Friday
22 Nov 2019

തൊഴില്‍ സുരക്ഷിതത്വവും ആരോഗ്യവും വെല്ലുവിളികള്‍ നേരിടുമ്പോള്‍

By: Web Desk | Saturday 27 April 2019 10:51 PM IST


manaveeyam

തൊഴില്‍ മേഖലയിലെ പരിഷ്‌കരണങ്ങള്‍ക്കൊപ്പം അടിയന്തര പ്രാധാന്യം നല്‍കേണ്ട ഒരു പ്രധാന രംഗമാണ് തൊഴില്‍ ചെയ്യുന്നവരുടെ സുരക്ഷയും ആരോഗ്യവും. 2019 ഏപ്രില്‍ 28ന് തൊഴില്‍സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അന്തര്‍ദേശീയ തൊഴില്‍ സംഘടന (ഐഎല്‍ഒ) ലോക തൊഴില്‍ ദിനമായി ആചരിക്കുന്നു. ഐഎല്‍ഒ സ്ഥാപിതമായതിന്റെ നൂറാം വാര്‍ഷികവേളയിലാണ് ഈ ദിനം കൊണ്ടാടുന്നത്. 2019 ഏപ്രില്‍ 18ന് ഐഎല്‍ഒ പ്രസിദ്ധീകരിച്ച ‘സുരക്ഷയും തൊഴിലും ഭാവി ജോലിയുടെ ആധാരം: നൂറ് വര്‍ഷത്തെ അനുഭവങ്ങള്‍’ എന്ന പേരിലുള്ള റിപ്പോര്‍ട്ട് 1919 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തില്‍ ആഗോളതലത്തില്‍ തൊഴിലാളിമേഖലയിലെ തൊഴില്‍ സുരക്ഷയെയും ആരോഗ്യ പ്രശ്‌നങ്ങളെയും വിശദമായി ചൂണ്ടിക്കാട്ടുന്നു. 1919 ലെ പാരീസ് സമാധാന ഉടമ്പടി പ്രകാരമാണ് അന്തര്‍ദേശീയ തൊഴില്‍ സംഘടന (ഐഎല്‍ഒ) രൂപീകൃതമായത്. കഴിഞ്ഞ നൂറു വര്‍ഷങ്ങള്‍ക്കുള്ളില്‍ തൊഴില്‍രംഗത്ത് വ്യാപകമായ രീതിയിലുള്ള മാറ്റങ്ങള്‍ പ്രകടമായിട്ടുണ്ട്. തൊഴില്‍സംബന്ധമായ അപകടങ്ങള്‍, തൊഴില്‍സംബന്ധമായ രോഗങ്ങള്‍ എന്നിവ വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാമ്പത്തികമായി മാത്രമല്ല ശാരീരികവും മാനസികവുമായ പ്രതീക്ഷയ്ക്കും മങ്ങലേല്‍പ്പിക്കുന്നു.
ഐഎല്‍ഒ പുറത്തുവിട്ട പുതിയ കണക്കനുസരിച്ച് ആഗോളതലത്തില്‍ ഓരോ വര്‍ഷവും 2.78 ദശലക്ഷം തൊഴിലാളികള്‍ തൊഴില്‍ അപകടത്തിലും ജോലിസംബന്ധമായ അസുഖങ്ങള്‍ മൂലവും മരിക്കുന്നു. ഇതുകൂടാതെ 374 ദശലക്ഷം തൊഴിലാളികള്‍ അപകടങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നു. ഇത് ലോകസമ്പദ്‌വ്യവസ്ഥയുടെ മൊത്തം ആഗോളവരുമാനത്തിന്റെ നാല് ശതമാനത്തോളമാണ്. ചില രാജ്യങ്ങള്‍ക്കിടയില്‍ ഇത് ആറ് ശതമാനമോ അതിലധികമോ ആയി വര്‍ധിക്കുന്നു. തൊഴില്‍സംബന്ധമായ രോഗങ്ങള്‍, തൊഴില്‍സംബന്ധമായ സമ്മര്‍ദ്ദം, ജീവിതശൈലി രോഗങ്ങള്‍ തുടങ്ങിയവ ലോകത്തിന്റെ പലഭാഗങ്ങളിലും തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നു. തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യപ്രശ്‌നങ്ങളും തൊഴിലാളി വിഭാഗത്തിന്റെ സാമൂഹ്യ-സാമ്പത്തിക അതിജീവനത്തിന് വെല്ലുവിളിയായി മാറുന്നു. ഈ വെല്ലുവിളികള്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ ആഗോള തലത്തിലുള്ള ഇടപെടലുകള്‍ അനിവാര്യമാണ്.
ഐക്യരാഷ്ട്രസംഘടന 2015 ല്‍ വിഭാവനം ചെയ്ത സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ മുന്നാമത്തെ ലക്ഷ്യമായ എല്ലാ പ്രായത്തിലുള്ളവര്‍ക്കും ആരോഗ്യകരമായ അവസ്ഥ ഉണ്ടാക്കാന്‍ പ്രോത്സാഹനം നല്‍കുകയും എട്ടാമതായി ഉള്‍പ്പെടുത്തിയ സുസ്ഥിരവും ഉള്‍ചേര്‍ന്നതുമായ സാമ്പത്തിക വളര്‍ച്ച, തൊഴിലവസരം, എല്ലാവര്‍ക്കും മാന്യമായ ജോലി എന്നിവ ഉറപ്പുവരുത്തുന്നതിലൂടെ ഒരു പരിധിവരെ ഇടപെടാന്‍ സാധിക്കും. എന്നിരുന്നാലും സര്‍ക്കാരും തൊഴിലുടമകളും തൊഴിലാളികളും മറ്റ് പങ്കാളികളും സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിലാളികളുടെ ഭാവിയെ കരുതി നിയമനിര്‍മാണത്തിലേക്ക് ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. 2003ല്‍ ഐഎല്‍ഒ നടപ്പിലാക്കിയ തൊഴില്‍ സുരക്ഷയും ആരോഗ്യവും സംബന്ധിച്ച ആഗോള സമീപനം ഈയൊരു മാര്‍ഗനിര്‍ദേശത്തിന്റെ വഴികാട്ടിയാണ്. ഭാവിയിലേക്കുള്ള സുരക്ഷിതത്വവും ആരോഗ്യവും പരിഗണിക്കുമ്പോള്‍ കഴിഞ്ഞ നൂറു വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന തൊഴില്‍ അപകടങ്ങളും മരണങ്ങളും പരിഗണിക്കേണ്ടതുണ്ട്. തൊഴില്‍സംബന്ധമായ അപകടങ്ങളും അപകടസാധ്യതയും ഒരു ജോലിസ്ഥലത്ത് മാത്രമായി നില്‍ക്കുന്നതോ അല്ലെങ്കില്‍ ദേശീയ തലത്തിലും പ്രാദേശിക തലത്തിലും മാറിക്കൊണ്ടിരിക്കുന്നതോ ആയിരിക്കും. ഇതിന് ആഗോള തലത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുകയും അവരുടെ ദേശീയവും പ്രാദേശികവുമായ പരിസ്ഥിതി കൂടി പരിഗണിച്ചുവേണം നയങ്ങള്‍ ആവിഷ്‌കരിക്കേണ്ടത്.
ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ലീഗ് ഓഫ് നേഷന്‍സിന്റെ ഒരു ഏജന്‍സിയായാണ് 1919 ല്‍ അന്തര്‍ദേശീയ തൊഴില്‍ സംഘടന (ഐഎല്‍ഒ) സ്ഥാപിച്ചത്. യുദ്ധാനന്തര അജണ്ടയും അപകട സാധ്യതകളില്‍ നിന്നും തൊഴിലാളികള്‍ക്ക് അവരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും സംരക്ഷണം നല്‍കേണ്ടതിന്റെ ആവശ്യകതയിലൂന്നിയുമാണ് ഈ സംഘടനയ്ക്ക് രൂപം നല്‍കിയത്. 1986 ലെ ചെര്‍ണോബില്‍ ആണവദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഒരു ‘സുരക്ഷാസംസ്‌കാരം’ എന്ന ആശയം ഉയര്‍ന്നുവന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ ആഗോളതലത്തില്‍ സമ്പദ്‌വ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ക്ക് വിധേയമാവുകയും ലോകകമ്പോളം ഉദാരവല്‍ക്കരണത്തിലേക്ക് വഴിമാറുകയും ചെയ്തു. അതേസമയം ലോകത്ത് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകള്‍, തൊഴില്‍, സംസ്‌കാരം, വ്യവസായരംഗത്തുള്ള മാറ്റങ്ങള്‍ എന്നിവ മൂലം തൊഴില്‍ കമ്പോളത്തെ പുനര്‍നിര്‍വചിക്കേണ്ടതായി വന്നു.
