യുപിയിൽ എൻകൗണ്ടർ രാജ്; വ്യാജ ഏറ്റുമുട്ടലുകൾ, കസ്റ്റഡിമരണങ്ങൾ

Web Desk

ന്യൂഡൽഹി

Posted on July 10, 2020, 10:55 pm

രാജ്യത്ത് വ്യാജ ഏറ്റുമുട്ടലുകളും കസ്റ്റഡിമരണങ്ങളും പെരുകുന്നു. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ എൻകൗണ്ടർ രാജ് എന്ന് വിളിക്കപ്പെടുന്ന പ്രത്യേക സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നത്.  യുപി പൊലീസിന്റെ കണക്കുകൾ പ്രകാരം ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് ഇതേവരെ 5,178 ഏറ്റുമുട്ടലുകളാണ് നടന്നിരിക്കുന്നത്. ഇതിൽ 103 കുറ്റവാളികൾ കൊല്ലപ്പെട്ടു. 17,745 ക്രിമിനലുകൾ കീഴടങ്ങുകയോ ജാമ്യം റദ്ദാക്കി ജയിലിലേക്കു മടങ്ങുകയോ ചെയ്തു. 1859 പേർക്ക് മാരകമായി പരിക്കേറ്റു. യുപിയിലെ വർധിച്ചുവരുന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ രംഗത്തെത്തിയിരുന്നു.

യുപിയിൽ ഒരു മാസത്തിനിടെ 30 ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ട്. ഇതിൽ നാല് പേർ കൊല്ലപ്പെട്ടു. 2017 മാർച്ച് മുതൽ 2019 വരെ 77 പേരാണ് യുപിയിൽ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടിട്ടുള്ളത്. ഈ കാലയളവിൽ 3,400 ഏറ്റുമുട്ടലുകൾ നടന്ന് ആദിത്യനാഥ് തന്നെ സമ്മതിച്ചിരുന്നു. കാൺപൂരിൽ എട്ട് പൊലീസുകാർ കൊല്ലപ്പെട്ട ശേഷം വികാസ് ദുബൈ അടക്കം അഞ്ചുപേരെയാണ് പൊലീസ് രണ്ട് ദിവസത്തിനുള്ളിൽ വകവരുത്തിയിട്ടുള്ളത്. ഹൈദരാബാദിൽ വെറ്റെറിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെ ഏറ്റുമുട്ടലിൽ പൊലീസ് കൊലപ്പെടുത്തിയിരുന്നു.

കസ്റ്റഡിമരണക്കേസുകളിലും ഉത്തർ പ്രദേശാണ് മുന്നിൽ നിൽക്കുന്നത്. കഴിഞ്ഞവർഷം 14 കേസുകളാണ് ഇവിടെ മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തമിഴ്‌‌നാടും പഞ്ചാബും പതിനൊന്ന് വീതം യുപിക്ക് തൊട്ടുപിന്നാലെയുണ്ട്. തൂത്തുക്കുടിയിൽ കസ്റ്റഡിയിലെടുത്ത പിതാവും മകനും മർദ്ദനമേറ്റ് മരിച്ചത് അടുത്തിടെ വൻ കോളിളക്കമുണ്ടാക്കിയിരിന്നു. കസ്റ്റഡി മരണക്കേസിൽ ശിക്ഷ ലഭിക്കാത്തതാണ് ഇത്തരം കേസുകൾ വർധിക്കാൻ കാരണമാകുന്നതെന്ന് നാഷണൽ കാമ്പയിൽ എഗയിൻസ്റ്റ് ടോർച്ചർ എന്ന സംഘടന പറയുന്നു.

നിസ്സാര കുറ്റങ്ങൾ ചുമത്തി കസ്റ്റഡിയിലെടുക്കുന്ന ആളുകൾക്ക് പോലും അതിക്രൂരമായ പീഡനങ്ങളാണ് പൊലീസ് കസ്റ്റഡിയിൽ ഏൽക്കേണ്ടിവരുന്നത്. ശാരീരിക മാനസിക പീഡനങ്ങൾക്ക് പുറമെ ലൈംഗിക പീഡനങ്ങളും പൊലീസ് കസ്റ്റഡിയിലിരിക്കെ കുറ്റാരോപിതർക്ക് നേരിടേണ്ടി വരുന്നുണ്ട്. രാജസ്ഥാനിൽ അനധികൃതമായി കസ്റ്റഡിയിലെടുത്ത ദളിത് സ്ത്രീയെ ഒമ്പതുപൊലീസുകാർ ചേർന്ന് ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയ സംഭവമുണ്ടായിരുന്നു.

രാജ്യത്ത് പ്രതിദിനം അഞ്ച് കസ്റ്റഡിമരണം

ഇന്ത്യയിൽ പ്രതിദിനം അഞ്ച് പേർ പൊലീസ്, ജുഡീഷ്യൽ കസ്റ്റഡിയിൽ മരണമടയുന്നു. 2019ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം പൊലീസ് കസ്റ്റഡിയിലിരിക്കെ 117 പേരും ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ 1,606 പേരും കൊല്ലപ്പെട്ടു. 2005 മുതൽ 2018 വരെയുള്ള കാലയളവിൽ നടന്ന 500 കസ്റ്റഡിമരണങ്ങളിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയോ കേസ് രജിസ്റ്റർ ചെയ്യുകയോ പോലുമുണ്ടായിട്ടില്ലെന്നും രേഖകൾ വ്യക്തമാക്കുന്നു.

2005നും 2018 നുമിടയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ 281 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിൽ ഒരാളെപോലും ശിക്ഷിച്ചിട്ടില്ല. 2019ൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ രജിസ്റ്റർ ചെയ്തത് കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട 1,723 കേസുകളായിരുന്നു.

Eng­lish sum­ma­ry:  Encounter deaths in UP

You may also like this video: