാഭ്യാസം, ചികിത്സ, വ്യാപാരം എന്നീരംഗങ്ങളിലും ഇന്ത്യയുടെ ആകര്‍ഷകകേന്ദ്രമാണിത്. 1965 ല്‍ രാജ്യം സ്വതന്ത്രമായപ്പോള്‍ മാലിദ്വീപിനെ ആദ്യം അംഗീകരിച്ചത് ഇന്ത്യയാണ്. എന്നാല്‍ മാലിദ്വീപിലെ സാമ്പത്തിക രംഗത്ത് ഇന്ത്യയെക്കാള്‍ കൂടുതല്‍ സ്വാധീനം ചൈനയ്ക്കാണ്. 2017 ല്‍ മൂന്ന് ലക്ഷം വിനോദസഞ്ചാരികളെയാണ് ചൈന അവിടേക്ക് അയച്ചത്. ഇത് കുറച്ചൊന്നുമല്ല നമ്മുടെ രാജ്യത്തെ അസ്വസ്ഥമാക്കുന്നത്.
മാലിദ്വീപിലെ രാഷ്ട്രീയ രംഗം കലങ്ങിമറിയുകയാണ്. രാജ്യത്തെ ഉന്നത നീതിപീഠത്തിലെ ജഡ്ജിമാര്‍ തന്നെ സര്‍ക്കാരിന് മുമ്പില്‍ മുട്ടുമടക്കുന്ന ചിത്രമാണ് ഒടുവില്‍ വന്നിരിക്കുന്നത്. രാഷ്ട്രീയ അരക്ഷിതാവസ്ഥ മൂര്‍ദ്ധന്യത്തിലെത്തിനില്‍ക്കെ മാലിദ്വീപ് സുപ്രിംകോടതി ഭരണകൂടത്തിന് മുമ്പില്‍ നിര്‍ലജ്ജം അടിയറവ് പറഞ്ഞിരിക്കുന്നു. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവു വരുത്താനെന്ന് കാണിച്ച് സുപ്രീംകോടതി ഒന്‍പത് ഉയര്‍ന്ന രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്ന ഉത്തരവ് ഒടുവില്‍ പിന്‍വലിക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് അബ്ദുള്ള സയിദ്, ജഡ്ജി അലി ഹമീദ് എന്നിവരെ പ്രസിഡന്റ് അബ്ദുള്ള എമീന്റെ നിര്‍ദ്ദേശപ്രകാരം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഈ ഉത്തരവ് പിന്‍വലിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസും മറ്റൊരു മുതിര്‍ന്ന ജഡ്ജിയും അറസ്റ്റിലായതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം മൂന്ന് പ്രധാന ജഡ്ജിമാര്‍ ചേര്‍ന്ന് ഒന്‍പത് രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്ന ഉത്തരവ് പിന്‍വലിച്ചതായി അറിയിച്ചത്. രാജ്യത്തിന്റെ പ്രസിഡന്റിന്റെ താല്‍പര്യാര്‍ത്ഥമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. എന്തായാലും രാജ്യത്ത് ഉന്നത നീതിപീഠംപോലും ഭരണാധികാരികള്‍ക്ക് മുമ്പില്‍ മുട്ടുമടക്കി നീതിനിക്ഷേധം നടപ്പാക്കാന്‍ തയ്യാറായ ചിത്രമാണ് അവിടെ നിന്നും ഒടുവില്‍ വന്നിരിക്കുന്നത്.
മാലിദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇന്ത്യ വലിയ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥിതി ഗതികള്‍ തങ്ങള്‍ നിരീക്ഷിക്കുകയാണെന്നാണ് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചത്. മാലിയിലെ അടിയന്തരാവസ്ഥയില്‍ ആകുലതയുണ്ടെന്നാണ് വ്യക്തമാക്കിയതെങ്കിലും നേരിട്ടുളള ഇടപെടലിന്റെ സൂചനകള്‍ ഇനിയും ഇന്ത്യ നല്‍കിയിട്ടില്ല.
എന്തായാലും ഈ അനിശ്ചിതാവസ്ഥയില്‍ മാലിദ്വീപും ലോകവും ഇന്ത്യയെ ഉറ്റുനോക്കുന്നുണ്ടെന്നുള്ളത് ഒരു വസ്തുതയാണ്. പ്രസിഡന്റ് യമീനും ഇന്ത്യയും തമ്മില്‍ ചില്ലറ അഭിപ്രായ വ്യത്യാസങ്ങള്‍ നിലവിലുണ്ട്. അതിന്റെ പേരില്‍ രാജ്യത്തിന്റെ ആഭ്യന്തര പ്രശ്‌നത്തില്‍ ഇന്ത്യയ്ക്ക് ഇടപെടാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇന്ത്യ മാലിയില്‍ ഇടപെട്ടാല്‍ അതിനെതിരായി ശക്തമായി പ്രതികരിക്കാന്‍ ചൈനയും പാകിസ്ഥാനും രംഗത്ത് വരുമെന്നുള്ള കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. അതുകൊണ്ട് തന്നെ വളരെ സൂക്ഷിച്ചും കരുതലോടും കൂടി മാത്രമേ മാലിദ്വീപില്‍ ഇടപെടാന്‍ രാജ്യത്തിന് കഴിയുകയുള്ളൂ.
ഇന്ത്യയുടെ തൊട്ടടുത്തുള്ളതും എല്ലാ നിലയിലും ഇന്ത്യയുമായി ബന്ധപ്പെട്ടുകിടക്കുന്നതുമായ മാലിയിലെ പ്രശ്‌നങ്ങള്‍ ഈ രാജ്യത്തിന് തലവേദനയാണെന്നുള്ള കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഇന്ത്യന്‍ ഉപഭൂഖണ്ഠത്തിലെ ഈ രാജ്യത്തെ ജനാധിപത്യം നിലനില്‍ക്കേണ്ടത് എല്ലാ നിലയിലും നമ്മുടേയും ആവശ്യമാണ്. മാലിയിലെ ജനാധിപത്യം എല്ലാ നിലയിലും വലിയ വെല്ലുവിളി നേരിടുകയാണ്. അതുകൊണ്ട് തന്നെ ആ രാജ്യത്തെ ജനാധിപത്യം നിലനിര്‍ത്താനുള്ള നീക്കങ്ങളില്‍ മററു രാജ്യങ്ങളോടൊപ്പം ഇന്ത്യയ്ക്കും സഹകരിക്കേണ്ടതായി വരും. നേരിട്ടുള്ള ഇടപെടല്‍ ഇക്കാര്യത്തില്‍ അസാധ്യവുമാണ്. ഈ ഉപഭൂഖണ്ഠത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വളരെ ഗൗരവമായി വിലയിരുത്തിക്കൊണ്ട് മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും ഒരു തീരുമാനമെടുക്കാന്‍ ഇന്ത്യക്ക് സാധിക്കുകയുമുള്ളൂ.

(ലേഖകന്‍ സിഎംപി
പോളിറ്റ്ബ്യൂറോ അംഗമാണ്)