Web Desk

തിരുവനന്തപുരം

January 21, 2020, 9:41 pm

പുതിയ സംരംഭകർക്ക് തൊഴിൽ സബ്‌സിഡി: മുഖ്യമന്ത്രി

Janayugom Online

പുതിയ സംരംഭകർക്ക് തൊഴിൽ സബ്‌സിഡി ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിൽ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനതല ദുരന്ത നിവാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ പദ്ധതി തുടങ്ങി അഞ്ച് വർഷം കഴിയുമ്പോഴാണ് അത് നൽകുക. പക്ഷേ, അത്തരം സംരംഭങ്ങളിൽ പുരുഷ തൊഴിലാളിയേക്കാൾ രണ്ടായിരം രൂപ കൂടുതൽ ശമ്പളം സ്ത്രീ തൊഴിലാളിക്ക് ഉണ്ടായിരിക്കണം. പത്തു വർഷം കൊണ്ട് തൊഴിലില്ലായ്മ പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ പ്രകൃതി സമ്പത്ത് ശരിയായി വിനിയോഗിച്ചാൽ സാമ്പത്തിക വികസനത്തിൽ വലിയ കുതിച്ചു ചാട്ടം നടത്താനാവും. കാർഷിക, വ്യാവസായിക വികസനമാണ് ഒരു നാടിന്റെ വികസനത്തിൽ പ്രധാന ഘടകങ്ങൾ. കേരളത്തിലെ കാലാവസ്ഥയും മണ്ണും ഏത് കൃഷിക്കും അനുയോജ്യമാണ്. നമുക്ക് ആവശ്യമായ പച്ചക്കറിയും ധാന്യങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും ഇവിടെത്തന്നെ ഉല്പാദിപ്പിക്കാനാവണം. തദ്ദേശസ്ഥാപനങ്ങൾ ശരിയായ ആസൂത്രണം നടത്തിയാൽ കാർഷിക മേഖലയിൽ സംസ്ഥാനത്ത് 1,18, 000 കോടി രൂപയുടെ വരുമാനം സൃഷ്ടിക്കാം.

തദ്ദേശസ്ഥാപന അതിർത്തിയിൽ 1.48 കോടി രൂപയുടെ അധിക വരുമാനവുമുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷി, തദ്ദേശസ്വയംഭരണം, സഹകരണം, വ്യവസായം, ക്ഷീരം തുടങ്ങി വിവിധ വകുപ്പുകൾ സഹകരിച്ചു പ്രവർത്തിച്ചാൽ ഇത് യാഥാർത്ഥ്യമാവും. ഇതിനാവശ്യമായ ഒരു സബ്‌സിഡി സർക്കാർ നിശ്ചയിച്ചു നൽകും. പച്ചക്കറി ഉല്പാദനത്തിന് തദ്ദേശസ്ഥാപനങ്ങൾ മഴ ഷെൽട്ടറുകൾ പ്രോത്സാഹിപ്പിക്കണം. ഓരോ തദ്ദേശസ്ഥാപന അതിർത്തിയിലും പശുക്കൾ, ആടുകൾ, കോഴികൾ എന്നിവയെ വളർത്തുന്നത് പ്രോത്സാഹിപ്പിക്കണം. മത്സ്യക്കൃഷിയും പുഷ്പകൃഷിയും ഇത്തരത്തിൽ പ്രോത്സാഹിപ്പിക്കാനാവും. വ്യാവസായിക മേഖലയിൽ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങൾ സംബന്ധിച്ച് കൊച്ചിയിൽ നടന്ന അസെൻഡ് 2020ൽ പ്രഖ്യാപിച്ചിരുന്നു. നിക്ഷേപസൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇപ്പോൾ 21ാം സ്ഥാനത്താണ്. അടുത്ത അഞ്ച് വർഷത്തിൽ ആദ്യ അഞ്ച് സംസ്ഥാനങ്ങളിലൊന്നായി കേരളം മാറണം. മുഖ്യമന്ത്രി പറ‌‌ഞ്ഞു. നോക്കുകൂലി എവിടെയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ സർക്കാർ സംവിധാനം ശക്തമായി ഇടപെടും.

നിലവിൽ സ്ത്രീകൾക്ക് രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ട്. എന്നാൽ ആ നിലപാട് ശരിയല്ല. അങ്ങനെ ഒരു കൂട്ടർക്ക് മാത്രം നിരോധനം ഏർപ്പെടുത്തേണ്ടതില്ല. പക്ഷേ, രാത്രിയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആവശ്യമായ സുരക്ഷ സ്ഥാപന ഉടമ ഒരുക്കണം. പരിസ്ഥിതി സംരക്ഷണത്തിന് നാട്ടിലെ ജനങ്ങളെ സന്നദ്ധമാക്കുക പ്രധാനമാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കഴിഞ്ഞ രണ്ടു പ്രളയത്തിൽ മനസിലായതാണ്. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രധാന പങ്ക് വഹിക്കണം. ജനങ്ങളെ പ്രകൃതി സംരക്ഷകരായി കണ്ടുള്ള പ്രവർത്തനമാണ് വേണ്ടത്. നിലവിലെ നിയമങ്ങളിലും വികസന ശീലങ്ങളിലും ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിക്കുന്നതിന് ഗ്രാമസഭകളിലും വാർഡ് സഭകളിലും ചർച്ചകൾ നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബ്‌ളോക്ക് പഞ്ചായത്തുകളുടെ സമ്പൂർണ ഐഎസ്ഒ പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീൻ അധ്യക്ഷത വഹിച്ചു. വ്യവസായ മന്ത്രി ഇപി ജയരാജൻ, ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്, വനം മന്ത്രി കെ രാജു, കൃഷി മന്ത്രി വി എസ് സുനിൽകുമാർ, ജലവിഭവ മന്ത്രി കെ കൃഷ്ണൻകുട്ടി, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ, തിരുവനന്തപുരം മേയർ കെ ശ്രീകുമാർ, നവകേരളം കർമപദ്ധതി കോഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. ടി എൻ സീമ എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Employ­ment sub­sidy for new entre­pre­neurs said CM pinarayi vijayan

You may also like this video