ദുരന്തബാധിതര്‍ക്ക് 10,000 രൂപ അടിയന്തര ധനസഹായം; വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം

Web Desk
Posted on August 14, 2019, 12:21 pm

തിരുവനന്തപുരം: ദുരന്തബാധിതകര്‍ക്ക് അടിയന്തിര ധനസഹായമായി 10,000 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പഞ്ചായത്ത് സെക്രട്ടറിയും വില്ലേജ് ഓഫീസറും ചേര്‍ന്ന് ദുരിതബാധിതരുടെ പട്ടിക തയാറാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരിതബാധിതര്‍ക്ക് അടിയന്തിര സഹായമായി 15 കിലോ അരി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കാലവര്‍ഷക്കെടുതിയില്‍ മരിച്ചവര്‍ക്ക് മാനദണ്ഡപ്രകാരം നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരിതബാധിരുടെ അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കണമെന്ന് ബാങ്കേഴ്‌സ് സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം കൈമാറുന്നതിന് എക്‌സ്‌ചേഞ്ച് നിരക്ക് ഈടാക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.