Friday
06 Dec 2019

എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം പ്രവര്‍ത്തനം തുടങ്ങി: പൊലീസ് ജനങ്ങള്‍ക്കൊപ്പം: മുഖ്യമന്ത്രി

By: Web Desk | Friday 16 August 2019 9:00 AM IST


തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലെന്നപോലെതന്നെ ഇപ്പോഴത്തെ വെള്ളപ്പൊക്കസമയത്തും കേരള പോലീസ് കാഴ്ചവെച്ചത് മഹത്തായ രക്ഷാപ്രവര്‍ത്തനമായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരന്ത മേഖലകളില്‍ മറ്റ് ഏജന്‍സികളോടൊപ്പം കേരള പോലീസ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം സംവിധാനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റയും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ പൊതുജനങ്ങള്‍ക്ക് അടിയന്തിര സഹായം ലഭ്യമാക്കുന്നതിനുള്ള സംവിധാനത്തിന് ഏകീകൃത സ്വഭാവം കൈവരികയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത് കേരളാ പോലീസിന്റെ ജനമൈത്രിയുടെ മുഖമാണ് കാണിക്കുന്നത്. ജനങ്ങളോടൊപ്പം എല്ലാ കാര്യത്തിനും പോലീസ് ഉണ്ടെന്ന സന്ദേശമാണ് ഈ സംവിധാനത്തിന്റെ ഫലപ്രാപ്തിയിലൂടെ പോലീസ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കകാലത്ത് കേരളാ പോലീസ് നടത്തിയ രക്ഷാദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പുസ്തകം ഏതാനും മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പ്രളയകാലത്ത് നല്‍കിയ സേവനത്തിന് അവരെ ആദരിക്കുകയാണ് ഇതുവഴി പോലീസ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് അഭിനന്ദനം രേഖപ്പെടുത്തുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിന്റെ സേവനം വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്തൊട്ടാകെ ലഭ്യമായിത്തുടങ്ങി. 112 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചാല്‍ എത്രയും പെട്ടെന്ന് സഹായം ലഭ്യമാക്കാന്‍ കഴിയുന്ന രീതിയിലാണ് ഇതിന്റെ കണ്‍ട്രോള്‍ റൂം തയ്യാറാക്കിയിരിക്കുന്നത്. അടിയന്തിരസഹായം ലഭ്യമാക്കുന്നതിന് രാജ്യവ്യാപകമായി ഒറ്റനമ്പര്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേരളത്തിലും ഈ സംവിധാനം നിലവില്‍ വന്നത്. പുതിയ സംവിധാനത്തില്‍ ഇത്തരം എല്ലാ ആവശ്യങ്ങള്‍ക്കും 112 എന്ന ടോള്‍ഫ്രീ നമ്പര്‍ ഡയല്‍ ചെയ്താല്‍ മതിയാകും. പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമാന്‍ഡ് സെന്ററില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ ക്രോഡീകരിക്കുന്നത് സാങ്കേതിക പരിജ്ഞാനവും ഭാഷാപ്രാവീണ്യവുമുള്ള പോലീസുദ്യോഗസ്ഥരാണ്.

സഹായം തേടി വിളിക്കുന്നത് എവിടെ നിന്നാണെന്ന് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കമാന്‍ഡ് സെന്ററിന് മനസ്സിലാക്കാനാകും. ജില്ലകളിലെ കണ്‍ട്രോള്‍ സെന്ററുകള്‍ മുഖേന കണ്‍ട്രോള്‍ റൂം വാഹനങ്ങളെ ഈ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഉടനടി തന്നെ പോലീസ് സഹായം ലഭ്യമാക്കാനും കഴിയും.
112 ഇന്ത്യ എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ചും കമാന്‍ഡ് സെന്ററിന്റെ സേവനം ഉപയോഗപ്പെടുത്താം. ഈ ആപ്പിലെ പാനിക്ക് ബട്ടന്‍ അമര്‍ത്തിയാല്‍ പോലീസ് ആസ്ഥാനത്തെ കമാന്‍ഡ് സെന്ററില്‍ സന്ദേശം ലഭിക്കും. അവിടെനിന്ന് തിരിച്ച് ഈ നമ്പറിലേക്ക് വിളിച്ച് ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും. സിഡാക്ക് ആണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.

YOU MAY LIKE THIS VIDEO ALSO

Related News