ഡി രാജ

October 24, 2020, 4:00 am

വളർന്നുവരുന്ന ലോകക്രമവും ഇന്ത്യയും

Janayugom Online

ധുനിക ചരിത്രത്തിലെ ഏറ്റവും കഠിനമായ ആരോഗ്യപ്രതിസന്ധിയുമായി ലോകം പോരാടുമ്പോൾ, മറ്റ് ചില ദീർഘകാല പ്രശ്നങ്ങളും തലപൊക്കുന്നുണ്ട്. രോഗം, ദുരിതങ്ങൾ, കടുത്ത മാനസികാഘാതം, വൻതോതിലുള്ള തൊഴിലില്ലായ്മ എന്നിവയാൽ ലോകജനസംഖ്യയാകെ വലഞ്ഞിരിക്കുമ്പോഴും ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ പിരിമുറുക്കവും വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഇസ്രായേലിന്റെ പദ്ധതികളും ആഗോള ശാക്തിക ബലതന്ത്രത്തെക്കുറിച്ചുള്ള ചർച്ചകളെ മുന്നിലെത്തിച്ചു.

ഇന്ത്യ‑ചൈന അതിർത്തിയിൽ ലഡാക്കിന്റെ പടിഞ്ഞാറൻ മേഖലയിലെ സംഘർഷം ഇരുഭാഗത്തും ജീവൻ നഷ്ടപ്പെടുത്തുകയും ഏഷ്യയിലെ രണ്ട് വൻ അയൽരാജ്യങ്ങൾ തമ്മിലുള്ള പരിഹരിക്കപ്പെടാത്ത സംഘർഷങ്ങളെ തുറന്നുകാട്ടുകയും ചെയ്തു. ഡൊണാൾഡ് ട്രംപിന്റെ പിന്തുണയോടെ വെസ്റ്റ് ബാങ്ക് അധീനപ്പെടുത്താനുള്ള ഇസ്രായേലിന്റെ ഇപ്പോഴത്തെ പദ്ധതി പലസ്തീനികളെ കുടിയിറക്കാനും അധികാരമില്ലാത്തവരാക്കുന്നതിനുമുള്ള തുടർച്ചയായ നടപടികളിലെ പുതിയ സംഭവമായിരുന്നു. ഈ രണ്ടു സംഭവങ്ങളും ആഗോള ശാക്തിക ബലതന്ത്രങ്ങളെ നിരീക്ഷിക്കുന്നതിന് വഴിയൊരുക്കുന്നവയാണ്.

1990കളിൽ സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിന് ശേഷം ഫുക്കുയാമയെ പോലുള്ള അമിതോത്സാഹികളായ വ്യാഖ്യാതാക്കൾ ചരിത്രം അവസാനിച്ചുവെന്ന് പ്രഖ്യാപിക്കുകയും ആഗോള രാഷ്ട്രീയ ഘടനയിൽ അപ്രധാനവും അപ്രസക്തവുമായി പ്രത്യയശാസ്ത്രം മാറിയെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു. ശീതയുദ്ധാനന്തരം ഉണ്ടായെന്ന് സങ്കല്പിതമായ ഏകധ്രുവലോകക്രമത്തിൽ ലോകപൊലീസും എല്ലാ ആഗോളസംവിധാനങ്ങളുടെയും തലവനുമായി യുഎസ്എ നടിച്ചതോടെ ആഗോളതലത്തിൽ അനിഷേധ്യമായ മുതലാളിത്ത മുന്നേറ്റത്തിന് ഇടയാക്കി. എന്നിരുന്നാലും ഈ അവകാശവാദങ്ങൾ സമർത്ഥിക്കാനാവുന്നതല്ലെന്ന് അപ്പോഴത്തെയും ഇപ്പോഴത്തെയും സംഭവങ്ങൾ ഗൗരവത്തോടെ പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്. 9/11 ന്റെ ഭീകരാക്രണം യുഎസിനെയും സഖ്യകക്ഷികളെയും ഇപ്പോഴും വേട്ടയാടുന്നുണ്ട്. കൂടാതെ പാരമ്പര്യേതര കടന്നാക്രമണ ഭീഷണി, സുരക്ഷ, യുദ്ധം, ആധുനികത എന്നിങ്ങനെ കൊട്ടിഘോഷിക്കപ്പെട്ട നിലവിലുള്ള കാഴ്ചപ്പാടുകൾക്ക് വെല്ലുവിളി ഉയർത്തുകയും ചെയ്തു. ലോകപൊലീസുകാരൻ മറ്റ് രാജ്യങ്ങളോട് സഹായം ചോദിക്കുകയും അഭ്യർത്ഥിക്കുകയും ചെയ്യുന്ന കാഴ്ചയാണുണ്ടായത്. 2008ലുണ്ടായ ആഗോള സാമ്പത്തിക മാന്ദ്യം നവഉദാരവൽകൃത ലോകക്രമത്തിന്റെ യാഥാർത്ഥ്യങ്ങൾ നിശിതമായി തുറന്നു കാട്ടിയതുമായിരുന്നു. വായ്പയ്ക്കും ചൂഷണത്തിനുമായി നിലക്കൊണ്ടിരുന്ന പാശ്ചാത്യ ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളും മുതലാളിത്തത്തിന്റെ അനിവാര്യയുക്തിയെന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്ന കുതിച്ചുചാട്ടത്തിന് മുന്നേതന്നെ തകർന്നടിഞ്ഞു.

ഈ പ്രതിസന്ധി ആയിരക്കണക്കിന് തൊഴിലില്ലാത്തവരെയും നിരാലംബരെയും സൃഷ്ടിച്ചു. ലോകത്തിലെ ഏറ്റവും വലിയ ധനകാര്യ കോർപ്പറേഷനുകളിൽ ചിലതിനെ രക്ഷിക്കുന്നതിനായി സർക്കാരുകൾക്ക് പൊതു പണം വിനിയോഗിക്കേണ്ടിവന്നു. ഇതിന്റെ ഫലമായി ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കേണ്ടിവന്നത്. സാമ്പത്തിക രംഗത്ത് ചൈനയുടെയും ഇന്ത്യയുടെയും വളർച്ച എന്നതുൾപ്പെടെയുള്ള ആഗോള യാഥാർത്ഥ്യങ്ങൾ അംഗീകരിക്കുക, ഉത്തരവാദിത്തങ്ങൾ പങ്കുവയ്ക്കുക എന്നിവയുടെ പ്രധാന്യം പാശ്ചാത്യലോകം വളരെ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. ലോകത്തിന്റെ സാമ്പത്തികഗതി തീരുമാനിക്കുന്നതിനായി സമ്പന്ന രാജ്യങ്ങളിലെ വരേണ്യ വിഭാഗമായ ജി — എട്ട് രാജ്യങ്ങൾക്കു പകരം നവ ഉദാരവല്കൃത ചട്ടക്കൂടിലാണെങ്കിലും ജി-20 സ്ഥാപിക്കപ്പെട്ടു. അധികാരം പങ്കുവയ്ക്കാനും ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിയാനുമുള്ള ഒരു ക്രമീകരണമായിരുന്നു ഇത്. ലോകത്തെ മിക്കവാറും എല്ലാ ദരിദ്ര — പാർശ്വവല്കൃത രാജ്യങ്ങളും തീരുമാനമെടുക്കൽ നടപടികളിൽ നിന്ന് പുറത്തുനില്ക്കുകയും എല്ലാവർക്കും നല്ലത് എന്താണെന്ന് സമ്പന്നർതന്നെ തീരുമാനിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി.

