നിര്‍മ്മല സീതാരാമന്റെ ‘ശൂന്യ ബജറ്റ് കൃഷി’

Web Desk
Posted on July 07, 2019, 11:12 pm

വരുണ്‍ കുമാര്‍ ദാസ്

ഔദ്യോഗിക ക്ലിപ്തകാല തൊഴില്‍ ശക്തി പഠനം (പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ- പിഎല്‍എഫ്എസ്) അനുസരിച്ച് 2017–18 കാലയളവില്‍ രാജ്യത്തെ 38 ശതമാനം കുടുംബങ്ങള്‍ കൃഷി സ്വയം തൊഴിലായി സ്വീകരിച്ചിട്ടുള്ളവരാണ്. കാര്‍ഷിക രംഗത്ത് 12.1 ശതമാനം താല്‍ക്കാലിക തൊഴിലാളികള്‍ ഉള്ളതായി അതേ പഠനം പറയുന്നു. അതായത്, പഠന കാലയളവില്‍ രാജ്യത്തെ 50 ശതമാനം കുടുംബങ്ങള്‍ ജീവിതമാര്‍ഗമായി കൃഷിയെ ആണ് ആശ്രയിച്ചുപോന്നത്.

കഴിഞ്ഞ ഒരു ദശകത്തില്‍ രാജ്യത്ത് ഭക്ഷ്യധാന്യ ഉല്‍പാദനം 33.4 ശതമാനം കണ്ട് വര്‍ധിച്ചതായാണ് കണക്ക്. എന്നാല്‍ കര്‍ഷകരുടെ ജീവിത സാഹചര്യങ്ങളില്‍ ഇക്കാലയളവില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല. കാര്‍ഷിക രംഗത്തെ കടുത്ത പ്രതിസന്ധിയും കര്‍ഷക ആത്മഹത്യകളും ഗ്രാമീണ ജനതയുടെ പ്രക്ഷോഭങ്ങളും അതിന് മതിയായ തെളിവാണ്.
വര്‍ധിത ഭൂരിപക്ഷത്തോടെ നരേന്ദ്രമോഡി അധികാര തുടര്‍ച്ച ഉറപ്പുവരുത്തിയതോടെ കാര്‍ഷിക നയപരിപാടികളില്‍ കര്‍ഷകാനുകൂല സമീപനം ഉണ്ടാവുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. വെള്ളിയാഴ്ചത്തെ ബജറ്റ് ആ പ്രതീക്ഷകള്‍ അസ്ഥാനത്താണെന്ന് തെളിയിച്ചു.
ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ രണ്ടര മണിക്കൂറോളം നീണ്ട ബജറ്റ് പ്രസംഗത്തില്‍ കൃഷിയെന്ന വാക്കിന്റെ പ്രയോഗം പോലും കേവലം മൂന്നു തവണയെ ഉണ്ടായുള്ളൂ. അതുപോലും ബജറ്റ് മുന്നോട്ടുവയ്ക്കുന്ന കാര്‍ഷിക നയത്തെ സാധൂകരിക്കാന്‍ ഉതകുന്നതായിരുന്നുമില്ല. ബജറ്റും 2018–19 കാലത്തെ സാമ്പത്തിക സര്‍വേയും ‘ശൂന്യ ബജറ്റ് സ്വാഭാവിക കൃഷി’ (സീറോ ബജറ്റ് നാച്വറല്‍ ഫാമിംഗ്- ഇസെഡ്ബിഎന്‍എഫ്) രീതി അവലംബിക്കുന്നതിനാണ് ഊന്നല്‍ നല്‍കിയത്.

കര്‍ഷകര്‍ പരമ്പരാഗത കൃഷിരീതികള്‍ അവലംബിക്കുകയും രാസവളങ്ങള്‍, രാസകീടനാശിനികള്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക വഴി മണ്ണിന്റെ ഫലഭൂയിഷ്ടത വീണ്ടെടുക്കുകയും അതുവഴി പാരിസ്ഥിതിക നേട്ടം കൈവരിക്കാനാകുമെന്നാണ് സങ്കല്‍പം. ഇത് ഉല്‍പാദന ക്ഷമത ഉയര്‍ത്തുകയും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും വാദമുണ്ട്.
ശൂന്യ ബജറ്റ് കൃഷിരീതികൊണ്ട് എന്താണ് ലക്ഷ്യംവയ്ക്കുന്നതെന്ന് ബജറ്റ് രേഖകള്‍ വിശദീകരിക്കുന്നില്ല. സാമ്പത്തിക സര്‍വേയുടെ അടിക്കുറിപ്പില്‍ ‘വായ്പ കൂടാതെ, വിലകൊടുത്തു പുറത്തുനിന്നും വാങ്ങേണ്ട യാതൊന്നിനും ‘പണം ചെലവഴിക്കാതെയുളള കൃഷിരീതി’ എന്നാണ് വിശദീകരണം.

ആ നിര്‍വചന പ്രകാരം ‘ശൂന്യ ബജറ്റ്’ എന്നാല്‍ യാതൊരു ചെലവും ആവശ്യമില്ലാത്ത കൃഷിരീതിയാണ് വിഭാവനം ചെയ്യുന്നത്. ഏത് ഉല്‍പാദന പ്രക്രിയയിലും നിക്ഷേപം കൂടിയേ തീരു. അതാവട്ടെ വില നല്‍കാതെ അല്ലെങ്കില്‍ കണക്കാക്കാതെ ലഭ്യവുമല്ല. ജലസേചനത്തിന് ഉപയോഗിക്കുന്ന മഴവെള്ളം പോലും അതിന്റെ കാര്‍ഷികേതര ഉപയോഗം കണക്കിലെടുക്കുമ്പോള്‍ സൗജന്യ വസ്തുവല്ല.
ചെലവുരഹിതമായ കാര്‍ഷികോല്‍പാദനം അസാധ്യമാണ്. ‘ശൂന്യ ബജറ്റ്’ കൃഷി എന്നാല്‍ യാതൊരു ചെലവുമില്ലാത്ത കൃഷിയാണോ എന്ന് ബജറ്റ് വ്യക്തമാക്കുന്നില്ല. യാതൊരു ഉല്‍പാദന പ്രവര്‍ത്തനവും നിക്ഷേപം കൂടാതെ നിര്‍വഹിക്കാനാവില്ലെന്നത് ലളിതമായ സാമ്പത്തിക ശാസ്ത്ര യാഥാര്‍ഥ്യമാണ്. നിക്ഷേപം കൂടാതെ യാതൊന്നും ഉല്‍പാദിപ്പിക്കാനാവില്ല. ആദായകരമായ ഉല്‍പാദനമാണ് കര്‍ഷകന് വേണ്ടത്.
രാജ്യത്തെ 972 ഗ്രാമങ്ങളില്‍ ‘ശൂന്യ ബജറ്റ്’ കൃഷി നടപ്പാക്കി വരുന്നതായി സാമ്പത്തിക സര്‍വെ അവകാശപ്പെടുന്നു. ‘നൂതന മാതൃക’ എന്ന് ഈ സമ്പ്രദായത്തെ വിശേഷിപ്പിക്കുന്നു എങ്കിലും അതിന്റെ പ്രായോഗികത, കാര്‍ഷിക ഉല്‍പാദന ക്ഷമത, കര്‍ഷക വരുമാനത്തിലുള്ള പുരോഗതി എന്നിവയെപ്പറ്റി സര്‍വേ നിശബ്ദത പാലിക്കുന്നു. വ്യാപകമായ തോതില്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുമോ? ആധുനിക കൃഷിക്കും വര്‍ധിത ആവശ്യത്തിനും അനുസരിച്ച് പുത്തന്‍ സാങ്കേതിക വിദ്യകള്‍, മികച്ച വിത്തിനങ്ങള്‍, വളങ്ങള്‍, സംഭരണ സംവിധാനങ്ങള്‍ എന്നിവ കൂടിയെ തീരു. അവ പരമ്പരാഗത കൃഷി സമ്പ്രദായത്തില്‍ സൗജന്യമായി ലഭിക്കുമെന്ന് കരുതുന്നത് സമകാലിക യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്ത അസംബന്ധമാണ്.

