March 26, 2023 Sunday

മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ അംഗീകരിക്കാനാവില്ല

Janayugom Webdesk
December 17, 2019 10:36 pm

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് സർവ്വകക്ഷിയോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്നാറിന്റെ പ്രത്യേകതകള്‍ സംരക്ഷിക്കുന്നതിന് എത്ര വില്ലേജുകള്‍ അതില്‍ ഉള്‍പ്പെടുത്തണം എന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇപ്പോള്‍ എട്ട് വില്ലേജുകളിലാണ് കോടതി ഉത്തരവിനെ തുടര്‍ന്ന് റവന്യു വകുപ്പിന്റെ എന്‍ഒസി ആവശ്യമായി വരുന്നത്. ഈ നിയന്ത്രണപരിധി കുറയ്ക്കുന്ന കാര്യത്തില്‍ കൂടുതല്‍ പരിശോധന ആവശ്യമാണ്. സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കും. എന്നാല്‍ ആരാധനാലയങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ മുതലായ പൊതുകെട്ടിടങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രത്യേക സമീപനം വേണ്ടി വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മൂന്നാറിന്റെ സവിശേഷതകള്‍ കണക്കിലെടുത്ത് ആ പ്രദേശം പ്രത്യേകമായി സംരക്ഷിക്കപ്പെടണം എന്നതാണ് സര്‍ക്കാർ നിലപാട്. ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് ഓരോ വര്‍ഷവും അവിടെ എത്തുന്നത്. സഞ്ചാരികള്‍ക്കു മുഴുവന്‍ മൂന്നാറില്‍ തന്നെ താമസം ഒരുക്കേണ്ടതില്ല. മൂന്നാറിന് ഉള്‍ക്കൊള്ളാവുന്ന ടൂറിസ്റ്റുകള്‍ എത്രയാണെന്ന് കണക്കാക്കേണ്ടതുണ്ട്. അതിനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ വേണ്ടി വരും. മൂന്നാറിന് പ്രത്യേകമായി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ഉണ്ടാക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. അതിനുസരിച്ചുള്ള നടപടികള്‍ എടുത്തുവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.