സുസ്ഥാപിതമായ ഈ സംവിധാനവും ഇപ്പോൾ പല കാരണങ്ങളാൽ പ്രതിസന്ധിയിൽപ്പെട്ടിരിക്കുകയാണ്. ലോകത്തിന്റെ നിർമ്മാണശാലയായി മാറിയ ചൈനയുടെ വളർച്ച പല വ്യവസ്ഥാപിത പാശ്ചാത്യ രാജ്യങ്ങളുടെയും സ്ഥിതി അരക്ഷിതമാക്കി മാറ്റി. തുടർന്ന് യുഎസും ചൈനയും തമ്മിൽ, ജനങ്ങളുടെയോ പരിസ്ഥിതിയുടെയോ യഥാർത്ഥ താല്പര്യങ്ങൾ പരിഗണിക്കാതെയുള്ള വ്യാപാര — തന്ത്ര പരമായ യുദ്ധത്തിന് വഴിവച്ചു. ഇത് ലോകത്തെ ഭൂരിഭാഗത്തിനും ആഗോള ജനസംഖ്യയ്ക്കും വിനാശകരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കാൻ പോകുന്നത്. യുഎസും ചൈനയുമായി വികസിക്കുന്ന ഇരുധ്രുവ ലോകക്രമത്തിൽ ഇന്ത്യ ഏത് വഴി സ്വീകരിക്കുമെന്നതാണ് നമ്മെ സംബന്ധിച്ച് പ്രത്യേക പ്രസക്തിയുള്ളത്. ഈ സാഹചര്യങ്ങൾ പുതിയതല്ലെങ്കിലും അതിന്റെ പ്രത്യാഘാതങ്ങൾ ആഴത്തിലുള്ളതായിരിക്കും. ബ്രിട്ടീഷ് കോളനിവാഴ്ചയിൽനിന്ന് മോചനം നേടിയ ഘട്ടത്തിലും അതേ ചോദ്യം നാം നേരിടുകയുണ്ടായി. പക്ഷേ ഇന്ത്യ ശീതയുദ്ധ താവളത്തിലേയ്ക്കു വലിച്ചിഴക്കപ്പെടുന്നതിനെ ചെറുക്കുകയും ചേരിചേരാ വിദേശനയം സ്വീകരിക്കുകയും കോളനികളായി നിലനില്ക്കുകയും കോളനികളല്ലാതായി മാറുകയും ചെയ്ത രാജ്യങ്ങൾക്കുവേണ്ടി നിലക്കൊള്ളുകയും ചെയ്തു. അതെന്തായാലും സമീപനാളുകളിൽ കേന്ദ്ര സർക്കാരിന്റെ വിദേശനയ മുൻഗണനകൾ കൂടുതൽ യുഎസിനോട് ചായ്വുണ്ടാകുന്ന വിധത്തിലാവുകയും നവ ഉദാരവല്കൃത ചട്ടക്കൂടിനോട് പ്രതിബദ്ധത പ്രകടിപ്പിക്കുന്നതാവുകയും ചെയ്തിട്ടുണ്ട്. ഈ നയത്തിന് പ്രത്യക്ഷമായി പ്രായോഗികവും സ്വാഭാവികവുമായ യാതൊരു ന്യായീകരണവുമില്ല. കാരണം ഇന്ത്യൻ താല്പര്യങ്ങളെ അമേരിക്കയുടേതുമായി കൂട്ടിക്കെട്ടുന്നത് വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ഇന്ത്യയെ ആശ്രിതാവസ്ഥയിലാക്കുകയും ചെയ്യും. മോഡിയുടെ അമേരിക്കൻ അനുകൂല നിലപാട് ഇന്ത്യയുടെ ധാർമ്മിക നിലവാരം ഇല്ലാതാക്കുകയല്ലാതെ മറ്റൊന്നും നേടിത്തരുന്നില്ല. ഈ പരിതസ്ഥിതിയിൽ ഇസ്രായേലിനുള്ള പിന്തുണ അമ്പരപ്പിക്കുന്നതും ചേരിചേരാ നയത്തെ കയ്യൊഴിയലുമാണ്. ഏഷ്യയിൽ യുഎസിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ഏഷ്യാ- പസഫിക് മേഖലയിൽ ചൈനയുമായുള്ള ഭിന്നതയിലേയ്ക്ക് ഇന്ത്യയെ വലിച്ചിഴക്കുന്നതിനാണ് യുഎസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നിർണായകമായ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേയ്ക്ക് പോകുന്ന യുഎസിൽ ട്രംപ് വലിയ വെല്ലുവിളികളെയാണ് നേരിടുന്നത്. ഈ ഘട്ടത്തിലാണ് യുഎസ് സെക്രട്ടറി പോംപിയോ ഇന്ത്യയും ചൈനയും തമ്മിൽ നിലനില്ക്കുന്ന സംഘർഷാവസ്ഥയെ സങ്കീർണമാക്കുന്ന പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ഈ മേഖലയിലുള്ള യുഎസിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള കഠിനശ്രമങ്ങളുടെ ഭാഗമല്ലാതെ മറ്റൊന്നല്ല. യുഎസ് മേലാളന്മാരെ പ്രീതിപ്പെടുത്തുന്നതിനായി നടത്തുന്ന ഇടപാടുകളുടെ ആഭ്യന്തരമായുള്ള അനന്തരഫലങ്ങൾ ജീവനോപാധികൾ, കാർഷിക ഭൂമി, തൊഴിലാളി വർഗം പൊരുതി നേടിയ അവകാശങ്ങൾ എന്നിവ നഷ്ടമാകുന്നുവെന്നതാണ്. പരസ്പര ബഹുമാനം, ഉൽകണ്ഠകൾ, സഹകരണം എന്നീ ആശയങ്ങളെയും ജനസംഖ്യാപരമായ ഉൾച്ചേർക്കലിനെയും അടിസ്ഥാനമാക്കിയുള്ള സാർവദേശീയ ബന്ധങ്ങളാണ് ഇന്നത്തെ കാലത്ത് ആവശ്യമായിട്ടുള്ളത്. കോവിഡ് 19 ആരോഗ്യ പ്രതിസന്ധി പാശ്ചാത്യ രാജ്യങ്ങളുടെ വലിയ അവകാശവാദങ്ങളുടെ പാപ്പരത്തമാണ് തുറന്നു കാട്ടിയിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ നിലവിലുള്ള ആരോഗ്യസംവിധാനം സ്വകാര്യവല്കൃതവും അപ്രാപ്യവുമാണെന്നും അതേസമയം സാമൂഹികമായോ പൊതു ഉടമസ്ഥതയിലോ ഉള്ള ആരോഗ്യ പരിപാലന സംവിധാനങ്ങൾ കുറേക്കൂടി മെച്ചപ്പെട്ടതാണെന്നും കോവിഡ് സൃഷ്ടിച്ച സമ്മർദ്ദങ്ങളും മനുഷ്യത്വരഹിതമായ സമീപനങ്ങളും നമ്മെ ബോധ്യപ്പെടുത്തി. സമ്പന്നരുടെ ഖജനാവ് മാത്രം നിറയുന്ന വിധത്തിൽ കയ്പേറിയ വ്യാപാരയുദ്ധങ്ങൾക്കും മനുഷ്യത്വഹീനമായ ഉപരോധങ്ങൾക്കും പകരം പൊതുജനാരോഗ്യത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയാണ് വിഭവങ്ങൾ വിനിയോഗിക്കേണ്ടതെന്ന പ്രശ്നത്തിൽ ലോകമാകെ ഒരുമിക്കേണ്ടതുണ്ട്. രണ്ട് വലിയ സാമ്പത്തിക ശക്തികളും മനുഷ്യ വിഭവശേഷിയുള്ള രാജ്യങ്ങളുമെന്ന നിലയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ഒരുമിച്ച് കൂടുതൽ സംഭാവനകൾ നല്കാനുണ്ട്.

