എമിസാറ്റ് ഇന്ന് വിക്ഷേപിക്കും

Web Desk
Posted on April 01, 2019, 8:27 am

ന്യൂഡല്‍ഹി: ഭൂമിയിലെ ശത്രു റഡാറുകളെ കണ്ടെത്താനുള്ള നിരീക്ഷണ ഉപഗ്രഹം എമിസാറ്റ് ഇന്ത്യ ഇന്ന് വിക്ഷേപിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ കരുത്തില്‍ സ്വയം പ്രവര്‍ത്തന ശേഷിയുള്ള അത്യാധുനിക സൈനിക ഉപഗ്രഹമാണ് എമിസാറ്റ്. ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയും ഐഎസ്ആര്‍ഒയും സംയുക്തമായാണ് എമിസാറ്റ് നിര്‍മ്മിച്ചത്. 463കിലോയാണ് ഭാരം. ശത്രുരാജ്യങ്ങളുടെ വളരെ ഉള്ളില്‍ സ്ഥാപിച്ചിട്ടുള്ള റഡാറുകള്‍ കണ്ടെത്തും.

ഇതുവരെ നിരീക്ഷണ വിമാനങ്ങളാണ് ഇതിന് ഉപയോഗിച്ചിരുന്നത്. പിഎസ്എല്‍വി സി 45 റോക്കറ്റിലാണ് എമിസാറ്റടക്കം 29 ഉപഗ്രഹങ്ങളെ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കുക. എമിസാറ്റിനെ 749 കിലോമീറ്റര്‍ ഉയരെയുള്ള ഭ്രമണപഥത്തിലാണ് എത്തിക്കുന്നത്. ഐസ്എസ്ആര്‍ഒയുടെ ചരിത്രത്തിലാദ്യമായി പൊതുജനങ്ങള്‍ക്ക് വിക്ഷേപണ ദൃശ്യം കാണാന്‍ അവസരം നല്‍കുന്നു എന്ന പ്രത്യേകതയും ഈ വിക്ഷേപണത്തിനുണ്ട്.
ശത്രുക്കളുടെ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെയും, മിസൈലുകള്‍ പോലുള്ള ആയുധങ്ങളുടെയും സിഗ്‌നലുകള്‍ പിടിച്ചെടുത്ത്, പ്രതിരോധ നടപടികള്‍ സ്വയം തീരുമാനിച്ച് നടപ്പാക്കുന്ന രീതിയിലാണ് എമിസാറ്റിന്റെ പ്രവര്‍ത്തനം. ഇന്ത്യന്‍ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെ സിഗ്‌നലുകള്‍ പിടിച്ചെടുക്കുന്ന റഷ്യയുടെയോ ചൈനയുടെയോ ചാര ഉപഗ്രഹങ്ങള്‍ക്ക് കൃത്രിമബുദ്ധിയുടെ സാങ്കേതികത്തികവുള്ള എമിസാറ്റിന്റെ സിഗ്‌നലുകള്‍ തിരിച്ചറിയാന്‍ കഴിയില്ല.

എസാറ്റ് മിസൈല്‍ പ്രയോഗിച്ച് ഉപഗ്രഹത്തെ തകര്‍ത്തതിനുശേഷമാണ് ഭൂമിയിലെ ശത്രു റഡാറുകളെ കണ്ടെത്താനുള്ള നീരീക്ഷണ ഉപഗ്രഹമായ എമിസാറ്റ് ഇന്ത്യ വിക്ഷേപിക്കുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്.