ക്രിക്കറ്റിന്റെ ഏറ്റവും സുന്ദരമായ ഫോര്‍മാറ്റ് എന്നാണ് ടെസ്റ്റ് ക്രിക്കറ്റിനെ വിശേഷിപ്പിക്കുന്നത്. തുടര്‍ച്ചയായ അഞ്ച് ദിവസം മൈതാനത്തിറങ്ങി വിജയം കൈപ്പിടിയിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഒരു അപൂര്‍വ്വ സംഭവം നടന്നിട്ട് ഇന്നേക്ക് രണ്ട് പതിറ്റാണ്ട് തികയുകയാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ മുമ്പ് സംഭവിച്ചിട്ടില്ലാത്തതും ഇനി സംഭവിക്കാന്‍ സാധ്യതയില്ലാത്തതുമായ ഒരു അത്യപൂര്‍വ്വ മത്സരം.
2000 ലെ രണ്ട് മികച്ച ടെസ്റ്റ് ടീമുകള്‍. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും. പരമ്പരയിലെ അഞ്ചാം ടെസ്റ്റ് മത്സരം. എന്നാല്‍ ഈ ടെസ്റ്റിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ഇരു ടീമുകളും ഓരോ ഇന്നിംഗ്സ് മാത്രമേ ബാറ്റ് ചെയ്തുള്ളു. മത്സരത്തില്‍ ഇംഗ്ലണ്ട് വിജയിക്കുകയും ചെയ്തു.
ജനുവരി 14 ന് മത്സരം ആരംഭിച്ചു. ആദ്യം ബാറ്റ് ചെയ്യുന്നത് ദക്ഷിണാഫ്രിക്ക. ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ അവര്‍ ആറിന് 155 റണ്‍സ് നേടി. രണ്ടാം ദിനമെത്തിയ മഴ മൂന്നും നാലും ദിവസങ്ങളിലും തുടര്‍ന്നു. ഇതോടെ മൂന്ന് ദിവസത്തെ മത്സരങ്ങള്‍ മഴകൊണ്ട് പോയി.അവശേഷിക്കുന്നത് ഒരു ദിവസം മാത്രം. ഈ മത്സരത്തില്‍ ഒരു വിജയി ഉണ്ടാകില്ലായെന്ന് എല്ലാവരും കരുതി.
എന്നാല്‍ അഞ്ചാം ദിനം മത്സരം തുടങ്ങുന്നതിന് മുമ്പ് ഇംഗ്ലീഷ് ക്യാപ്റ്റന്‍ നാസര്‍ ഹുസൈനും ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണിയയും കണ്ടുമുട്ടി. ഇരുവരും ഒരു നിര്‍ണായക തീരുമാനവും എടുത്തു. മത്സരത്തിന്റെ ഓരോ ഇന്നിങ്സ് വീതം ഉപേക്ഷിക്കുക. ഇതോടെ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സ് എട്ടിന് 248 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു.
ക്രിക്കറ്റ് നിയമങ്ങളില്‍ ഒന്നാമിന്നിങ്സ് ഉപേക്ഷിക്കാന്‍ അനുവാദമില്ലാത്തത് കൊണ്ട് ഇംഗ്ലണ്ട് അവരുടെ ഇന്നിങ്സ് റണ്‍സെടുക്കാതെ ഡിക്ലയര്‍ ചെയ്തു. പിന്നാലെ ദക്ഷിണാഫ്രിക്ക രണ്ടാമിന്നിങ്സും ഉപേക്ഷിച്ചു. ഇതോടെ അവശേഷിക്കുന്നത് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംങ്സ് മാത്രം. അവര്‍ക്ക് വിജയിക്കാന്‍ വേണ്ടത് 249 റണ്‍സും. രണ്ടാം ഇന്നിംങ്സില്‍ 75.1 ഓവറില്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ടെസ്റ്റ് ക്രിക്കറ്റില്‍ അന്നേവരെ കണ്ടിട്ടില്ലാത്ത ഒരു അത്യപൂര്‍വ്വ മത്സരത്തിന് തന്നെയായിരുന്നു അന്ന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.