മോഡി ഭരണത്തില്‍ തൊഴില്‍ സുരക്ഷ അപകടത്തില്‍: അമര്‍ജിത് കൗര്‍

Web Desk
Posted on May 10, 2018, 10:33 pm
ജോയിന്റ് കൗണ്‍സില്‍ 41-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള
പൊതുസമ്മേളനം എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍ ഉദ്ഘാടനം ചെയ്യുന്നു

ഷാജി തോമസ്

ഇ ചന്ദ്രശേഖരന്‍നായര്‍ നഗര്‍ (അടൂര്‍): മോഡി ഭരണത്തില്‍ രാജ്യത്തെ എല്ലാ വിഭാഗം തൊഴിലാളികളുടെയും തൊഴില്‍ സുരക്ഷ അപകടത്തിലായതായി എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍ അഭിപ്രായപ്പെട്ടു.
ജോയിന്റ് കൗണ്‍സില്‍ 41-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അമര്‍ജിത് കൗര്‍. പെന്‍ഷന്‍, പിഎഫ്, ഇഎസ്‌ഐ തുടങ്ങിയ തൊഴില്‍ സുരക്ഷ സംവിധാനങ്ങളെല്ലാം പ്രതിസന്ധിയിലാണ്. പൊതുമേഖല — സ്വകാര്യ മേഖല വ്യത്യാസമില്ലാതെ കരാര്‍വത്കരണം വ്യാപകമാക്കിയതോടെ അവകാശങ്ങളൊന്നുമില്ലാത്ത ഒരു വര്‍ഗ്ഗമായി രാജ്യത്തെ തൊഴിലാളികള്‍ മാറാന്‍ പോകുകയാണ്. തൊഴിലാളികളും ജീവനക്കാരുമുള്‍പ്പെടെയുള്ള വിഭാഗങ്ങളാണ് രാജ്യത്തിന്റെ പുരോഗതിക്കായി ഏറ്റവും അധികം കഷ്ടപ്പെടുന്നത്. രാജ്യത്തിന്റെ പാരമ്പര്യേതര ഊര്‍ജ്ജ മേഖലയുള്‍പ്പെടെ സ്വകാര്യവത്കരിക്കുന്നു. പൊതുമേഖലയെ സ്വകാര്യവത്കരിക്കാനുള്ള നിയമങ്ങളുണ്ടാക്കാനുള്ള ഇടമായി പാര്‍ലമെന്റിനെ മാറ്റാനാണ് മോഡി ശ്രമിക്കുന്നത്.
വൈദ്യുതി, ജലവിതരണം, ഗതാഗതം തുടങ്ങി സാധാരണ ജനങ്ങള്‍ ഏറ്റവും അധികം ആശ്രയിക്കുന്ന മേഖലകളെ സ്വകാര്യവത്കരിക്കുന്നതോടെ രാജ്യം നേരിടുന്ന പ്രത്യാഘാതം ഗുരുതരമായിരിക്കും. ഇതിനോടകം വൈദ്യുതി മേഖല സ്വകാര്യവത്കരിച്ചു കഴിഞ്ഞു. പുത്തന്‍ തൊഴില്‍മേഖലകളൊന്നും സൃഷ്ടിക്കപ്പെടുന്നില്ല. എല്ലാ തൊഴില്‍ മേഖലകളും തകര്‍ച്ചയുടെ വക്കിലായി. രാജ്യം സാമ്പത്തിക ശക്തിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ജനങ്ങളുടെ ജീവിത നിലവാരം അനുദിനം തകരുകയാണ്. അന്താരാഷ്ട്ര നിലവാരത്തില്‍ ക്രൂഡ് ഓയിലിന്റെ വില ഗണ്യമായി കുറയുമ്പോഴും രാജ്യത്ത് ഇന്ധനവില വര്‍ദ്ധിക്കുന്നതിന്റെ കാരണം പരിശോധിക്കപ്പെടണം. സാധാരണ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മോഡിയും കേന്ദ്ര സര്‍ക്കാരും ശ്രമിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. രാജ്യത്തിന്റെ സമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനാണ് മോഡിയും കൂട്ടരും ശ്രമിക്കുന്നത്. ചെറുകിട വ്യാപാരമേഖല കുത്തകകള്‍ക്ക് തുറന്നുകൊടുത്തു കഴിഞ്ഞു. ഇതുകൊണ്ട് ഉപജീവനം കഴിക്കുന്ന കോടിക്കണക്കിന് കുടുംബങ്ങള്‍ പട്ടിണിയിലാകും. പരമ്പരാഗത തൊഴില്‍മേഖല, തോട്ടംമേഖല തുടങ്ങിയ മേഖലകളില്‍ തൊഴില്‍ ഗണ്യമായി കുറഞ്ഞു. എന്നാല്‍ കേരളം ഇതില്‍ നിന്നും വ്യത്യസ്തമാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാര്‍ കേരളത്തിലുള്ളതുകൊണ്ടാണ് തൊഴില്‍ നിയമങ്ങള്‍ സംരക്ഷിക്കപ്പെടുന്നത്. സാധാരണ ജനങ്ങളുടെ പണം വന്‍കിട മുതലാളിമാര്‍ക്ക് തട്ടിയെടുക്കാനുള്ള തന്ത്രമായിരുന്നു നോട്ട് നിരോധനം. ഇതുകൊണ്ട് രാജ്യം നേടിയ നേട്ടം എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ മറക്കാന്‍ വര്‍ഗ്ഗീയത പ്രചരിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാരും സംഘപരിവാറും. ഇതൊരു രഹസ്യ അജണ്ടയാണ്. ഒരു രാജ്യം ഒരു ഭരണാധികാരി ഒരു രാഷട്രീയം ഇതാണ് സംഘ പരിവാര്‍ അജന്‍ഡ. ഇതിനായി ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന മൗലികാവശങ്ങള്‍പോലും വളച്ചൊടിക്കാന്‍ ശ്രമിക്കുന്നു. മതേതരത്വം എന്ന വാക്ക് ഭരണഘടനയില്‍ നിന്നും നീക്കം ചെയ്യാന്‍ ശ്രമിക്കുന്നു. ബഹുസ്വരതയാണ് രാജ്യത്തിന്റെ അടിസ്ഥാന പ്രമാണം. അതില്ലാതായാല്‍ രാജ്യം തകരും. കമ്മ്യൂണിസ്റ്റുകാരെയും മതനന്യൂനപക്ഷങ്ങളെയും ശത്രുക്കളായി കാണുന്ന സംഘപരിവാര്‍ സംഘടനകള്‍ രാജ്യത്തിന് ഭീഷണിയാണെന്നും അമര്‍ജിത് കൗര്‍ പറഞ്ഞു.  സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.