കാര്‍ഷിക ഉല്‍പാദനം ഇരട്ടിയാക്കുകയാണ് കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളില്‍ ഒന്നെന്ന് സര്‍ക്കാരിന്റെ രൂപരേഖ പറയുന്നു. പയറുവര്‍ഗങ്ങളുടെ ഉല്‍പാദനത്തില്‍ രാജ്യം സ്വയംപര്യാപ്തത കൈവരിച്ചുവെന്നും താമസിയാതെ എണ്ണക്കുരുക്കുകളുടെ കാര്യത്തിലും ആ ലക്ഷ്യം കൈവരിക്കാനാകുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വിശ്വാസം പ്രകടിപ്പിക്കുകയുണ്ടായി. ഉല്‍പാദനവും ഉല്‍പാദനക്ഷമതയും ഉയര്‍ത്തുക എന്നത് ഭക്ഷ്യ സുരക്ഷയ്ക്കും ഉപഭോക്തൃ താല്‍പര്യ സംരക്ഷണത്തിനും അനിവാര്യമാണ്.
ഉല്‍പാദന വര്‍ധനവും ഉല്‍പന്ന ലഭ്യതയും വിലത്തകര്‍ച്ചയ്ക്ക് കാരണമാകും. അത് സ്വാഭാവികമായും ഉല്‍പാദകനായ കര്‍ഷകന്റെ താല്‍പര്യങ്ങള്‍ ഹനിക്കും. അതുകൊണ്ട് ഉല്‍പാദകന്റെയും ഉപഭോക്താവിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
ഒരു പ്രത്യേക വിള ഉല്‍പാദിപ്പിക്കാന്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കുകയും അതിനായി താങ്ങുവില പ്രഖ്യാപിക്കുകയും ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല. മികച്ച ഉല്‍പാദനം താങ്ങുവില നിലനില്‍ക്കുമ്പോള്‍ തന്നെ വിപണി വില തകര്‍ച്ചയ്ക്ക് കാരണമാകുന്നത് കര്‍ഷകര്‍ പ്രായോഗിക തലത്തില്‍ നേരിടുന്ന ദുരവസ്ഥയാണ്. അതുകൊണ്ടുതന്നെ സംഭരണം, സുരക്ഷിത ശേഖരണം, ഉല്‍പന്നങ്ങളുടെ കടത്ത് തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട ഇക്കാര്യങ്ങളെപ്പറ്റി ബജറ്റില്‍ യാതൊരു പരാമര്‍ശവുമില്ല.
കാര്യക്ഷമമായ നയരൂപീകരണത്തിനും അതിന്റെ നടത്തിപ്പിനും വിശ്വസനീയമായ സ്ഥിതിവിവരക്കണക്കുകള്‍ കൂടിയേ തീരൂ എന്ന് സാമ്പത്തിക സര്‍വേ പറയുന്നു. കൃഷി സംബന്ധമായ അത്തരം വസ്തുതകള്‍ ശേഖരിക്കാന്‍ ഗവണ്‍മെന്റ് ഇനിയും പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. അവയുടെ അഭാവത്തില്‍ കര്‍ഷകവരുമാനം ഇരട്ടിപ്പിക്കുമെന്ന വാഗ്ദാനം അര്‍ഥശൂന്യമാണ്. കര്‍ഷകഭവനങ്ങള്‍ സംബന്ധിച്ച ആശ്രയിക്കാവുന്ന കണക്കുകള്‍ പോലും സര്‍ക്കാരിന്റെ പക്കലില്ല. 2012–13 ന് ശേഷം അത്തരം യാതൊരു കണക്കെടുപ്പും നാഷണല്‍ സാമ്പിള്‍ സര്‍വേ സംഘടനപോലും നടത്തിയിട്ടില്ല. സര്‍ക്കാരിന്റെ നയരൂപീകരണത്തിന് പഴയ കണക്കുകളെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. പുതിയ കണക്കെടുപ്പ് ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമായിരിക്കുന്നു.
കൃഷി-സഹകരണ-കര്‍ഷക ക്ഷേമ വകുപ്പിനുള്ള ബജറ്റ് വിഹിതം ഇത്തവണ 67,800 കോടിയില്‍ നിന്ന് 1,30,485 കോടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ സിംഹഭാഗവും റവന്യു ചെലവുകള്‍ക്കാണ്. മൂലധന നിക്ഷേപത്തിന് വകയിരുത്തിയത് തുച്ഛമാണ്.
ഒന്നാം മോഡി സര്‍ക്കാര്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) എന്ന പേരില്‍ ഒരു സഹായ പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. പ്രതിവര്‍ഷം 2,000 രൂപയുടെ മൂന്ന് ഗഡുക്കളായി 6,000 രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നല്‍കുന്നതാണ് പദ്ധതി. പ്രതിമാസം തുച്ഛമായ 500 രൂപ! ചെറുകിട, നാമമാത്ര കര്‍ഷകരെ ലക്ഷ്യം വച്ചുള്ളതായിരുന്നു പദ്ധതി. അതിനായി മുന്‍ ബജറ്റില്‍ 75,000 കോടി രൂപ വകയിരുത്തിയിരുന്നു. ഇത്തവണ ഭൂപരിധി കൂടാതെ മുഴുവന്‍ കര്‍ഷകര്‍ക്കുമായി പദ്ധതി വിപുലീകരിക്കുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ വെള്ളിയാഴ്ച അവതരിപ്പിച്ച ബജറ്റില്‍ ഇതിന് ആവശ്യമായ അധിക വിഹിതം വകയിരുത്തിയിട്ടുപോലുമില്ല. മോഡി സര്‍ക്കാരിന്റെ കര്‍ഷകരോടുള്ള സമീപനമാണ് ഇത് തുറന്നുകാട്ടുന്നത്.

(ലേഖകന്‍ മുംബൈ ഇന്ദിരാഗാന്ധി
വികസന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്
അംഗമാണ്.)
കടപ്പാട്: ദ വയര്‍