Janayugom Online
KKD- Comtrust-KSIDE-KKD

കോംട്രസ്റ്റ് ഏറ്റെടുക്കുന്നതിന്റെ പ്രാരംഭ നടപടികള്‍ക്ക് തുടക്കം: കെ എസ് ഐ ഡി സി സംഘം ഫാക്ടറി സന്ദര്‍ശിച്ചു

Web Desk
Posted on July 20, 2018, 10:28 pm
കെ എസ് ഐ ഡി സി സംഘം കോംട്രസ്റ്റ് ഫാക്ടറി സന്ദര്‍ശിച്ച് തൊഴിലാളികളുമായി ചര്‍ച്ച നടത്തുന്നു

കോഴിക്കോട്: മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടികള്‍ക്ക് തുടക്കം. ഇന്നലെ നോഡല്‍ ഏജന്‍സിയായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ എസ് ഐ ഡി സി) സംഘം ഇന്നലെ കോംട്രസ്റ്റ് ഫാക്ടറി സന്ദര്‍ശിച്ചു. കെ എസ് ഐ ഡി സി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ബി.ജ്യോതികുമാര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ബി ജി ബിജു, അക്കൗണ്ട്സ് ഓഫീസര്‍ ബിനാഫ് എന്നിവരാണ് ഇന്നലെ കോംട്രസ്റ്റ് ഫാക്ടറി സന്ദര്‍ശിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയെത്തിയ സംഘം തൊഴിലാളികളും മാനേജ്മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ഫാക്ടറി കെട്ടിടങ്ങളും സ്ഥലങ്ങളും പരിശോധിച്ചു. കോട്രസ്റ്റിന്റെ ആസ്തി, ബാധ്യതകള്‍, നെയ്തു ഫാക്ടറിയുടെ പുരാവസ്തു പ്രാധാന്യം, ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്‌നങ്ങള്‍, പുനരുദ്ധാരണത്തിലെ പ്രായോഗികത എന്നിവയെക്കുറിച്ച് സര്‍ക്കാറിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജ്യോതി കുമാര്‍ അറിയിച്ചു. കോംട്രസ്റ്റ് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. തുടര്‍ നടപടികള്‍ ലക്ഷ്യത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ എസ് ഐ ഡി സി സംഘവുമായി നടന്ന ചര്‍ച്ചയില്‍ കോംട്രസ്റ്റ് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഇ സി സതീശന്‍, ശിവപ്രകാശ്, പി സജീവന്‍, സി മണി, എം കെ രജീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബില്‍ രാഷ്ട്രപതി അംഗീകരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനുള്ള നോഡല്‍ ഏജന്‍സിയുടെ റോളാണ് കെ എസ് ഐ ഡി സിയ്ക്ക് നിര്‍വ്വഹിക്കാനുള്ളത്.
നേരത്തെ നെയ്ത്തു ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ട് ഉത്തരവിറങ്ങിയിരുന്നുവെങ്കിലും വിവിധ കാരണങ്ങളാല്‍ നടപടിക്രമങ്ങള്‍ ഇഴയുകയായിരുന്നു. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ശക്തമായ സമരങ്ങള്‍ക്കൊടുവിലാണ് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടുള്ള സുപ്രധാന തീരുമാനം ഉണ്ടായത്.
2012‑ല്‍ കോംട്രസ്റ്റ് സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടുള്ള ബില്‍ കേരള നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയിരുന്നു. ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചെങ്കിലും മാറിവന്ന കേന്ദ്ര സര്‍ക്കാരുകളുടെ അലംഭാവത്താല്‍ അംഗീകാരം ലഭിക്കുന്നത് വൈകുകയായിരുന്നു. ഇതിനിടെ ഫാക്ടറിയും സ്ഥലവും വില്പന നടത്തുന്നതിനായി മാനേജുമെന്റും ഭൂമാഫിയയുമായി ഒത്തുകളിയും നടന്നു. ഈ സാഹചര്യത്തിലാണ് സമരസമിതിആര്‍ക്കിയോളജിക്കല്‍ വകുപ്പിനേയും ഹൈക്കോടതിയേയും സമീപിച്ചത്.
നെയ്ത്തു ഫാക്ടറി ചരിത്ര മ്യൂസിയമാക്കണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ എസ് ഐ) ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയായിരുന്നു.കോംട്രസ്റ്റ് ഫാക്ടറി പുരാവസ്തു വകുപ്പ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സമരസമിതി കണ്‍വീനര്‍ ഇ സി സതീശന്‍ നല്‍കിയ പൊതു താല്പര്യ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി എ എസ് ഐയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.
പ്യൂമിസ് പ്രോജക്ട്‌സ് ആന്റ് പ്രോപ്പര്‍ട്ടീസിനു കൈമാറിയ 1.63 ക്കേറിലുള്ളത് പൈതൃക കെട്ടിടമാണെന്നും തറികളും ഷെഡും പൈതൃക മൂല്യമുള്ളതാണെന്നും എ എസ് ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയായിരുന്നു. 100 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടമാണിത്. ഇതില്‍നിന്ന് തറികള്‍നീക്കാനാകില്ലെന്നും അതിനു ശ്രമിച്ചാല്‍ നെയ്ത്തുശാലയുടെ ആകെ ഘടനയെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സംസ്ഥാന പുരാവസ്തു വകുപ്പും എ എസ് ഐയൂം നടത്തിയ സംയുക്ത പരിശോധനയുടേയും തുടര്‍ന്നു നടത്തിയ പഠനങ്ങളുടേയും അടിസ്ഥാനത്തിലാണ് ഫാക്ടറിയുടെ പൈതൃക മൂല്യം സംരക്ഷിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതുസംബന്ധിച്ച നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്.