11 November 2024, Monday
KSFE Galaxy Chits Banner 2

യുദ്ധം അവസാനിപ്പിച്ച് ലോകത്തോട് മാപ്പ് പറയുക

Janayugom Webdesk
October 7, 2024 5:00 am

പ്രശസ്ത കവി സച്ചിദാനന്ദൻ ‘യുദ്ധം കഴിഞ്ഞ്’ എന്ന കവിതയെഴുതിയത് വർഷങ്ങൾക്ക് മുമ്പാണ്. പക്ഷേ എക്കാലത്തും പ്രസക്തമാണ് പ്രസ്തുത കവിത.
“യുദ്ധം കഴിഞ്ഞ് ശവങ്ങളുടെ കണക്കെടുപ്പു തുടങ്ങിയപ്പോൾ
കൗരവരും പാണ്ഡവരും
ഒന്നിച്ച് തലയിൽ കൈവച്ചു.
‘എന്തിനായിരുന്നു യുദ്ധം? ’ എന്ന് തുടങ്ങുന്ന കവിത,
“ഒരേ ഭൂമി ഒരേ ആകാശം
ഒരേ വെള്ളം ഒരേ ആഹാരം
പാണ്ഡവർ പാടി.
‘ഒരേ വൃക്ഷം ഒരേ രക്തം
ഒരേ ദുഃഖം ഒരേ സ്വപ്നം’
കൗരവർ ഏറ്റുപാടി.
എന്നിട്ട് അവർ തോക്കുകൾ തുടച്ചു വെടിപ്പാക്കി 

വീണ്ടും പരസ്പരം വെടിവച്ചു തുടങ്ങി” എന്നാണ് അവസാനിക്കുന്നത്. പുരാണങ്ങളിലും ഇതിഹാസങ്ങളിലും നടന്ന യുദ്ധങ്ങളെ സമകാലവുമായി കോർത്തുവച്ചാണ് അദ്ദേഹത്തിന്റെ ഈ കവിത. യുദ്ധങ്ങൾ തുടരുകയാണ്. നിരാലംബരും അസ്തിത്വത്തിനായി പോരാടുന്നവരുമായൊരു ജനതയ്ക്കുമേൽ ആധുനിക ഫാസിസത്തിന്റെ എല്ലാ രൂപഭാവങ്ങളും ആർജിച്ച ഭരണകൂടം നടത്തുന്ന അതിക്രമങ്ങൾക്ക് ഇന്ന് ഒരുവർഷമാകുകയാണ്. ഗാസയിൽ ഇസ്രയേൽ നടത്തിയ പുതിയ അധിനിവേശത്തിനാണ് ഇന്ന് ഒരാണ്ട്. ഉക്രെയ്‌നും റഷ്യയും തമ്മിലുള്ള യുദ്ധം ഒന്നര വർഷത്തിലധികമായി തുടരുന്നു. രണ്ട് യുദ്ധങ്ങളും എന്താണ് മാനവരാശിക്ക്, അല്ലെങ്കിൽ അതാതിടങ്ങളിലെ ജനങ്ങൾക്ക് നൽകിയത് എന്ന ചോദ്യത്തിന് സച്ചിദാനന്ദന്റെ കവിത തന്നെയാണ് ഉത്തരം.
ഗാസ, വെസ്റ്റ്ബാങ്ക്, ഖാൻ യൂനിസ്, ബെയ‍്റൂട്ട് എന്നിവയൊന്നും നമ്മുടെ അയൽനാടുകളല്ല. നമ്മുടെ രാജ്യത്തുപോലുമല്ല. പക്ഷേ ആ സ്ഥലനാമങ്ങൾ നമ്മുടെ നൊമ്പരപ്പേരുകളും ചിരപരിചിത പ്രദേശങ്ങളുമായി. യുദ്ധത്തിന്റെ കണക്കെടുപ്പിലൂടെയാണ് അവ നമ്മെ നൊമ്പരപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴുമുതലുള്ള ഒരുവർഷത്തിനിടെ ഗാസയിൽ കൊല്ലപ്പെട്ടത് 43,500ലധികം പലസ്തീനികളാണ്. അവരിൽ 16,000ത്തിലധികം കുട്ടികളായിരുന്നു. ഏകദേശം രണ്ടര ലക്ഷം ഗാസക്കാർ പലായനം ചെയ്തു. ഗാസയിലെ 17,000ത്തിലധികം കുട്ടികൾ കുടുംബങ്ങളെ പിരിയേണ്ടിവന്നവരാണെന്ന കണക്ക് പറയുന്നത് യൂനിസെഫാണ്. പലസ്തീനികളും ഇസ്രയേലികളും ഒരുപോലെ വിശ്വസിക്കുന്നത് ദൈവത്തെയാണ്. എന്നിട്ടും പരിശുദ്ധമെന്ന് വിശ്വസിക്കുന്ന റംസാൻ മാസത്തിലും യുദ്ധത്തിനോ കൊലകൾക്കോ ശമനമുണ്ടായില്ല. വിശ്വാസികള്‍ പട്ടിണി കിടന്ന് ദൈവത്തെ പ്രാർത്ഥിക്കുന്ന മാസത്തിലും നൂറുകണക്കിന് പേർ മരിച്ചു. മാർച്ചിൽ കടുത്ത ആകാശ — കര യുദ്ധത്തിന്റെ ഫലമായി അഭയവും ആഹാരവും നഷ്ടപ്പെട്ടവർ ക്യാമ്പുകളിൽ നിന്നിറങ്ങി വിശപ്പടക്കാൻ ഭക്ഷണപ്പൊതിക്കുവേണ്ടി കാത്തുനിന്ന വരികളിലേക്ക് ഇസ്രയേൽ അധിനിവേശസേന വെടിവച്ചപ്പോൾ മരിച്ച ഗാസക്കാരുടെ എണ്ണം 400. മാർച്ച് അവസാനദിവസം സഹായ വിതരണം കാത്തുനിന്നവർക്ക് നേരെ വീണ്ടും രണ്ട് വ്യത്യസ്ത ആക്രമണങ്ങളുണ്ടായി. 29 പലസ്തീനികൾ കൊല്ലപ്പെട്ടു. അൽ നസ്രത് ക്യാമ്പിലെ സഹായ വിതരണ കേന്ദ്രത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ എട്ട് പേരാണ് മരിച്ചത്. ആശുപത്രികൾ ഉൾപ്പെടെ ആരോഗ്യകേന്ദ്രങ്ങളും അഭയകേന്ദ്രങ്ങളായി രൂപപ്പെടുത്തിയ സ്കൂളുകളും ആക്രമിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. അൽഷിഫ ആശുപത്രിയിൽ ഇസ്രയേൽ ക്രൂരതയിൽ മരിച്ചത് 400ലധികം. ഗാസയിലെ സ്കൂളിൽ ബോംബാക്രമണമുണ്ടായി ജീവൻ നഷ്ടപ്പെട്ടത് 40 പേർക്ക്. ഗാസയിൽ കൊല്ലപ്പെട്ടത് 500 ആരോഗ്യ പ്രവർത്തകർ. ഗാസയിലെ 78 ശതമാനം സ്കൂളുകളും ഇസ്രയേൽ തകർത്തുകഴിഞ്ഞു. ഇതുവരെയുണ്ടായ ആക്രമണങ്ങളിൽ ഗാസയിലെ യുദ്ധാവശിഷ്ടങ്ങളുടെ അളവ് നാലര കോടി ടൺ. ഇത് നീക്കം ചെയ്യാൻ 15 വർഷമെടുക്കുമെന്നും 4,180–5,016 കോടി ‍ഡോളര്‍ ചെലവാകുമെന്നും ഏകദേശ കണക്ക്. 

ലോകം മുഴുവൻ ഒറ്റക്കെട്ടായി യുദ്ധം നിർത്താനും പലസ്തീന് സ്വതന്ത്രപദവി നൽകാനും ആവശ്യപ്പെടുന്നു. ഒരു കൈകൊണ്ട് സമാധാനവും മറുകൈകൊണ്ട് ഇസ്രയേലിനുള്ള സഹായങ്ങളും നൽകുന്ന യുഎസ് ഉൾപ്പെടെ രാജ്യങ്ങളുടെ ഇരട്ടത്താപ്പുണ്ടെങ്കിലും ലോകം മുഴുവൻ യുദ്ധത്തിനെതിരാണെന്നാണ് മാർച്ച്, ഏപ്രിൽ മാസങ്ങളിലും യുദ്ധ വർഷമെത്തുന്നതിന്റെ ഭാഗമായി സമീപദിവസങ്ങളിലും നടക്കുന്ന പ്രതിഷേധങ്ങൾ വ്യക്തമാക്കുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ കോടികളാണ് അണിനിരന്നത്. 17 രാജ്യങ്ങളിൽ ദശലക്ഷത്തിലധികം പേർ വീതം പങ്കെടുത്ത പ്രതിഷേധ റാലികൾ നടന്നു. ഇപ്പോഴും ഇന്ത്യയിലുൾപ്പെടെ റാലികൾ നടന്നുകൊണ്ടിരിക്കുന്നു. ഇന്ന് ഇന്ത്യയിൽ ഇടതുപാർട്ടികൾ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പലസ്തീൻ ഐക്യദാർഢ്യ ദിനമാചരിക്കുകയാണ്. ലോകം മുഴുവൻ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുമ്പോഴും പുതിയ കാരണങ്ങൾ സൃഷ്ടിച്ച് യുദ്ധം വ്യാപിപ്പിക്കുകയാണ് ഇസ്രയേൽ. അതിന്റെ ഭാഗമായിരുന്നു ഹിസ്ബുള്ള നേതാവ് ഹസൻ നസ്റുല്ലയെയും മറ്റ് പ്രമുഖരെയും വധിച്ച നടപടി. ലെബനനിൽ നടത്തിയ കര‑വ്യോമാക്രമണങ്ങളിൽ ആദ്യദിനം മാത്രം 300 ഓളം പേരാണ് മരിച്ചത്. ഇതിലും 21 കുട്ടികളായിരുന്നു. ലോകം മുഴുവൻ ആവശ്യപ്പെട്ടിട്ടും തുടരുന്ന യുദ്ധം പശ്ചിമേഷ്യയിലേക്ക് വ്യാപിപ്പിക്കുവാനാണ് നെതന്യാഹുവിന്റെ ഫാസിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നത്. അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തുന്ന ഭരണാധികാരിയാണ് ഭരിക്കുന്നത് എന്ന നാണക്കേടുള്ള രാജ്യവുമാണ് നമ്മുടേത്. യുദ്ധഭ്രാന്തും ആയുധക്കച്ചവടവും മാത്രം മനസിലുള്ളവരല്ലാതെ അതിക്രമങ്ങളെ പിന്തുണയ്ക്കുന്നില്ല. അതിനുള്ള പ്രധാന കാരണം ഇസ്രയേലിനെതിരെയുള്ളത് പലസ്തീൻ എന്ന സാമ്പത്തിക, സായുധശക്തിയല്ലെന്നും അസ്തിത്വത്തിന് വേണ്ടി നിലകൊള്ളുന്ന തികച്ചും ദുർബലമായ ഒരു ജനവിഭാഗമാണെന്നതും കൂടിയാണ്. ജനിച്ച ഭൂമിയിൽ സ്വത്വത്തിനുവേണ്ടി പോരാടുന്ന പലസ്തീനികൾക്ക് അതുമാത്രമാണ് നേടിയെടുക്കാനുള്ളത്. അതിനവർക്ക് യുദ്ധമല്ല, സമാധാനവും സ്വാതന്ത്ര്യവുമാണ് ആവശ്യം. അതിലൂടെയേ പരിഹാരമുള്ളൂ എന്ന് അവർക്ക് ബോധ്യമുണ്ട്. ആ മാർഗം ദശകങ്ങൾക്ക് മുമ്പ് തന്നെ രൂപപ്പെട്ടതുമാണ്. 1967ന് മുമ്പുള്ള അതിർത്തികളും കിഴക്കൻ ജെറുസലേം തലസ്ഥാനവുമുള്ള ഒരു സ്വതന്ത്ര പലസ്തീനിയൻ രാജ്യമെന്നതാണത്. അതിനായുള്ള സംഭാഷണവും നയതന്ത്ര നടപടികളും മാത്രമാണ് പ്രതിസന്ധി പരിഹരിക്കാനുള്ള ഏകമാർഗം. അതിന് പകരം യുദ്ധത്തിലൂടെ പലസ്തീനെ തന്നെ ഇല്ലാതാക്കുന്നതിനാണ് നെതന്യാഹുവിന്റെ നേതൃത്വത്തിൽ ഇസ്രയേൽ ശ്രമിക്കുന്നത്. മാനവരാശിയുടെ ഭാവിതന്നെ അപകടത്തിലാക്കി യുദ്ധം വ്യാപിപ്പിക്കുകയല്ല, അവസാനിപ്പിച്ച് ലോകത്തോട് മാപ്പുപറയുകയും പലസ്തീനെ സ്വതന്ത്രമായി വിടുകയും വേണമെന്നാണ് വാർഷികമെത്തുമ്പോൾ ലോകം ആവശ്യപ്പെടുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.