വയനാട് ദുരന്തത്തിൽ കേന്ദ്ര അവഗണനയ്ക്കെതിരെയും അദാനി ഗ്രൂപ്പിനെതിരായ അഴിമതി ആരോപണങ്ങളിൽ സംയുക്ത പാർലമെന്ററി സമതി (ജെപിസി) അന്വേഷണം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടും എഐവൈഎഫ് സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിലെ വിവിധ മണ്ഡലം കേന്ദ്രങ്ങളിൽ നൈറ്റ്മാർച്ച് സംഘടിപ്പിച്ചു. വയനാട് ദുരിതബാധിതർക്കുള്ള ധനസഹായത്തിൽ കേന്ദ്രസർക്കാർ കേരളത്തെ പറഞ്ഞ് പറ്റിച്ചെന്ന് എഐവൈഎഫ് ആരോപിച്ചു. ചൂരൽമല ദുരന്തത്തിന്റെ വ്യാപ്തി നേരിട്ടെത്തി കണ്ട പ്രധാനമന്ത്രി വയനാടിനോട് കാണിച്ചത് പൊറുക്കാനാവാത്ത തെറ്റാണെന്നും എഐവൈഎഫ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം വെറുമൊരു ഫോട്ടോഷൂട്ട് മാത്രമായി അവസാനിച്ചു. 2221 കോടിയുടെ പാക്കേജ് നല്കണമെന്ന സംസ്ഥാന സർക്കാരിന്റെ അപേക്ഷയും കേന്ദ്രം അവഗണിച്ചു. ലെവൽ ത്രീ പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കുന്നതിന് ഒപ്പം തന്നെ നിലവിൽ പ്രകൃതി ദുരന്തങ്ങളുടെ വ്യാപ്‌തി നിർണ്ണയ ചട്ടക്കൂടുകളിൽ മാറ്റം വരുത്തണമെന്നും കേരളത്തോട് ബിജെപി പുലർത്തുന്ന അവഗണന ജനങ്ങളെ ദുരിതകയത്തിലേക്ക് തള്ളിവിടുന്നു എന്നും എഐവൈഎഫ് കൂട്ടിച്ചേർത്തു.
സോളാർ എനർജി കരാറുകൾ ഉറപ്പാക്കാൻ അദാനി ഗ്രൂപ്പ് 265 മില്യൺ ഡോളർ കൈക്കൂലി നൽകിയതിനു അമേരിക്കയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇന്ത്യൻ ഭരണകൂടത്തെ നിയന്ത്രിക്കുന്ന വർഗീയ‑കോർപറേറ്റ് ചങ്ങാത്തത്തിന് അമേരിക്കയിൽനേരിട്ടിരിക്കുന്നത് സമാനതകളില്ലാത്ത പ്രതിസന്ധികളാണ്. സൗരോര്‍ജ്ജ പദ്ധതിയുടെ കരാറിനുവേണ്ടി 2,029 കോടി രൂപ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തതിന്റെ പേരിലാണ് അദാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗൗതം അദാനിക്കും മറ്റ് ഏഴ് പേര്‍ക്കുമെതിരെ യു എസ് കോടതി കുറ്റപത്രം നൽകിയിരിക്കുന്നത്. സർക്കാരിന്റെ ഇത്തരത്തിലുള്ള ജനദ്രോഹ നയങ്ങൾക്കും അഴിമതിക്കുമെതിരെ ശബ്ദമുയർത്തിയാണ് എഐവൈഎഫ് ദേശീയ പ്രക്ഷോഭം സംഘടിപ്പിച്ചത്.
ഗുരുവായൂർ മണ്ഡലം കമ്മിറ്റി ചാവക്കാട് സെൻട്രൽ സംഘടിപ്പിച്ച നൈറ്റ് മാർച്ച് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്തു. ചേർപ്പിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ച് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി ആര്‍ രമേഷ്കുമാറും മണലൂരിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ പി സന്ദീപും കൊടുങ്ങല്ലൂരിൽ എഐടിയുസി ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദനും ഇരിങ്ങാലക്കുടയിൽ എഐടിയുസി ജില്ല പ്രസിഡന്റ് ടി കെ സുധീഷും കയ്പമംഗലത്ത് കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി കെ എസ് ജയയും പുതുക്കാട് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി പ്രദീപ്കുമാറും ഉദ്ഘാടനം ചെയ്തു.
തൃശൂർ നഗരത്തിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ച് എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരിയും ഒല്ലൂർ മണ്ഡലം കമ്മിറ്റി മണ്ണുത്തിയിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ച് എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീറും ഉദ്ഘാടനം ചെയ്തു. എ ഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കനിഷ്കൻ വല്ലൂർ ചാലക്കുടിയിലും വി കെ വിനീഷ് വടക്കാഞ്ചേരിയിലും ടി പി സുനിൽ ചേലക്കരയിലും ലിനി ഷാജി കുന്നംകുളത്തും ജില്ലാ വൈസ് പ്രസിഡന്റ് വൈശാഖ് അന്തിക്കാട് നാട്ടികയിലും എഐഎസ് എഫ് ജില്ലാ സെക്രട്ടറി കെ എ അഖിലേഷ് മാളയിലും ഉദ്ഘാടനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.