Thursday
23 May 2019

ശബരിമല; യാഥാസ്ഥിതികരും പുരോഗമന ശക്തികളും തമ്മില്‍ ഏറ്റുമുട്ടുന്നു: കോടിയേരി

By: Web Desk | Monday 4 February 2019 9:18 PM IST


കല്‍പറ്റ: ശബരിമല വിഷയത്തില്‍ കേരളത്തില്‍ നടക്കുന്നത് യാഥാസ്ഥിതികരും പുരോഗമന ശക്തികളും തമ്മിലുള്ള ഏറ്റുമുട്ടലാണെന്നും ഇതില്‍ പുരോഗമനപക്ഷത്തിന്റെ നിലപാടിനൊപ്പമാണ് സിപിഐ എം നിലകൊള്ളുന്നതെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

വയനാട് പ്രസ്സ്‌ക്ലബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമാവുമെന്നും കോടിയേരി പറഞ്ഞു. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് ഭരണഘടനനുസൃതമായ നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. രാഷ്ട്രീയമായി ഒരു നിലപാട് സ്വീകരിച്ചാല്‍ ഒരു സീറ്റിനോ വോട്ടിനോവേണ്ടി മാറ്റേണ്ടതല്ല നിലപാടുകള്‍. ഷബാനു കേസില്‍ വിവാഹബന്ധം വേര്‍പെടുത്തിയ മുസ്ലീം യുവതിക്ക് ജീവനാംശം നല്‍കിയ സുപ്രീം കോടതി വിധയിലും ഇത്തരം രാഷ്ട്രീയ നിലപാടെടുത്തപ്പോള്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതിന് ശേഷം 1987 നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയിക്കാനായി.

2005ല്‍ മുന്നോക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ലഭിക്കാനായി ക്രീമിലയര്‍ പരിധിയില്‍ ഉള്‍പെടുത്തുന്നതിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ക്രീമിലയര്‍ കേരളത്തിന് ബാധകമാക്കാനാവിലെന്ന് പറഞ്ഞ് കേരള നിയമസഭയില്‍ സംവരണസംരക്ഷണബില്‍ കൊണ്ടുവന്നപ്പോള്‍ അതിനെ എതിര്‍ത്തത് സിപിഐ എം മാത്രമാണ്. സ്ത്രീ പദവി ഉയര്‍ത്തുന്ന നടപടിയുമായി മുന്നോട്ട്‌പോവുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് സ്ത്രീസമൂഹത്തില്‍ പൊതുവില്‍ അംഗീകരം ലഭിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ പ്രതിബദ്ധതയുള്ള സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ വാഗ്ദാനങ്ങളെ വാഗ്ദനങ്ങളായി മാത്രമാണ് കണക്കാക്കുന്നത്.

വാഗ്ദാനങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പറഞ്ഞതാണെന്നാണ് ബിജെപി നേതാക്കള്‍ തന്നെ പറയുന്നത്. എന്നാല്‍ കേളത്തിലെ സര്‍ക്കാര്‍ കൊടുത്ത വാഗ്ദാനങ്ങള്‍ നടപ്പാക്കുകയും ഏതെങ്കിലും വാഗ്ദാനം നടപ്പാക്കാന്‍ തടസ്സം നേരിടുന്നുണ്ടെങ്കില്‍ അത് തുറന്നുപറയുകയും ചെയ്യും. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മികച്ച മുന്നേറ്റമാണ് ഉണ്ടാക്കിയത്. നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലമെല്ലാം സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയതിന്റെ ആനുകൂല്യം എല്‍ഡിഎഫിന് ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് സ്വീകരിക്കുന്ന നിലപാട് എല്‍ഡിഎഫിന്റെ വിജയസാധ്യതയെ ബാധിക്കില്ലെന്ന് കോടിയേരി പറഞ്ഞു. എന്ത് നിലപാട് സ്വീകരിക്കാനും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അവര്‍ക്ക് രാഷ്ട്രീയപാര്‍ടിയായി നിലകൊണ്ട് പരസ്യ രാഷ്ട്രീയ നിലപാട് സ്വീകരിക്കാം. മുന്‍പ് വിമോചനസമരകാലത്തും ഇവര്‍ ഇത്തരം നിലപാട് സ്വീകരിച്ചിട്ടുണ്ട്. 82ല്‍ എന്‍എസ്എസ് എസ്ആര്‍പി എന്ന രാഷ്ട്രീയ പാര്‍ടിയായി വര്‍ത്തിച്ചിട്ടുണ്ട്. അന്ന് വിവിധ സാമൂഹ്യ സംഘടനകളും എന്‍ഡിപി, ഡിഎല്‍പി എന്നിങ്ങനെ പാര്‍ടി രൂപികരിച്ച് എല്‍ഡിഎഫിനെതിരെ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. 1987ലെ തെരഞ്ഞെടുപ്പില്‍ ആ വെല്ലുവിളിനേരിട്ട് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞു.

Related News