Friday
22 Feb 2019

സാങ്കേതികമേഖലയിലെ തൊഴില്‍സമൂഹം

By: Web Desk | Wednesday 11 July 2018 10:53 PM IST

അനീഷ് സക്കറിയ

സാങ്കേതികവിദ്യയുടെ വളര്‍ച്ച ഇന്ന് മനുഷ്യ സമൂഹത്തിന്റെ സമസ്തമേഖലകളെയും സ്വാധീനിച്ചിരിക്കുകയാണ്. മനുഷ്യ പുരോഗതി കാര്‍ഷിക വിപ്ലവത്തിലൂടെ, വ്യാവസായികവിപ്ലവത്തിലേക്കും വിവരസാങ്കേതികവിദ്യയിലേക്കും അതിലൂടെ നാലാം ഇന്റലിജന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) വിപ്ലവത്തിലേക്കും നാം എത്തിക്കഴിഞ്ഞിരിക്കുന്നു. സാങ്കേതികരംഗത്തെ നിര്‍മ്മിതബുദ്ധിയുടെ വികാസം മനുഷ്യപുരോഗതിയുടെ വേഗം പതിന്‍മടങ്ങാക്കിയിരിക്കുന്നു. സാങ്കേതികജ്ഞാനം ഇന്ന് എല്ലാ തൊഴില്‍മേഖലയിലും അനിവാര്യമായ യോഗ്യതയാണ്. ഈ വികസനങ്ങളെല്ലാം മനുഷ്യന്റെ ജീവിത നിലവാരം ഉയര്‍ത്തുമ്പോഴും പല തൊഴില്‍മേഖലകളിലും അനേകായിരം തൊഴിലാളികളെ പട്ടിണിയിലേക്ക് തളളിവിട്ടിട്ടുണ്ട്. എന്നാലും സാങ്കേതികമേഖലയിലുളള വളര്‍ച്ച ഒട്ടനവധി വ്യവസായങ്ങള്‍ തുടങ്ങാനും സേവനങ്ങള്‍ ലഭ്യമാക്കാനും അതുവഴി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിച്ചിട്ടുണ്ട്. നിരന്തര നവീകരണത്തിന് വിധേയപ്പെടുന്നതുകൊണ്ടുതന്നെ ഈ മേഖല
അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതാണ്. അസംഘടിതരായ തൊഴിലാളിസമൂഹം കൊടിയ ചൂഷണത്തിന് ഇരയാക്കപ്പെടുകയാണ്.
ഇന്ത്യയില്‍ ഈ രംഗത്ത് ഏതാണ്ട് 75,000 ഓളം കമ്പനികളും ഒരു കോടിയോളം ജീവനക്കാരും നേരിട്ട് തൊഴിലെടുക്കുമ്പോള്‍, അനുബന്ധ മേഖലയില്‍ പണിയെടുക്കുന്നവര്‍ പത്തിരട്ടിയാണ്. സോഫ്ട്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ ഡിസൈനിങ് മുതല്‍ ഗ്രാഫിക്, വെബ്ഡിസൈനിങ്, കോള്‍സെന്റര്‍, കസ്റ്റമര്‍കെയര്‍, ഡാറ്റാഎന്‍ട്രി, ഡിടിപി, അക്ഷയ, ഇന്റര്‍നെറ്റ്കഫേകള്‍ എന്നീ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുള്‍പ്പെടുന്ന വലിയൊരു വൈരുദ്ധ്യമുളള തൊഴില്‍ സമൂഹത്തെയാണ് ഈ രംഗം ഉള്‍ക്കൊളളുന്നത്. വിശാലമായ തൊഴില്‍ സാധ്യതകള്‍ നാള്‍തോറും രൂപം കൊളളുമ്പോഴുംസ്ഥായിയായ സ്വഭാവമുളളവയോ തൊഴില്‍ സുരക്ഷിതത്വം ഉളളവയോ ആകുന്നില്ല. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകൊണ്ട് ചിലപ്പോള്‍ ഒരു പ്രവര്‍ത്തന മേഖലതന്നെ ഇല്ലാതാകുമ്പോള്‍ മാറ്റങ്ങളും പുതുമകളും നവീകരണങ്ങളും താല്‍പര്യങ്ങളും ദിനംപ്രതി മാറുന്നതുകൊണ്ട് ജീവനക്കാരുടെ ഭാവി തുലാസിലാണ്.