ആഗോള വേദിയിൽ എല്ലാവർക്കും ഇടം നൽകിയാൽ മാത്രമേ സഹകരണത്തിന്റെ ഫലം കൊയ്യാൻ കഴിയൂ. 1990കളിലെ ഏകധ്രുവസങ്കല്പത്തെയും നിലവിലുള്ള സാഹചര്യത്തിൽ കൂടുതൽ രാജ്യങ്ങളെ തങ്ങളുടെ ലക്ഷ്യത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്ന യുഎസ്, ചൈന എന്നിവ ഓരോ ഭാഗത്തുനിന്നുകൊണ്ടുള്ള ഇരുധ്രുവ സങ്കല്പത്തെയും നാം നിരാകരിക്കണം. ഇന്ത്യ അതിന്റെ ചേരിചേരാ നയത്തിൽ ഉറച്ചുനില്ക്കുകയും കൂടുതൽ ഉൾച്ചേരലുണ്ടാകുന്നതും ബഹുധ്രുവവുമായ ലോകക്രമം രൂപപ്പെടുത്തുന്നതിൽ ക്രിയാത്മക പങ്ക് വഹിക്കുകയും വേണം. യുഎസിന്റെ സംഘത്തോട് ചേർന്നു നില്ക്കുന്നത് അവസാനിപ്പിക്കുകയും യുഎസ് സ്വാധീനത്തിൽ നിന്ന് അകന്നുനില്ക്കുകയും ചെയ്തുകൊണ്ട് സ്വതന്ത്രമായ വിദേശനയം പിന്തുടരുകയും ചൈന ഉൾപ്പെടെയുള്ള എല്ലാ അയൽരാജ്യങ്ങളുമായി അർത്ഥപൂർണമായി ഇടപഴകിക്കൊണ്ട് അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നതിലൂടെ ഇതിന് തുടക്കമിടാൻ സാധിക്കുന്നതാണ്. യുഎൻ ജനറൽ അസംബ്ലിയുടെ 75-ാം സമ്മേളനത്തിൽ സമീപകാലത്ത് മോഡി നടത്തിയ പ്രസംഗം അമിതാവേശം പ്രകടിപ്പിക്കുന്നതായിരുന്നു. യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയെ ഉൾപ്പെടുത്തണമെന്ന, പലപ്പോഴും ആവർത്തിച്ചുകൊണ്ടിരിക്കുന്ന ആവശ്യം ഇവിടെയും അദ്ദേഹം ഉന്നയിച്ചു. യുഎൻസുരക്ഷാസമിതിയിലെ ഇന്ത്യൻ അംഗത്വത്തിനുള്ള ആവശ്യം ന്യായീകരിക്കപ്പെടുമ്പോൾതന്നെ ചരിത്രം, വ്യാപ്തി, സമ്പദ്ഘടന, ആഗോള വിഷയങ്ങളിൽ ക്രിയാത്മക പങ്ക് വഹിക്കാനുള്ള സാധ്യത എന്നിവ കണക്കിലെടുത്താൽ നിലവിലെ സാഹചര്യത്തിൽ — പ്രത്യേകിച്ച് അതിർത്തി രാജ്യങ്ങളുമായുള്ള ബന്ധത്തിൽ — ഈ യോഗ്യതയിൽ ഒന്നിലധികം പൊരുത്തക്കേടുകൾക്ക് കാരണമാകുന്നുണ്ട്. ഇന്ത്യ യുഎൻ സുരക്ഷാ സമിതിക്കായുള്ള അവസരം സ്വതന്ത്രമായ കാഴ്ചപ്പാടോടെയും ഇതുവരെ പ്രതിനിധീകരിക്കാത്തതോ വൻകിട രാജ്യങ്ങൾക്കു പുറത്തുള്ളതോ ആയ മറ്റ് രാജ്യങ്ങളെ പ്രതിനിധീകരിക്കാനും ഉപയോഗിക്കാൻ ശ്രമിക്കുകയും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും സാമ്രാജ്യത്വത്തിന്റെ ഫലമായി കഷ്ടപ്പെടുന്നവർക്കുമായി സംസാരിക്കുന്ന പാരമ്പര്യം തുടരുകയും വേണം.