2015 ല്‍ ഐഎല്‍ഒ തൊഴില്‍ സുരക്ഷയ്ക്കും തൊഴിലാളികളുടെ ആരോഗ്യത്തിനും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. ‘എല്ലാവര്‍ക്കും സുരക്ഷിതത്വവും ആരോഗ്യവും’ എന്ന പദ്ധതിയിലൂടെയാണ് ആഗോളതലത്തില്‍ സുസ്ഥിരമായ തൊഴില്‍ സംസ്‌കാരം സൃഷ്ടിച്ചുകൊണ്ട് തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്താന്‍ ഐഎല്‍ഒ ശ്രമിച്ചത്. ഈ പദ്ധതി വികസ്വര രാജ്യങ്ങള്‍ക്കിടയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഉയര്‍ന്ന നിരക്കിലുള്ള ജോലി സംബന്ധമായ അപകടങ്ങള്‍, മരണങ്ങള്‍, സുരക്ഷിതത്വവും ആരോഗ്യപ്രശ്‌നങ്ങളും നേരിടുന്ന തൊഴിലാളികള്‍ എന്നീ മേഖലകളിലൂന്നിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തൊഴില്‍ സുരക്ഷിതത്വവുംആരോഗ്യകരവുമായ തൊഴില്‍ സൃഷ്ടിക്കുന്നതില്‍ സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ വളരെയധികം സ്വാധീനിക്കുന്നു. നാലാമത്തെ വ്യാവസായിക വിപ്ലവം വിവരശേഖരങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണത്തിലേക്കാണ് നമ്മെ നയിക്കുന്നത്. ഇതില്‍ വിവരസാങ്കേതികവിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അഡ്വാന്‍സ് അത്‌ലറ്റിക്‌സ്, റോബോട്ടിക്‌സ്, ഓട്ടോമേഷന്‍, ബിഗ് ഡേറ്റാ, നൂതനമായ സെന്‍സര്‍ സാങ്കേതിക വിദ്യ, കൗഡ് കമ്പ്യൂട്ടിങ് തുടങ്ങിയ നുതനമായ പരീക്ഷണങ്ങള്‍ വര്‍ധിച്ച തോതില്‍ സാധാരണജീവിതത്തിന്റെ ഭാഗമായി മാറുന്നു. ഇതിനിടയില്‍ തൊഴിലാളികള്‍ പരമ്പരാഗത തൊഴില്‍ സ്ഥലങ്ങളില്‍ ജോലി ചെയ്യാനോ, ദൂരപ്രദേശങ്ങളില്‍ ജോലി ചെയ്യാനോ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള നൂതന പ്രവണതകള്‍ അപകടമായ ജോലി സ്ഥലങ്ങളില്‍ നിന്ന് തൊഴിലാളികളെ നീക്കം ചെയ്യുമെങ്കിലും തൊഴിലാളികളടെ തൊഴിലിനെയും നിലനില്‍പിനെയും ബാധിക്കുകയും ചെയ്യുന്നു. ഇത് വര്‍ധിച്ച തോതില്‍ തൊഴിലില്ലായ്മയിലേക്ക് നയിക്കുകയും ചെയ്യും.
ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന ജനസംഖ്യ തൊഴില്‍ വിപണിയെയും സാമൂഹ്യ സുരക്ഷാസംവിധാനത്തെയും നിരന്തരം സമ്മര്‍ദ്ദത്തിലാക്കുന്നു. ഇതിനൊപ്പം വന്‍തോതിലുള്ള കുടിയേറ്റവും ലിംഗപരമായ അസമത്വവും തൊഴില്‍ വിപണിയിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. യുവതൊഴിലാളികളിലാണ് കൂടുതല്‍ അപകടസാധ്യത കാണുന്നത്. കാരണം ഇവര്‍ ശാരീരികവും മാനസികവും വൈകാരികവുമായ പക്വത നേടാത്തതും തൊഴില്‍ വൈദഗ്ധ്യമില്ലായ്മയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. യുവതൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിന് നിയമങ്ങളും ചട്ടങ്ങളും വികസിപ്പിച്ചെടുത്ത് നടപ്പിലാക്കുക എന്നതാണ് ഇതിനൊരു പോംവഴി. ഇതിനൊപ്പം പൊതുവിദ്യാഭ്യാസവും തൊഴിലധിഷ്ഠിത പരിശീലനവും നല്‍കുന്നതിലൂടെ തൊഴിലാളികള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ തൊഴില്‍ സംസ്‌കാരത്തിന്റെ ആവശ്യകത ഊന്നി പറയുകയും തൊഴിലാളി സംഘടനകള്‍ക്കിടയില്‍ ബോധവല്‍കരണവും നല്‍കിയാല്‍ മാത്രമേ തൊഴില്‍ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കാന്‍ സാധിക്കുകയുളളു. ഇതിനൊപ്പം തൊഴിലുടമയും അവരുടെ പ്രതിനിധികളും ഒരുമിച്ച് ചേര്‍ന്ന് തൊഴില്‍ സുരക്ഷയും ആരോഗ്യവും സംബന്ധിച്ച് ഉചിതമായ പരിശീലനവും നല്‍കേണ്ടതായിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണവും തൊഴില്‍ സുരക്ഷിതത്വവും ആരോഗ്യവുമായി ബന്ധപ്പെടുത്തേണ്ടത് അടിയന്തരമായി പരിഗണിക്കണം. കാലാവസ്ഥാവ്യതിയാനം പോലും തൊഴില്‍ സുരക്ഷിതത്വത്തെയും തൊഴിലാളികളുടെ ആരോഗ്യത്തെയും അപകടപ്പെടുത്തുന്നു. ഭാവിയിലെ താപനിലയിലുള്ള മാറ്റം, തീവ്രത കൂടിയ പ്രകൃതിക്ഷോഭങ്ങള്‍, പ്രകൃതി വിഭവങ്ങളുടെ ചൂഷണം, ജൈവ വൈവിധ്യങ്ങളുടെ ശോഷണം, വായു മലിനീകരണം എന്നിവയിലൂടെ പുതിയ രോഗങ്ങള്‍ക്കും ആരോഗ്യപ്രശ്ങ്ങളിലേക്കും തൊഴിലാളി സമൂഹത്തെ തള്ളിവിടുന്നു. കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക വൈകല്യം മുതലായവയിലൂടെ മാറുന്ന പരിസ്ഥിതിയെ സംരക്ഷിച്ച് സുരക്ഷിതവും ആരോഗ്യവുമുള്ള തലമുറയ്ക്കായി പാരിസ്ഥിതിക സുസ്ഥിരത ഉറപ്പുവരുത്തുകയും വേണം. വര്‍ധിച്ചുവരുന്ന ചൂട് കാരണം തൊഴില്‍ സമയത്തിലുള്ള മാറ്റം ഉല്‍പാദനക്ഷമതയെയും തൊഴിലാളികളുടെ ആരോഗ്യത്തെയും സ്വാധീനിക്കുന്നു. വികസിത രാജ്യങ്ങള്‍ക്കിടയില്‍ ഹരിത സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട തൊഴിലുകള്‍ സൃഷ്ടിക്കുന്നതിലൂടെ സാമ്പത്തികമായും തൊഴില്‍പരമായും മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ഭാവി തലമുറയ്ക്ക് തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുവാന്‍ ഹരിത സാങ്കേതിക വിദ്യയ്ക്ക് പ്രാമുഖ്യം നല്‍കുന്നതിനും തൊഴിലാളികള്‍ക്കിടയില്‍ നല്ല അവബോധം സൃഷ്ടിക്കേണ്ടതായിട്ടുണ്ട്.