1968-ല്‍ ടാറ്റ കമ്പ്യുട്ടര്‍ സര്‍വ്വീസ് എന്ന കമ്പനിയിലൂടെ രാജ്യത്ത് തുടക്കമിട്ട ഈ വ്യവസായമേഖല ഇന്ന് പ്രതിവര്‍ഷം അന്‍പത് ലക്ഷം കോടിക്ക് മുകളില്‍ വിറ്റുവരവും 21-24 ശതമാനം വളര്‍ച്ചാ നിരക്കും കൈവരിച്ച്, വിവരസാങ്കേതികം എന്ന പേരോടെ രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ ഒന്‍പത് ശതമാനം സംഭാവന ചെയ്യുന്നതിനോടൊപ്പം വിദേശനാണ്യം നേടിയെടുക്കുന്നതിലും വലിയ പങ്കുവഹിക്കുന്നു. വളര്‍ന്നുവരുന്ന ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണവും ചുരുങ്ങിയ വേതനത്തില്‍ വിദ്ഗദ്ധരായ ജീവനക്കാരുടെ ലഭ്യതയുമാണ് ഇന്ത്യയെ ലോകത്തെ പ്രമുഖ ഐ.ടി ഹബ്ബാക്കി മാറ്റിയത്. 5ജിയുടെ കടന്നുവരവും ഇന്റര്‍നെറ്റ് ഓഫ് തിങ്‌സിന്റെ സങ്കേതികവളര്‍ച്ചാ സോഫ്ട്‌വെയറും ഹാര്‍ഡ്‌വെയറും തമ്മിലുളള അകലം കുറയ്ക്കുന്നതും ഈ മേഖലയുടെ വികസനം പ്രവജനാതീതമാക്കും. വിവരസാങ്കേതിക മേഖലയിലെ നിയമനങ്ങളില്‍ 80 ശതമാനവും കരാര്‍വല്‍കൃതമാണ്. പ്രധാനമായും അക്കൗണ്ടുകള്‍/വര്‍ക്ക്ഓര്‍ഡറുകള്‍ എന്നിവയുടെ ലഭ്യതയാണ് നിയമനങ്ങളുടെ അടിസ്ഥാനം. വര്‍ക്ക്ഓര്‍ഡറുകള്‍ കുറയുേേമ്പാള്‍ താല്‍ക്കാലിക നിയമനയധിഷ്ടിത കമ്പനികള്‍ക്ക് ശമ്പളചിലവുകള്‍ നിയന്ത്രിക്കാന്‍ സാധിക്കും എന്നത് സാമ്പത്തിക അടവുനയം. കരാര്‍വല്‍ക്കരണ നയത്തിന്റെ ഉപോല്‍പന്നമാണ് അമിതലാഭ വര്‍ദ്ധനയും തൊഴിലാളിചുഷണവും. വൈവിധ്യമാര്‍ന്ന തൊഴില്‍ സാഹചര്യവും പരിതാപകരമായ തൊഴില്‍ സംസ്‌കാരവും തൊഴില്‍ സംരക്ഷണരാഹിത്യവും തുച്ഛമായ വേതനവ്യവസ്ഥകളും കടുത്ത തൊഴില്‍മത്സരവും പീഡനങ്ങളും തൊഴിലിടങ്ങളെ അസ്വസ്ഥമാക്കിയിരിക്കുന്നു. നൈപുണ്യ വ്യതിയാനവും ജോലിസമയത്തിലെ അന്തരവും ജീവനക്കാര്‍ക്ക് മാനസിക പിരിമുറുക്കത്തിന് കാരണമാക്കുന്നതോടൊപ്പം ഉദ്യോഗാര്‍ത്ഥികളുടെ വര്‍ദ്ധനവും തൊഴില്‍ ദൗര്‍ലഭ്യതയും സര്‍ക്കാര്‍ ഏജന്‍സികളുടെ ശ്രദ്ധക്കുറവും ചൂഷകരുടെ വിളനിലമാക്കിയിരിക്കുന്നു.
ജോലിയില്‍നിന്ന് പുറത്താക്കപ്പെടുന്നവരുടേയും ഉപേക്ഷിച്ചു പോകുന്നവരുടേയും എണ്ണവും കുറവല്ല. സ്ഥാപനങ്ങള്‍ ജീവനക്കാരുടെ മാനസിക, ശാരീരിക, സാമൂഹ്യസാമ്പത്തിക നിലവാരത്തെക്കുറിച്ച് ആകുലപ്പെടാതെ വെറും ഉപഭോക്തൃ ചരക്ക്മാത്രമായി പരിഗണിക്കപ്പെടുന്നു. പ്രവൃത്തി വിലയിരുത്തലുകള്‍ നടത്തുമ്പോള്‍ നൈപുണ്യക്കുറവോ, ലാഭനഷ്ടക്കണക്കോ ചൂണ്ടിക്കാട്ടി മാനുഷിക പരിഗണന പോലും നല്‍കാതെ കേവലം ഒഴിവാക്കല്‍ പ്രക്രിയ നടപ്പിലാക്കുകയാണ്. എന്നാല്‍ ഇത് സര്‍വസാധാരണമാണെന്ന പൊതുനയം മനസാവരിച്ച മഹാഭൂരിപക്ഷവും അവനവന്റെ അടിസ്ഥാന അവകാശങ്ങള്‍ പോലും വിസ്മരിച്ച് സ്വയം ഒഴുവാകുമ്പോള്‍ വിരളമായെങ്കിലും ഉയരുന്ന ചെറു പ്രതിഷേധങ്ങള്‍ പോലും ജീവനക്കാരില്‍ തന്നെയൊതുങ്ങുകയോ തല്ലിക്കെടുത്തപ്പെടുകയോ ചെയ്യപ്പെടുന്നു. 40 വയസിനു മുകളില്‍ ഈ രംഗത്തെ ജീവനക്കാരുടെ എണ്ണം വലിയ കുറവാണെന്ന് ജീവനക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. തീര്‍ത്തും യുക്തിരഹിതമായ കൂട്ടപിരിച്ചുവിടലുകളും ഈ മേഖലയില്‍ വലിയതോതില്‍ നടന്നിട്ടുണ്ട്.
