സ്വീഡന്‍റെ കോട്ടയിലേക്ക് ഇംഗ്ലണ്ട്

Web Desk
Posted on July 07, 2018, 4:35 pm

മോസ്‌കോ: ലോകം അവസാന നാലിലേക്ക് ചുരുങ്ങുമ്പോള്‍ അതിലൊരാളാകാന്‍ കച്ചമുറുക്കി ഇംഗ്ലണ്ടും സ്വീഡനും ഇന്നിറങ്ങും.ലോകകപ്പിലെ മൂന്നാം ക്വാര്‍ട്ടര്‍ മത്സരം സ്വീഡിഷ്പ്പടയുടെ ശക്തമായ പ്രതിരോധവും ഇംഗ്ലണ്ടിന്‍റെ ആക്രമണശേഷിയും തമ്മിലുള്ള മല്‍പ്പിടുത്തംകൂടിയാകും.

പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലാന്റിനോട് എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ച സ്വീഡനും, കൊളംബിയയെ പെനാല്‍റ്റി ഷുട്ടൗട്ടില്‍ മുട്ടുകുത്തിച്ച ഇംഗ്ലണ്ടിനും ക്വാര്‍ട്ടറില്‍ പറയാന്‍ കഥകളേറെയാണ്. എമില്‍ ഫോര്‍സ്ബര്‍ഗ്, ആന്ദ്രേ ഗ്രാന്‍ക്വിസ്റ്റ് എന്നിവരടങ്ങുന്ന പ്രതിഭാസമ്പന്നരാണ് സ്വീഡിഷ് നിരയിലുള്ളത്. ജര്‍മ്മനിക്കെതിരെ പൊരുതി തോറ്റത് മാറ്റി നിര്‍ത്തിയാല്‍ സ്വീഡിഷ് പ്രതിരോധത്തില്‍ വിള്ളലുണ്ടാക്കാന്‍ മറ്റൊരു ടീമിനും സാധിച്ചിട്ടുമില്ലാ.

ഈ ലോകകപ്പിലെ സ്വീഡിഷ് കാവല്‍ക്കാരനായ റോബിന്‍ ഒല്‍സനെ മറികടന്ന് രണ്ട് തവണമാത്രമാണ് പന്ത് വലയില്‍ എത്തിയത്. അതുകൊണ്ട് തന്നെ ഇവരെ മറികടന്ന് വല ചലിപ്പിക്കുകയെന്നത് ഇംഗ്ലണ്ടിന് വലിയ വെല്ലുവിളിയാണ്. എന്നാല്‍ ലയണ്‍സിന്റെ സൂപ്പര്‍ താരം ഹാരി കെയിനെ പിടിച്ചുകെട്ടാന്‍ സ്വീഡിഷ്പ്പടയ്ക്ക് കഴിയാതെ വന്നാല്‍ മത്സരം കൈവിടേണ്ട സ്ഥിതിയുണ്ടാകും.

റഷ്യന്‍ ലോകകപ്പിലെ ഗോളടിയില്‍ മുന്നിലുള്ള ഹാരി കെയിനില്‍ പ്രതീക്ഷയൂന്നി തന്നെയാണ് ഇഗ്ലണ്ട് കിരീടം സ്വപ്‌നം കാണുന്നത്. വീണുകിട്ടുന്ന അവസരങ്ങളെ വളരെ വേഗത്തില്‍ വലയിലെത്തിക്കാനുള്ള കഴിവു തന്നെയാണ് ഈ പ്രതിഭയുടെ മികവും. ഇത് പനാമയ്‌ക്കെതിരെയുള്ള മത്സരത്തില്‍ അദ്ദേഹത്തിന്റെ കാലുകള്‍ തെളിയിച്ചതുമാണ്.
ചരിത്രം കുറിക്കാന്‍ സ്വീഡനും പഴങ്കഥകളെ മാറ്റിയെഴുതാന്‍ ഇംഗ്ലണ്ടും കളത്തിലിറങ്ങുമ്പോള്‍ മത്സരത്തിന്റെ മാറ്റ് കൂടുമെന്നകാര്യം തീര്‍ച്ച. എന്നാല്‍ ചരിത്രത്തിലെ കണക്കുകള്‍ ഇംഗ്ലണ്ടിനൊപ്പമാണ്. എന്നാല്‍ അട്ടിമറികളിലൂടെ ചരിത്രം മാറ്റിയെഴുതുന്ന സ്വീഡിഷ് പടയ്ക്ക് കണക്കുകള്‍ വെല്ലുവിളിയല്ല. ലയണ്‍സിന്റെ പ്രഹരത്തിനുമുന്നില്‍ കീഴടങ്ങിയാല്‍ ലോകകപ്പെന്ന സ്വപ്‌നത്തെ മനസ്സില്‍ അടക്കിവെക്കേണ്ടി വരുമെന്ന് ഇവര്‍ക്കറിയാം.
സസ്‌പെന്‍ഷന് ശേഷം സെബാസ്റ്റ്യന്‍ ലാര്‍സന്‍ തിരിച്ചെത്തുമ്പോള്‍ പ്രതിരോധത്തിലെ വിശ്വസ്തനായ മികായേല്‍ ലുസ്റ്റിഗിനെ സ്വീഡന് നഷ്ടമാകും. ഇംഗ്ലണ്ട് നിരയില്‍ പരുക്കിന്റെയോ സസ്‌പെന്‍ഷന്റെയോ ആശങ്കകളില്ല. ഇരുവരും തമ്മില്‍ ഇതുവരെ 23 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ട് ടീമുകള്‍ക്ക് ഏഴ് വിജയം വീതമാണ് നേടാനായിട്ടുള്ളത്. ഒമ്പത് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.