ഊര്‍ജ്ജം കാത്തുകൊള്ളണേ…

Web Desk
Posted on December 11, 2018, 11:38 pm

ഗിഫു മേലാറ്റൂര്‍

‘ഉയിരാണ് ഊര്‍ജ്ജം’ എന്നറിയാമോ?ജലക്ഷാമം,ഭക്ഷ്യക്ഷാമം, പവര്‍കട്ട് ഇങ്ങനെ എന്തൊക്കെ പ്രശ്‌നങ്ങളാണ് ഇന്ന് നമുക്ക് നേരിടേണ്ടി വരുന്നത്.…! മനുഷ്യന്റെ നിയന്ത്രണങ്ങളില്ലാത്ത ഉപയോഗങ്ങളാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍. ഇത് നമ്മുടെ ഊര്‍ജ്ജസ്രോതസ്സുകളെ വന്‍ തോതില്‍ ക്ഷയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
പല ക്ലാസ്സുകളിലും ഊര്‍ജ്ജവും അവ സംരക്ഷിക്കേണ്ട മാര്‍ഗ്ഗങ്ങളും പഠനവിഷയം ആണല്ലോ. കേള്‍ക്കൂ, കൂടുതല്‍ വിവരങ്ങള്‍..

പേരിനു പിന്നില്‍
എനെര്‍ജിയ എന്ന ഗ്രീക്ക്‌വാക്കില്‍ നിന്നാണ് ഊര്‍ജ്ജത്തിന്റെ ആംഗലേയ നാമം ആയ എനര്‍ജി ഉണ്ടായത്. 1807 ല്‍, തോമസ് യങ്ങ് എന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് ഇന്നത്തെ അര്‍ത്ഥത്തിലുള്ള ഊര്‍ജ്ജം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്.അത് വരെ vis­vi­va (ജീവശക്തി) എന്ന വാക്കായിരുന്നു ഉപയോഗിച്ചിരുന്നത്. ഊര്‍ജത്തിന്റെ യുണിറ്റാണ്‘ജൂള്‍’. ചലനോര്‍ജ്ജം താപോര്‍ജ്ജമായി മാറുന്നത് പരീക്ഷണത്തിലൂടെ തെളിയിച്ച ജെയിംസ് പ്രസ്‌കൊട്ട് ജൂളിന്റെ ഓര്‍മ്മക്കായാണ് ഈ പേര് നല്കിയത്.

രണ്ടു തരം ഊര്‍ജ്ജം
പ്രധാനമായും രണ്ടു തരത്തിലുള്ള ഊര്‍ജ്ജമാണ് ഭൂമിയില്‍ ഉള്ളത്. പുന സ്ഥാപിക്കാന്‍ കഴിയുന്നതും അല്ലാത്തതും.
1 എത്ര തന്നെ കൂടുതല്‍ ഉപയോഗിച്ചാലും തീര്‍ന്നു പോകാത്ത ഊര്‍ജ്ജരൂപങ്ങള്‍ renew­able ener­gy  എന്ന് പറയും. ഇവക്കുദാഹരണമാണ് സൗരോര്‍ജ്ജം, തിരമാല, കാറ്റ് തുടങ്ങിയവ. ഇവ മലിനീകരണവും ഉണ്ടാക്കുന്നില്ല.
2 എടുക്കുന്തോറും കുറഞ്ഞു കൊണ്ടിരിക്കുന്ന ഊര്‍ജ്ജ രൂപങ്ങളാണ് വീണ്ടും ഉണ്ടാക്കാന്‍ പറ്റാത്തവ. ഇവയെ ഫോസ്സില്‍ ഇന്ധനങ്ങള്‍ എന്ന് പറയുന്നു. കല്ക്കരി, പെട്രോളിയം, മണ്ണെണ്ണ എന്നിവയെ ഇക്കൂട്ടത്തില്‍ പെടുത്താം.

സൂര്യനാണ് താരം!
സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജമാണിത്. സൗരോര്‍ജ്ജത്തെ താപോര്‍ജ്ജമാക്കി ഇലകളില്‍ സൂക്ഷിക്കുകയാണ് സസ്യങ്ങള്‍ ചെയ്യുന്നത്. ഭൂമിയില്‍ ആകെയുള്ള കല്ക്കരി, പെട്രോളിയം, യുറേനിയം എന്നിവയില്‍ നിന്നൊക്കെ ലഭിക്കുന്നത്തിന്റെ ഇരട്ടി ഊര്‍ജ്ജമത്രെ ഒരു വര്‍ഷം മാത്രം സംഭരിക്കുന്ന സൗരോര്‍ജ്ജം പാരമ്പര്യേതരമായ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജരൂപവും ഇതാണ്. സ്വന്തമായി എടുക്കാവുന്നതും മലിനീകരണം ഉണ്ടാക്കാത്തതും ആവര്‍ത്തന ചെലവു വേണ്ടാത്തതുമാണ് സൗരോര്‍ജ്ജ പദ്ധതികള്‍.

രണ്ടു തരത്തില്‍ സൗരോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി
1 വലിയ ലെന്‍സോ, കണ്ണാടിയോ ഒരു പ്രത്യേക സ്ഥലത്ത് കേന്ദ്രീകരിച്ചാല്‍ ഉണ്ടാകുന്ന താപം പ്രയോജനപ്പെടുത്തുക.
2 സൗരോര്‍ജ്ജ പാനലുകള്‍ ധാരാളമായി സ്ഥാപിച്ചു ഊര്‍ജ്ജം സ്വീകരിക്കുന്ന രീതി.
ഇന്ന് സൗരോര്‍ജ്ജ പാനലുകളുടെ സാധ്യത മനുഷ്യര്‍ കൂടുതല്‍ പരീക്ഷിക്കുന്നത്, എത്ര എടുത്താലും തീരാത്തത്ര ഊര്‍ജ്ജമാണ് ഈ ചൂടന്‍ അമ്മാവന്റെ പക്കല്‍ ഉള്ളത് എന്നതിനാലാണ്.

റ്റൈഡല്‍ എനെര്‍ജി
അമ്പിളിമാമന്റെ ദാനമാണ് ഈ ഊര്‍ജ്ജം. ചന്ദ്രന്റെ വേലിയേറ്റ വേലിയിറക്ക സമയത്താണ് ഈ ഊര്‍ജ്ജം പ്രയോജനപ്പെടുത്തേണ്ടത്.വേലിയേറ്റ സമയത്ത് കരയിലേക്ക് വരുന്ന ജലം ടര്‍ബൈന്‍ കറക്കിക്കൊണ്ട് ഒരു അണക്കെട്ടിലേക്ക് കയറുന്നു. വേലിയിറക്കസമയത്ത് അതിനെ തിരിച്ചു വിടുമ്പോഴും ടര്‍ബൈന്‍ കറങ്ങും. രണ്ടു തരത്തില്‍ ടര്‍ബൈന്‍ കറങ്ങുമ്പോഴും ജനറേറ്റര്‍ പ്രവര്‍ത്തിച്ച് വൈദ്യുതി ഉണ്ടാക്കുന്നു.

തിരമാലയില്‍ നിന്നും..
സമുദ്രോപരിതലത്തില്‍ സഞ്ചരിക്കുന്ന കാറ്റാണ് തിരമാലക്ക് ജന്മം നല്കുന്നതെന്നു പഠിച്ചിട്ടുണ്ടല്ലോ, ഈ തിരമാലകളുടെ ചലനം മൂലമുള്ള ബലം കുഴലുകളിലൂടെ കടത്തി വിടുന്നു. കുഴലുകളിലെ വായുവോ,ജലമോ നല്ല ശക്തിയിലെത്തുന്നതു മൂലം ടര്‍ബൈനുകള്‍ കറങ്ങുകയും ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉണ്ടാവുകയും ചെയ്യുന്നു.

ജിയോ തെര്‍മല്‍ എനെര്‍ജി
ഭൂമിക്കടിയിലെ ചൂടന്‍ വൈദ്യുതി എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഭൂമിക്കടിയിലെ താപം (ചൂട്)ഉപയോഗിച്ച് വെള്ളം ചൂടാക്കി വൈദ്യുതി ഉണ്ടാക്കുന്ന സൂത്രമാണ് ഇത്. ഇത്തരം വൈദ്യുതി ഉണ്ടാക്കുന്ന നിലയങ്ങളാണ് ‘ജിയോ തെര്‍മല്‍ പവര്‍ സ്‌റ്റേഷനുകള്‍’

ഗ്യാസ് ഹൈഡ്‌റേട്ടറുകള്‍
പെട്രോള്‍, കല്ക്കരി തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ ഉറവ വറ്റിയാല്‍ ഭാവിയില്‍ ഇത്തരം ഊര്‍ജ്ജമായിരിക്കും നമ്മള്‍ ആശ്രയിക്കുക. ജല തന്മാത്രകള്‍ക്കുള്ളില്‍ കുടുങ്ങുന്ന വാതക തന്മാത്രകളാണ് ഇവ, ഇവയില്‍ നിന്നും വാതകത്തെ സ്വതന്ത്രമാക്കിയാല്‍ വന്‍ തോതില്‍ ഊര്‍ജ്ജം ഉല്‍പാദിപ്പിക്കാമെന്നു ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു.

കാറ്റില്‍ നിന്നും..
പുനഃസ്ഥാപിക്കാന്‍ കഴിയുന്നതും മലിനീകരണമില്ലാത്തതുമായ മറ്റൊരു ഊര്‍ജ്ജമാണ് കാറ്റില്‍ നിന്നുള്ള വൈദ്യുതി. നല്ല കാറ്റുള്ള സ്ഥലങ്ങളില്‍ കറങ്ങുന്ന കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ചു കൊണ്ടാണ് ഇത് സാധ്യമാകുന്നത്. ലോകത്താകമാനം, രണ്ടര ലക്ഷം മെഗാവാട്ട് വൈദ്യുതി കാറ്റില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്! വളരെയേറെ കാലം മുന്‍പ് തന്നെ മനുഷ്യര്‍ കാറ്റിന്റെ ഊര്‍ജ്ജം ഉപയോഗിച്ചിരുന്ന പായ്ക്കപ്പലുകള്‍ നോക്കൂ.. കാറ്റിന്റെ ഗതിയനുസരിച്ചായിരുന്നുവല്ലോ അവ നീങ്ങിയിരുന്നത്!
ചൈനയാണ് ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ജല വൈദ്യുത പദ്ധതികള്‍ ഉപയോഗിക്കുന്നത്. അവിടെ, വീട്ടുപയോഗത്തിന്റെ 17 ശതമാനവും ജല വൈദ്യുത പദ്ധതിയില്‍ നിന്നാണ് ഉണ്ടാക്കുന്നത്. ചൈനയിലെ ‘ത്രീ ഗോര്‍ജസ് ഡാം’ എന്ന അണക്കെട്ട് ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്

നമുക്കും ചെയ്യാനുണ്ട് പലതും..
ഇപ്പോള്‍ തീര്‍ന്നു കൊണ്ടിരിക്കുന്ന ഫോസ്സില്‍ ഇന്ധനങ്ങളെക്കുറിച്ചും തീരാത്ത ഊര്‍ജ്ജത്തിന്റെ സാധ്യതകളും മനസ്സിലാക്കിയില്ലേ? ഇനി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഊര്‍ജ്ജ നഷ്ടം കുറയ്ക്കാന്‍ കുറച്ചൊക്കെ നമുക്ക് സാധിക്കും. ഇവ ഒന്ന് മനസ്സിലാക്കൂ.

* സി. എഫ്. എല്‍ ബള്‍ബുകള്‍ ഉപയോഗിക്കുക.
* കമ്പ്യുട്ടറുകളില്‍ എല്‍. സി. ഡി സ്‌ക്രീന്‍ ഉപയോഗിക്കുക.
* രണ്ടു മിനിട്ടിലധികം നിര്‍ത്തിയിടുന്നുണ്ടെങ്കില്‍ വാഹനങ്ങള്‍ പൂര്‍ണ്ണമായും ഓഫ് ആക്കുക.
* ജലസംരക്ഷണം.അതിനായി പൈപ്പ് തുറന്നിട്ട് ഉപയോഗിക്കാതെ, ബാക്കറ്റിലേക്ക് വെള്ളം പിടിച്ചു മഗില്‍ വെള്ളം എടുത്തു ഉപയോഗിക്കുക.
* കാറ്റു പൂര്‍ണമായും നിറയുന്ന, റേഡിയല്‍ ടയറുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുക.
* സോളാര്‍ കുക്കറുകള്‍, ഹീറ്ററുകള്‍, സോളാര്‍ വൈദ്യുതി എന്നിവ ഉപയോഗിക്കുക.
* മരങ്ങള്‍ ഏതു കാലത്തും നട്ടുസംരക്ഷിക്കുക.
* ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ ഉപയോഗം കഴിഞ്ഞാല്‍ അപ്പോള്‍ ഓഫ് ചെയ്യുക.
* ബാറ്ററി കൊണ്ടു പ്രവര്‍ത്തിക്കുന്ന കളിപ്പാട്ടങ്ങള്‍ വാങ്ങുമ്പോള്‍, റിചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയുള്ളവ തിരഞ്ഞെടുക്കുക.
ഇങ്ങനെ ഊര്‍ജ്ജ സംരക്ഷണത്തിന് നമ്മളും നമ്മളാല്‍ കഴിയുന്നത് ചെയ്യണം എന്ന് കൂട്ടുകാര്‍ക്ക് മനസിലായില്ലേ?