നഗരകാര്യവകുപ്പില്‍ വ്യാജലൈസന്‍സ് പുതുക്കി നല്‍കിയ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

Web Desk
Posted on October 04, 2017, 10:47 pm

കൊല്ലം: നഗരകാര്യവകുപ്പ് റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ ഓഫീസില്‍ അപ്രൂവല്‍ ലൈസന്‍സ് വ്യാജമായി പുതുക്കി നല്‍കിയും ട്രഷറി ചെല്ലാനില്‍ ക്രമക്കേട് കാണിച്ചതുമായി ബന്ധപ്പെട്ട് ഓഫീസിലെ ജീവനക്കാരായ കൊട്ടാരക്കരസ്വദേശി അനില്‍ അഹമ്മദ് (40), മുണ്ടയ്ക്കല്‍ സ്വദേശി പാര്‍ട്ട്‌ടൈം സ്വീപ്പര്‍ അനില്‍കുമാര്‍ (49) എന്നിവരെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലെ കെട്ടിടനിര്‍മ്മാണത്തിനായി സിവില്‍ എന്‍ജിനീയറിംഗ് പാസായിട്ടുള്ളവര്‍ക്ക് എന്‍ജിനീയര്‍/സൂപ്പര്‍വൈസര്‍ ലൈസന്‍സുകള്‍ നല്‍കുന്നതിന് ചുമതലപ്പെട്ട ആഫീസാണ് കൊല്ലത്തുള്ള നഗരകാര്യ ജോയിന്റ് ഡയറക്ടറുടെ ആഫീസ്. ലൈസന്‍സ് പുതുക്കി നല്‍കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ ലൈസന്‍സ് സമയത്ത് പുതുക്കി നല്‍കാത്തതിനാല്‍ റീജിയണല്‍ ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളുടെ തട്ടിപ്പ് പുറത്തുവന്നത്. ലൈസന്‍സിനായി ഓഫീസില്‍ എത്തുന്നവരെ സ്വാധീനിച്ച് പെട്ടെന്ന് ലൈസന്‍സ് നല്‍കാമെന്ന് പറഞ്ഞ് ഇവരില്‍ നിന്നും പണം വാങ്ങിയ ശേഷം ട്രഷറിയില്‍ പണം തിരിമറി നടത്തി അടയ്ക്കുകയായിരുന്നു.

ആയിരം, രണ്ടായിരം, മൂവായിരം രൂപ അടയ്ക്കുന്നതിന് പകരം നൂറ്, ഇരുന്നൂറ്, മുന്നൂറ് രൂപ അടച്ച് വ്യാജമായി രസീത് നിര്‍മ്മിച്ച് നല്‍കി ഓഫീസ് രേഖകളില്‍ തിരിമറി നടത്തുകയായിരുന്നു. റീജിയണല്‍ ഡയറക്ടര്‍ക്ക് ശാസ്താംകോട്ട സ്വദേശി ബെല്‍ എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് പ്രതികളുടെ തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്. തൂടര്‍ന്ന് റീജിയണല്‍ ഡയറക്ടര്‍ അന്വേഷണം നടത്തി പരാതി ഈസ്റ്റ് പൊലീസിന് കൈമാറുകയായിരുന്നു. ഓഫീസിലെ സീല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയാതെ കൈക്കലാക്കി ഓഫീസ് അറ്റന്‍ഡര്‍ ആയ അനില്‍ അഹമ്മദ് നിരവധി പേരെ പറ്റിച്ചിട്ടുള്ളതായി സംശയിക്കുന്നുണ്ട്. അറസ്റ്റ് ചെയ്ത രണ്ട് പ്രതികളെയും കോടതിയില്‍ ഹാജരാക്കി. കൊല്ലം എസിപി ജോര്‍ജ്ജ് കോശിയുടെ നേതൃത്വത്തില്‍ ഈസ്റ്റ് സിഐ മഞ്ജുലാല്‍, ഈസ്റ്റ് എസ്‌ഐ ജയകൃഷ്ണന്‍, ജൂനിയര്‍ എസ്‌ഐ ബിജികുമാര്‍, എഎസ്‌ഐ ജി സുരേഷ്‌കുമാര്‍, എസ്‌സിപിഒ ബിനു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.