നിർഭാഗ്യവശാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ സ്വീകരിച്ചുപോരുന്ന വിദേശനയം ഐക്യദാർഢ്യത്തെ അടിസ്ഥാനമാക്കിയുള്ള വിശാലവും ഉൾക്കൊള്ളുന്നതുമായ ലോകവീക്ഷണവുമായി പൊരുത്തപ്പെടുന്നില്ല, പകരം ലോകരാജ്യങ്ങളിൽ പാശ്ചാത്യ ആധിപത്യം ശക്തിപ്പെടുത്തുന്നതിന് സഹായകമാകുന്ന യുഎസ്-ഇസ്രായേൽ അവിശുദ്ധ കൂട്ടുകെട്ടുമായി കൂടുതൽ യോജിക്കുന്നതാണ്. ഈ സാഹചര്യത്തിൽ, ലോകത്തിലെ ഏറ്റവും ജനസംഖ്യയും വൻ സമ്പദ്‌വ്യവസ്ഥകളുമുള്ള രണ്ട് രാജ്യങ്ങളെന്ന നിലയിൽ അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനും നിലവിലെ സംഘർഷാവസ്ഥ എത്രയും വേഗം അവസാനിപ്പിക്കുന്നതിനും നിലപാട് സ്വീകരിച്ചുകൊണ്ട് ഇന്ത്യയും ചൈനയും പരസ്പര വിശ്വാസത്തോടെ അർത്ഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടേണ്ടതുണ്ട്. ലോകരാജ്യങ്ങളുടെയാകെ കൂടുതൽ ഉൾച്ചേർക്കലിനും നീതിയുക്തവും സംവേദനക്ഷമവുമായ പരിസ്ഥിതിക്കുവേണ്ടിയും ഇന്ത്യ പരിശ്രമിക്കണം. ഇന്ത്യ ഒരു സ്വതന്ത്ര വിദേശനയം പിന്തുടരുന്നത് രാജ്യത്തിനോ ദക്ഷിണേഷ്യൻ പ്രദേശത്തിനോ മാത്രമല്ല, ലോകത്തിലെ പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കുകൂടി അനിവാര്യമാണ്.