Web Desk

ചെന്നൈ

February 14, 2021, 5:40 pm

രണ്ടാം ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ ലീഡ്

Janayugom Online

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം കളി പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയ്ക്ക് 249 റൺസിന്റെ ലീഡ്. ആദ്യ ഇന്നിങ്‌സില്‍ വെറും 134 റണ്‍സിന് ഇംഗ്ലണ്ടിനെ പുറത്താക്കിയ ഇന്ത്യ 195 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യ, രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സ് നേടിയിട്ടുണ്ട്. രോഹിത് ശര്‍മ (25) ചേതേശ്വര്‍ പൂജാര എന്നിവരാണ് ക്രീസില്‍. 14 റണ്‍സെടുത്ത ശുഭ്മാന്‍  ഗില്ലിനെ ജാക്ക് ലീച്ച് പുറത്താക്കി.

നേരത്തെ, ഇന്ത്യ ഉയര്‍ത്തിയ ഒന്നാം ഇന്നിംങ്സ് സ്കോറായ 329 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് 134 റണ്‍സിന് ഓള്‍ഔട്ടായി. ആര്‍ അശ്വിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചത്. ഇന്ത്യയ്ക്കായി അക്‌സര്‍ പട്ടേല്‍, ഇശാന്ത് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 42 റണ്‍സെടുത്ത ഫോക്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.

ഇംഗ്ലണ്ട് ഇന്നിംങ്സിന്റെ ആദ്യ ഓവറില്‍ തന്നെ ബേണ്‍സ്, ഇശാന്തിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയിരുന്നു. ശേഷിക്കുന്ന മൂന്ന് വിക്കറ്റും സ്പിന്നര്‍മാര്‍ക്കായിരുന്നു. നല്ല രീതിയില്‍ കളിച്ചുവരികയായിരുന്ന സിബിലി അശ്വിന്റെ പന്തില്‍ സ്വീപ്പിന് ശ്രമിച്ചപ്പോള്‍ ലെഗ് സ്ലിപ്പില്‍ ക്യാപ്റ്റന്‍ കോലിക്ക് ക്യാച്ച് നല്‍കി. അക്‌സര്‍ പട്ടേല്‍ അരങ്ങേറ്റ ടെസ്റ്റില്‍ ജോ റൂട്ടിനെയാണ് (6) പുറത്താക്കി കരിയര്‍ ആരംഭിച്ചു. ആദ്യ രണ്ട് സെഷനില്‍ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് നഷ്ടമായി. ചായയ്ക്ക് ശേഷം തുടക്കത്തില്‍ തന്നെ ഇന്ത്യ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു. ബെന്‍ ഫോക്‌സാണ് ഇംഗ്ലണ്ടിനെ ഫോളോഓണ്‍ ഭീഷണിയില്‍ നിന്ന് പുറത്തെത്തിച്ചത്.

പരമ്പരയില്‍ രണ്ടാം തവണയാണ് അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ഡൊമിനിക് സിബ്ലി (16), ഡാനിയേല്‍ ലോറന്‍സ് (9), ബെന്‍ സ്‌റ്റോക്‌സ് (18), ഒല്ലീ സ്‌റ്റോണ്‍ (1), സ്റ്റുവര്‍ട്ട് ബ്രോഡ് (0) എന്നിവരാണ് അശ്വന് മുന്നില്‍ വീണത്. ആദ്യ ടെസ്റ്റിലും അശ്വിന്‍ അഞ്ച് വിക്കറ്റ് നേടിയിരുന്നു. 23.5 ഓവറില്‍ വെറും 43 റണ്‍സ് മാത്രമാണ് അശ്വിന് വിട്ടുനല്‍കിയത്.

300 ന് ആറ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 329 റണ്‍സിന് പുറത്തായിയിരുന്നു. അര്‍ധസെഞ്ചുറി നേടി ഋഷഭ് പന്ത് പുറത്താവാതെ നിന്നു. ആദ്യ ദിനത്തില്‍ രോഹിത് ശര്‍മ (161), അജിന്‍ക്യ രഹാനെ (67) എന്നിവരും മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു.

Eng­lish sum­ma­ry; Eng­land- india sec­ond test day 2 updates
You may also like this video: