കുടിയേറ്റക്കാർക്ക് ആശങ്ക വേണ്ട: റവന്യൂ മന്ത്രി

Web Desk
Posted on December 11, 2017, 10:51 am

മൂന്നാർ: മൂന്നാറിലെ കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട് മന്ത്രിതല സംഘത്തിന്‍റെ സന്ദർശനം ആരംഭിച്ചു. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ, വനം മന്ത്രി കെ.രാജു, വൈദ്യുതി മന്ത്രി എം.എം.മണി എന്നിവരാണ് സന്ദർശനം നടത്തുന്നത്.

അതിർത്തി നിർണയവുമായി ബന്ധപ്പെട്ട് കുടിയേറ്റക്കാർക്ക് ആശങ്കകളൊന്നും വേണ്ടെന്ന് സന്ദർശനത്തിനു മുൻപ് റവന്യൂ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൊട്ടക്കമ്പൂരും വട്ടവടയും അടക്കമുള്ള മേഖലകൾ സന്ദർശിക്കുമെന്നും മന്ത്രി അറിയിച്ചു.

സ്ഥലത്ത് വർഷങ്ങളായി താമസിക്കുന്നവർക്കും ആവശ്യമായ രേഖകൾ കൈവശമുള്ളവർക്കും ഇത് സംബന്ധിച്ച് ആശങ്കകൾ വേണ്ടെന്നു പറഞ്ഞ മന്ത്രി ഉദ്യാനത്തിന്‍റെ സംരക്ഷണവും ജനങ്ങളുടെ ആശങ്കയകറ്റുകയെന്നതുമാണ് പ്രധാന ഉത്തരവാദിത്തമന്നും വ്യക്തമാക്കി.

പ്രദേശത്തെ വിഷയങ്ങളെക്കുറിച്ച് പഠിക്കാനും സ്ഥലത്തിന്‍റെ പ്രത്യേകത മനസിലാക്കാനും ധാരണയുണ്ടാക്കാനുമാണ് മന്ത്രിതല സംഘം ഇവിടെ സന്ദർശനം നടത്തുന്നതെന്നും ഇത് സംബന്ധിച്ച് കൃത്യമായ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകുമെന്നും പറഞ്ഞ മന്ത്രി വിഷയത്തിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്നും കൂട്ടിച്ചേർത്തു.

പ്രാദേശിക ജനപ്രതിനിധികളുടെ അഭിപ്രായവും പരിഗണിക്കുമെന്നും ഇവരുമായി ചൊവ്വാഴ്ച ചർച്ച നടത്തുമെന്നും ചന്ദ്രശേഖരൻ അറിയിച്ചു.