തേങ്ങയിടാന്‍ യന്ത്രവുമായി എന്‍ജിനിയറിങ്ങ് വിദ്യാര്‍ത്ഥികള്‍; പ്രചോദനമായത് കൃഷിമന്ത്രിയുടെ വാക്കുകള്‍

Web Desk
Posted on July 16, 2019, 6:40 pm

ഇരിങ്ങാലക്കുട: ഇനി തേങ്ങയിടാന്‍ ആള്‍ വേണ്ട, യന്ത്രം മതി. യന്ത്രം പ്രവര്‍ത്തിപ്പിക്കാനാകട്ടെ വലിയ സാങ്കേതിക പരിജ്ഞാനവും വേണ്ട. ശാസ്ത്രസാങ്കേതിക തത്വത്തില്‍ ലളിതമായി പുതിയ കണ്ടുപിടുത്തം നടത്തിയത് കേരള സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ്. കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്റെ വാക്കുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കേര കര്‍ഷകര്‍ക്ക് നാളികേര വിളവെടുപ്പിന് സഹായിക്കുന്ന യന്ത്രത്തിന്റെ പ്രവര്‍ത്തന രൂപമാണ് വിദ്യാര്‍ത്ഥികളുണ്ടാക്കിയത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജ് മെക്കാനിക്കല്‍ വിഭാഗത്തിലെ നാല് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ യന്ത്രത്തിന് ‘കേരാ ഹാര്‍വെസ്റ്റര്‍’ എന്നാണ് ഇവര്‍ പേര് നല്‍കിയിരിക്കുന്നത്. അശ്വിന്‍ അനില്‍, എവിന്‍ പോള്‍, ജോസഫ് കാഞ്ഞിരപ്പറമ്പില്‍, കിരണ്‍ ജോയ് കോനേങ്ങാടന്‍ എന്നീ അവസാനവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളും അവരുടെ ഗൈഡ് അസിസ്റ്റന്റ് പ്രൊഫസര്‍ ശ്രീജിത്ത് ടി വി യും മറ്റു ലാബ് സഹായികളും ചേര്‍ന്നുണ്ടാക്കിയ 12 വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ നാളികേര വിളവെടുപ്പ് യന്ത്രത്തിന്റെ പ്രോട്ടോടൈപ്പിന്റെ ആകെ ചെലവ് 14000 രൂപയാണ് എന്നതും ശ്രദ്ധേയമാണ്.

കേവലം എട്ട് കിലോയില്‍ താഴെ തൂക്കം വരുന്ന ഈ യന്ത്രത്തിന് പ്രധാനമായും രണ്ട് ഭാഗങ്ങളാണുള്ളത്. തെങ്ങ് കയറാനുള്ള ഭാഗവും നാളികേരം വെട്ടിയെടുക്കുന്നതിനുള്ള മറ്റൊരു ഭാഗവും. നിലവിലെ വിളവെടുപ്പ് യന്ത്രത്തിലേതു പോലെയല്ലാതെ മാനുഷിക പ്രവര്‍ത്തനങ്ങളുടെ ആവശ്യങ്ങള്‍ വളരെ കുറച്ചാണ് ഈ യന്ത്രത്തിന്റെ പ്രവര്‍ത്തനം. മുഴുവന്‍ പ്രവര്‍ത്തനവും ഓട്ടോമേറ്റ് ചെയ്തും, വൈഫൈ മൊഡ്യൂളുകള്‍ ഘടിപ്പിച്ചുകൊണ്ടും യന്ത്രം പൂര്‍ണമായും റാബോട്ടിനെ പോലെ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് നിര്‍മ്മാണം. തെങ്ങിന്റെ താഴെ നിന്നു കൊണ്ട് ഒരു സാധാരണക്കാരന് യന്ത്രത്തിന്റെ പ്രവര്‍ത്തനം റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ സാധിക്കും. ഓരോ തെങ്ങിന്റെ തടിയനുസരിച്ച് യന്ത്രത്തിന്റെ വീലുകള്‍ മുറുകുകയും അയയുകയും ചെയ്യുമെന്നതും തെങ്ങിന്റെ മുകളിലെ അവസ്ഥ ക്യാമറയിലൂടെ താഴെ നില്‍ക്കുന്ന ഉപയോക്താവിന് സ്‌ക്രീനില്‍ കാണാന്‍ കഴിയുമെന്നതും യന്ത്രത്തിന്റെ പ്രവര്‍ത്തന മികവുകളാണ്.

കൃഷി വകുപ്പ് മന്ത്രി സുനില്‍കുമാര്‍ ഒരിക്കല്‍ കോളേജില്‍ ഒരു ഉദ്ഘാടന ചടങ്ങില്‍ ഇത്തരത്തിലുള്ള വിളവെടുപ്പ് യന്ത്രത്തിന്റെ ആവശ്യകതയെപ്പറ്റി പറഞ്ഞതാണ് പ്രധാന പ്രചോദനമായതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മാനേജ്‌മെന്റ്‌ന്റെയും പ്രിന്‍സിപ്പാളിന്റെയും മെക്കാനിക്കല്‍ വകുപ്പ് തലവന്റെയും പ്രോത്സാഹനവും കേര ഹാര്‍വെസ്റ്റ്‌റിന്റെ നിര്‍മ്മാണത്തിലേക്ക് എത്തിക്കാന്‍ സഹായിച്ചു. നാട്ടില്‍ നാളികേര വിളവെടുപ്പിനായി തൊഴിലാളികളെ കിട്ടാത്ത അവസ്ഥയും, കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ തെങ്ങ് കൃഷി വര്‍ധിപ്പിക്കുന്നതും ഇത്തരത്തിലുള്ള യന്ത്രങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കോക്കനട്ട് ഹാര്‍വെസ്റ്റര്‍ രൂപകല്‍പന ചെയ്ത വിദ്യാര്‍ത്ഥികളും മാര്‍നിര്‍ദ്ദേശകരായ അധ്യാപകരും.

you may also like this video