രാജ്യത്തെ സര്‍ക്കാരുകള്‍ ഈ മേഖലയിലെ വികസനം മാത്രമാണ് ലക്ഷ്യം വയ്ക്കുന്നത്. മൂലധന നിക്ഷേപകരുടെ സംരക്ഷണത്തില്‍ സംഘടനകളും എജന്‍സികളും സ്‌പെഷ്യല്‍ ഇക്കണോമിക്ക് സോണുകളും സ്റ്റാര്‍ട്ട്അപ്പ് വില്ലേജുകളും പ്രത്യേകസാമ്പത്തിക പദ്ധതികളുമാണ് അനുവദിച്ചിരിക്കുന്നത്. ഇന്ത്യയിലെ ബിപിഒ ഐടി കമ്പനികളുടെ സംഘടനകളായ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്പനീസ് (നാസ്‌കോം), ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ പ്രൊഡക്ഷന്‍ ഇന്‍ഡസ്ട്രിറൗണ്ട് ടേബില്‍ (ഐഎസ്പിആര്‍ടി) എന്നീ മുതലാളിത്ത സംരക്ഷണ സംഘടനകള്‍ സജീവമാണ്. എന്നാല്‍ ജീവനക്കാരുടെ സാമ്പത്തികസുരക്ഷിതത്വമോ, തൊഴില്‍സംരക്ഷണമോ, ക്ഷേമപദ്ധതികളോ, പരാതി പരിഹാരസംവിധാനങ്ങളോ, ജീവനക്കാരുടെ പ്രശ്‌നങ്ങളെ പറ്റി പഠിക്കാന്‍ കമ്മറ്റികളോ സര്‍ക്കാര്‍ ഇതുവരെ രൂപീകരിച്ചിട്ടില്ല. ഭീഷണിപ്പെടുത്തി കാര്യം സാധിക്കുക എന്ന നയമാണ് ഇത്തരം സ്ഥാപനങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. മനുഷ്യത്വമുഖമില്ലാത്ത നടപടികളെ ചോദ്യംചെയ്യാന്‍ ജീവനക്കാരുടെ കൂട്ടായ്മ അത്യന്താപേക്ഷിതമായിരിക്കുന്നു.
നിലവിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും അര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനും ജീവനക്കാര്‍ക്കായി ശബ്ദമുയര്‍ത്താന്‍ തൊഴിലാളിസംഘടനകള്‍ ഐടി-ബിടി മേഖലയില്‍ അത്യാവശ്യമാണ്. കൂട്ടായ പോരാട്ടങ്ങളിലൂടെ മാത്രമേ അവകാശങ്ങളും ആര്‍ജിത ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ സാധിക്കുകയുളളു. അല്ലാത്തപക്ഷം നിര്‍മ്മിതബുദ്ധിയുടെ ആദ്യ ഇരകളാക്കപ്പെടുന്ന സമൂഹമായിരിക്കും വിവരസങ്കേതിക മേഖലയിലെ ജീവനക്കാര്‍. നിരന്തരം നവീകരണത്തിന് വിധേയപ്പെടുന്ന ഒരു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ നിലനില്‍പ്പുപോലും അനിശ്ചിതത്വത്തിലാകുമ്പോള്‍ തൊഴിലാളിസംരക്ഷണത്തിന് വേണ്ടിയാകണം നാം പോരാടേണ്ടത്. ഈ ലക്ഷ്യത്തോടെയാണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് അലൈഡ് എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐടിഇസി) എന്ന സംഘടന രൂപീകൃതമാകുന്നത്.
അംഗങ്ങള്‍ക്ക് ശരിയായ തൊഴില്‍ സാഹചര്യവും സേവന വേതന വ്യവസ്ഥകളും ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ തൊഴില്‍മേഖലയില്‍ മതിയായ ഇടപെടലുകള്‍ നടത്തുക, ജീവനക്കാരുടെ നൈപുണ്യവികാസത്തിലൂടെ സാങ്കേതികവിദ്യക്കൊപ്പം സഞ്ചരിക്കാന്‍ അവരെ പ്രാപ്തരാക്കുക, അംഗങ്ങളുടെ മാനസിക, ജീവിതനിലവാരം മെച്ചപ്പെടുത്തുവാന്‍ സഹായിക്കുക, തൊഴില്‍പ്രശ്‌നങ്ങളില്‍ ഇടപെട്ട് ആവശ്യമായ സംരക്ഷണം ഉറപ്പുവരുത്തുക. കൂടാതെ പുതിയതൊഴില്‍ അവസരങ്ങള്‍ കണ്ടെത്തുന്നതിനും ആകസ്മിക സംഭവങ്ങളിലും അംഗങ്ങള്‍ക്ക് കൈത്താങ്ങാവുക എന്ന മുഖ്യഉദ്ദേശ്യലക്ഷ്യങ്ങളാണ് ഈ സംഘടനയ്ക്കുളളത്.