തൊഴിലുറപ്പ് പദ്ധതി: ആശ്രയിക്കുന്നവരുടെ എണ്ണം കൂടുന്നു, പിഎംകെആർഎക്കുവേണ്ടി അട്ടിമറിക്കപ്പെടുന്നു

Web Desk

ന്യൂഡൽഹി

Posted on July 14, 2020, 10:25 pm

കോവിഡിനെ തുടർന്നുള്ള ലോക്ഡൗൺ രാജ്യത്തുണ്ടാക്കിയ തൊഴിൽ രാഹിത്യത്തെ തുടർന്ന് ദേശീയ തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിക്കുന്നവരുടെ എണ്ണം ഗണ്യമായി ഉയരുന്നു. എന്നാൽ ഈ സാധ്യതകളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ പേരിൽ പ്രഖ്യാപിച്ച തൊഴിലുറപ്പ് പദ്ധതിക്ക് ഉപയോഗിച്ച് ദേശീയതൊഴിലുറപ്പ് പദ്ധതി (എൻആർഇജിപി) അട്ടിമറിക്കുന്നുവെന്നും കണ്ടെത്തൽ. പുതിയതായി തൊഴിൽതേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നുവെങ്കിലും അതേസമയം അർഹതപ്പെട്ട 1.7കോടി പേർക്ക് തൊഴിൽ നല്കാനായില്ല.

ദേശീയതലത്തിൽ പ്രവർത്തിക്കുന്ന പീപ്പിൾ ആക്ഷൻ ഫോർ എംപ്ലോയ്മെന്റ് ഗ്യാരണ്ടി (പിഎഇജി) എന്ന സംഘടന നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പ്രധാനമന്ത്രിയുടെ പേരിൽപ്രഖ്യാപിച്ചിരിക്കുന്ന പിഎം ഗരീബ് കല്യാൺ റോസ്ഗാർ അഭിയാൻ (പിഎംകെആർഎ)നടപ്പിലാക്കിയ ജില്ലകളിൽ ദേശീയതൊഴിലുറപ്പ് പദ്ധതി പാളുകയും ലഭ്യമാകുന്ന തൊഴിലവസരങ്ങൾ കുറയുകയും ചെയ്തു. പിഎംകെആർഎ നടപ്പിലാക്കിയ ജില്ലകളിൽ എൻആർഇജിപി പ്രകാരം തൊഴിൽ ലഭിച്ചവരുടെ എണ്ണം ഇക്കാര്യം വ്യക്തമാക്കുന്നു. ഇവിടങ്ങളിൽ മൂന്നിലൊന്ന് പേർക്കുപോലും നൂറ്ദിന തൊഴിൽ ലഭ്യമായില്ല. അതേസമയം മറ്റ് ജില്ലകളിൽ നൂറ് ദിനതൊഴിൽ ലഭിച്ചവരുടെ എണ്ണം 2.26 ലക്ഷമാണ്.

കോവിഡ് സൃഷ്ടിച്ചപ്രതിസന്ധി നമ്മുടെ ഗ്രാമങ്ങളെ എത്രത്തോളം ബാധിച്ചിരിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഏപ്രിൽ മാസത്തിന് ശേഷം 35 ലക്ഷം പേരാണ് പുതിയതായിതൊഴിലുറപ്പ് കാർഡുകൾ നേടിയത്. ജൂൺ മാസത്തിൽ എൻആർഇജിപി പ്രകാരം തൊഴിൽലഭിച്ചവരുടെ എണ്ണത്തിലും ഇത് പ്രകടമാണ്. മുൻ വർഷം 1.6 കോടി തൊഴിലുകളാണ് പദ്ധതി പ്രകാരം നൽകപ്പെട്ടതെങ്കിൽ ഈ വർഷം അത് 3.22 കോടിയായി ഉയർന്നു. എന്നാൽ നിയമത്തിന്റെ അടിസ്ഥാനതത്വങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നതായി സംഘടനയുടെ റിപ്പോർട്ടിലുണ്ട്. സമൂഹ ഓഡിറ്റ് വളരെ കുറച്ച് സംസ്ഥാനങ്ങളിൽ മാത്രമേ നടപ്പിലാകുന്നുള്ളൂ. കൂടാതെ ഒരു പദ്ധതി നിലവിലുണ്ടായിരിക്കേ മറ്റൊരുപദ്ധതി പ്രഖ്യാപിച്ച് നടപ്പിലാക്കുന്നത് ഇപ്പോഴുള്ളതിന്റെ അട്ടിമറിക്ക് കാരണമാകുമെന്ന ആശങ്കയും റിപ്പോർട്ടിൽ പങ്കുവയ്ക്കുന്നുണ്ട്.

ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ, പ്രഫ. ജയതിഘോഷ്, അരുണ റോയി, രക്ഷിതസാമി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ളതാണ് പിഎഇജി എന്ന സംഘടന.

Eng­lish sum­ma­ry: Employ­ment Guar­an­tee Scheme

You may also like this video: