Web Desk

കളിയെഴുത്ത് 

March 03, 2020, 10:25 am

അടിതെറ്റിയാൽ ലിവർപൂളും വീഴും

Janayugom Online

പന്ന്യൻ രവീന്ദ്രൻ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അപരാജിത മുന്നേറ്റം ആവർത്തിക്കുകയാണ് ലിവർപൂൾ. 18 മത്സരങ്ങളിൽ വിജയിച്ചു കൊണ്ട് പോയിന്റ് പട്ടികയിൽ അവർ ഒന്നാം സ്ഥാനത്താണ്. അവസാന മത്സരത്തിൽ അവർ കുറച്ച് ഒതുങ്ങിയാണെങ്കിലും വെസ്റ്റ് ഹാമിനെ തോല്പ്പിച്ചു കൊണ്ടാണ് അപരാജിത റെക്കോഡിനൊപ്പമെത്തിയത്. 2017 ഓഗസ്റ്റ് — ഡിസംബർ കാലത്ത് മാഞ്ചസ്റ്റർ സിറ്റിക്കാണ് 18 കളികൾ വിജയിച്ച റെക്കോർഡ് നിലവിലുള്ളത്. സിറ്റിയുടെ അപരാജിത റെക്കോഡാണ് ലിവർപൂൾ സ്വന്തമാക്കിയത്. മുഹമ്മദ് സലയും സാദിയോ മാനെയും വിയർത്തു കളിച്ചാണ് അഭിമാനനേട്ടം പിടിച്ചെടുത്തത്. 18-ാമത്തെ മത്സരം ഉദ്വേഗജനകമായിരുന്നു. അത്രയൊന്നും കാര്യമായ ടീമായിരുന്നില്ല എതിരാളി. ലീഗിൽ ഒമ്പതാം സ്ഥാനത്തുള്ള വെസ്റ്റ്ഹാമായിരുന്നു എതിരാളി. ഈ സീസണിൽ വാക്കോവർ പ്രതീക്ഷിച്ചെത്തിയ ലിവർപൂൾ വിയർത്തു കുളിച്ചു എന്ന് പറയുന്നതാകും ശരി. കളി തുടങ്ങി ഒമ്പതാം മിനിറ്റിൽ ലിവർപൂളിന്റെ വല കുലുങ്ങി. രണ്ടാം പകുതിയിൽ ലീഡുമായി എതിരാളികൾ കളിക്കളം അടക്കിവാണു.

സ്കോർ 2–1 അ­പ്പോഴേക്കും 54 മിനിട്ട് പിന്നിട്ടു. സ്വന്തം മൈതാനത്ത് നാട്ടുകാരുടെ മു­ന്നിൽ തോൽവി അചിന്ത്യമായിരുന്നു. ലിവർപൂളിന് 68 -ാം മിനിറ്റിൽ മുഹമ്മദ് സലയും 81 -ാം മിനിറ്റിൽ സാദിയോ മാനെയും ടീമിന്റെ രക്ഷകരായി മാറി. 27 കളികളിൽ 79 പോയിന്റ് ലിവറിന്റെ അക്കൗണ്ടിലുണ്ട്. എല്ലാ പ്രതിസന്ധികളും വേട്ടയാടുന്ന മാഞ്ചസ്റ്റർ സിറ്റിയാണ് തൊട്ടുപിന്നിലുള്ളത്. സിറ്റിക്ക് 27 കളിയിൽ 57 പോയിന്റുണ്ട്. ഇനിയും 11 കളികൾ ലിവറിന്‌ ബാക്കിയുണ്ട്. അതിൽ നാല് കളി ജയിച്ചാൽ ആദ്യമായി പ്രിമിയർ ലീഗ് കിരീടം സ്വന്തമാക്കാം. ഇപ്പോഴത്തെ ഫോം നിലനിർത്തിയാൽ അത് സാധ്യമാക്കാനെളുപ്പമാണ്. ചെമ്പടയുടെ 18 വിജയവും കഴിഞ്ഞ് റെക്കോഡിന്റെ നെറുകയിൽ നിൽക്കുമ്പോഴാണ് 19-ാം മത്സരത്തിൽ ഒരു തിരിച്ചടി നേരിട്ടത്. അതുതന്നെ ഓർക്കാപ്പുറത്തായിരുന്നു. ചെമ്പടയെ തകർത്തത് വാറ്റ്ഫോർഡ് കാൽഡസൻ ഗോളിന്. റെക്കാഡ്‌ നഷ്ടമായത് പ്രശ്നമല്ല, തോൽവി നാണിപ്പിക്കുന്നതായി. ഫുട്ബോളിൽ ചില തിരിച്ചടികൾ വലിയ ഒരുക്കത്തിന്റെ ഊർജ്ജമാണ്. വിലക്കിന്റെ ചങ്ങലയുണ്ടെങ്കിലും ജയത്തിന്റെ വഴിയിൽ കൂടുതൽ വീര്യത്തോടെ മുന്നേറുന്ന മാഞ്ചസ്റ്റർ സിറ്റി അട്ടിമറി വിജയത്തോടെയാണ് കരുത്തരായ റയൽ മാഡ്രിഡിനെ വീഴ്ത്തിയത്.

രണ്ടു വർഷത്തേക്ക് കളിവിലക്കും ഫൈനും നിലനിൽക്കെ മാനസികമായി തകർന്ന സിറ്റി, കളിക്കളത്തിൽ വർദ്ധിതവീര്യമാണ് പ്രകടിപ്പിച്ചത്. യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ മ­­ത്സരത്തിലാണ് റയലിനെ 2–1 ന് തുരത്തിക്കൊണ്ട് സിറ്റി വിജയം ആഘോഷിച്ചത്. കളിയുടെ 68-ാം മിനിറ്റിൽ ലീഡ്‌ നേടി റയൽ സ്വന്തം തട്ടകത്തിൽ മുന്നിലെത്തിയെങ്കിലും 73-ാം മിനിറ്റിൽ ജീസസിലൂടെ റയൽ പകരം വീട്ടി. 82-ാം മിനിറ്റിൽ പെനാൽറ്റി ഗോളിലൂടെ സിറ്റി മുന്നിലെത്തിയതും ഫൗൾ ചെയ്ത ക്യാപ്റ്റൻ സെർജിയോ റാമോസിന് ചുവപ്പ് കാർഡിൽ പുറത്തുപോകേണ്ടി വന്നതും റയലിനെ ദുർബ്ബലമാക്കി. യുവേഫ ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ ദിവസം ചെൽസിക്കെതിരെ ബയേൺ മ്യൂണിക്ക് തകർപ്പൻ ജയം നേടിയപ്പോൾ ആസ്വാദകർ ചോദിച്ചു, ചെൽസിക്ക് എന്തു പറ്റിയെന്ന്. കാരണം തോൽവി കനത്തതാണ് സ്കോർ 3.0. ചെൽസിയെ നിഷ്‌പ്രഭമാക്കിയ ആദ്യ പാദം. യൂറോപ്പിലാകമാനം കളിയരങ്ങുകളാണ്. പ്രമുഖർ കൊണ്ടും കൊടുത്തുമാണ് മുന്നേറുന്നത്. പ്രീ ക്വാർട്ടറിന്റെ രണ്ടാം പാദം കരുതലോടെ തന്നയാകും. ഇന്ത്യൻ ഫുട്ബോളിലെ പ്രശസ്തരും ആദ്യകാല ചാമ്പ്യൻമാരുമായ മോഹൻ ബഗാൻ ചരിത്രത്തിൽ ഇടം പിടിച്ചവരുമാണ്. ബഗാൻ ചരിത്രത്തിൽ നിറഞ്ഞു നി­ൽക്കുമ്പോഴും ഈ വർഷം സ്വന്തം പേരു് എടികെയുടെ കൂ­ടെ ചേർത്ത് രൂപമാറ്റം വരുത്തിക്കൊണ്ടിക്കുന്നു.

you may also like this video;


ഇന്ത്യൻ ഫുട്ബോളിൽ ബാഴ്സലോണയെ പോലെയായിരുന്ന ബാഗനാണ് സ്വാതന്ത്ര്യ സമരത്തിൽ രാജ്യം മോചിപ്പിക്കും മുൻപ് ബ്രിട്ടീഷുകാരെ വീഴ്ത്തിയത്. എണ്ണിയാൽ തീരാത്ത റെക്കോഡുകളും ചാമ്പ്യൻ പട്ടവും സ്വന്തമാക്കിയവർ ഇപ്പോൾ ആധുനിക ഫുട്ബോൾ രംഗത്ത് അത്ഭുത റെക്കോർഡും സ്വന്തമാക്കിയിരിക്കുന്നു. 2006 ൽ നടന്ന ലോകകപ്പിൽ അർജന്റീനയുടെ പേരിൽ നിലനിൽക്കുന്ന റെക്കോഡാണ് ബഗാൻ ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം സ്വന്തം പേരിലാക്കിയത്. ഐ ലീഗ് ഫുട്ബോളിൽ ശക്തരായ ഗോവയ്ക്ക് ചർച്ചിൽ ബ്രദേഴ്സാണ് എതിരാളി. എതിർ ടീമിനെ കാഴ്ച്ചക്കാരാക്കി 23 പാസുകൾ പരസ്പരം കൈമാറി ആരെയും തൊടാൻ അനുവദിക്കാതെ മനോഹര ഗോൾ. കാഴ്ച്ചക്കാർ കണ്ണുമിഴിച്ചിരുന്നു പോയി. തജാക്കിസ്ഥാൻ താരമായ കോംറോൺ തുർസ നോവാണ് ഗോൾ നേടിയത്. ലോകഫുട്ബാളിൽ അത്ഭുതങ്ങളും അസാധാരണ ഷോട്ടുകളം മാറിമാറി പ്രകടിപ്പിക്കുമ്പോൾ പഴയ കാലത്തെ കളിയിൽ നിന്ന് പാടെ മാറിയെന്ന് ആരാധകർക്ക് തോന്നും. പ്രൊഫഷണൽ ഫുട്ബോളിൽ ഊഹിക്കാൻ പോലും തോന്നാത്ത ടെക്നിക്കുകളാണ് നേർകാഴ്ചകളാകുന്നത്. ഗോകുലത്തിന്റെ കളിക്കരുത്ത് സ്വന്തം തട്ടകത്തിൽ വീണ്ടും പ്രകടിപ്പിച്ച മത്സരമാണ് പഞ്ചാബ് എഫ്‌സിക്കെതിരെ നടന്നത്. പോയിന്റിൽ രണ്ടാം സ്ഥാനക്കാരായ പഞ്ചാബിനെ വര വരഞ്ഞു നിർത്തിയാണ് ഞങ്ങളും മോശക്കാരല്ലെന്ന് ഗോകുലം പ്രഖ്യാപിച്ചത്. ജയിച്ചാൽ സ്ഥാനക്കയറ്റം, തോറ്റാൽ സ്ഥാനനഷ്ടം എന്ന നിലയിൽ തുടങ്ങിയ കളിയിൽ നന്നയി പൊരുതി അപരാജിതരായി എന്ന് ആശ്വസിക്കാം.

നാലിൽ ഒന്നാവാനുള്ള ലക്ഷ്യത്തിലെത്താൻ കടമ്പകൾ ഏറെയാണ്. ലോകം കാത്തിരുന്ന എൽ ക്ലാസിക്കോയിൽ ഇന്നലെ റയൽ മാഡ്രിഡ് വിജയക്കൊടി പാറിച്ചു. കളിയുടെ 70 മിനിറ്റ് നേരവും തുല്യത പാലിച്ച മത്സരത്തിന്റെ ചുക്കാൻ ബാഴ്സയുടെ കയ്യിലായിരുന്നു. ആദ്യപകുതിയിൽ റയലിന്റെ തന്ത്രം ബാഴ്സയെ തളയ്ക്കലായിരുന്നു. ബാഴ്സ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും റയൽ ഡിഫൻസിന്റെ മുൻപിൽ അവർ നിസ്സഹായരാവുകയായിരുന്നു. കളിയുടെ 70-ാമത്തെ മിനിറ്റിലാണ് ബാഴ്സയെ ഞെട്ടിച്ച ഗോൾ പിറന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിടവ് നികത്താൻ കഴിയാത്ത റയലിന് രക്ഷകനായത് ബ്രസീലിയൻ വീര്യം കളിയരങ്ങിൽ നേർകാഴചയാക്കിയ ജീസസിന്റെ ഗോളിലൂടെയാണ്. നിതാന്തശത്രുക്കളായ ബാഴ്സയും റയലും മുഖാമുഖം കാണുമ്പോൾ മത്സരം പ്രവചനാതീതമായിരിക്കും. മെസിയുടെ മാന്ത്രിക വിദ്യകൾ കളിക്കളത്തെ സജീവമാക്കുന്ന അനർഗ്ഗനിമിഷങ്ങളിൽ, വിജയം ബാഴ്സയെ തലോടുമായിരുന്നു. തന്ത്രങ്ങളുടെ ഗുരുസ്ഥാനീയർ കച്ചകെട്ടുമ്പോഴുള്ള അവസ്ഥയായിരുന്നു ഇന്നലെ. ബാഴ്സയ്ക്ക് നേരിട്ട പരാജയം മെസിയെന്ന ലോക ഫുട്ബാളറുടെ കരിയറിനെയും മങ്ങലേല്പിക്കും. അവസാന 20 മിനുട്ടുകൾ തികഞ്ഞ ആധിപത്യമാണ് റയലിന്റെ വിജയം ഉറപ്പിച്ചത്. ഒരു ജോഡി ഗോളിന്റെ വ്യക്തമായ മുൻതൂക്കത്തോടെ ആധികാരിക ജയം. തോൽക്കാൻ മനസില്ലാത്ത തുല്യർ പൊരുതുമ്പോൾ വിജയം തലനാരിഴയ്ക്കായിരിക്കും. അതുതന്നെ നിശ്ചയിക്കുന്നതിൽ കോച്ചിന്റെ തന്ത്രങ്ങൾ മുഖ്യപങ്കാളിയാണെന്ന് റയലിന്റെ വിജയം ഓർമ്മപ്പെടുത്തുന്നു.

ക്രിക്കറ്റ് മൈതാനം വനിതകൾ സജീവമാക്കുമ്പോൾ പുരുഷകേസരികള്‍ ആലസ്യത്തിൽ

ഇന്ത്യയുടെ ക്രിക്കറ്റ് ഗ്രൗണ്ടുകളെ സജീവമാക്കാൻ വനിതകൾ രംഗത്തെത്തിയപ്പോൾ പുരുഷ കേസരികൾ ആലസ്യത്തിലായത് പോലെയാണ് ഒടുവിലത്തെ നില. വനിതാ ടി20 ലോകകപ്പിന്റെ വിജയക്കുതിപ്പിലാണ് ഇന്ത്യൻ സൈന്യം. ഗ്രൂപ്പിലെ നാല് മത്സരങ്ങളും ജയിച്ച് അപരാജിതരായാണ് സെമിയിലേക്ക് കുതിച്ചത്. നിലവിലുള്ള ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ 17 റൺസിന് മറികടന്നതും ബംഗളാദേശിനെയും ന്യൂസിലൻഡിനെയും അതിജീവിച്ചതും ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ബാറ്റിംഗിലും ബൗളിങിലും ഇന്ത്യ മികവ് നിലനിർത്തുന്നുണ്ട്. ന്യൂസിലൻഡിനെതിരെ നടന്ന പോരാട്ടം ഇഞ്ചോടിഞ്ചു തന്നെയാരുന്നു. ജയം നാല് റൺസിന്. ഷെഫാലി വർമ്മയുടെ അസാധാരണ ബാറ്റിങ്ങും ബൗളർമാരുടെ കൃത്യതയും ന്യൂസിലൻഡിന് വിനയായി. നാല് കളിയും ജയിച്ചു. ഫുൾ പോയിന്റുമായി സെമിയിലെത്തുന്ന ഇന്ത്യ പ്രതീക്ഷയുടെ ഉത്തുംഗ ശ്രേണിയിലാണ്. വനിതകളുടെ ജയഭേരിയുമായി രാജ്യം മുന്നേറുമ്പോഴാണ് പുരുഷ കേസരികളുടെ വഴിയിറക്കം കാണുന്നത്. ന്യുസിലൻഡിനെതിരായ ടെസ്റ്റിൽ ഇന്ത്യ ചുരുങ്ങിപ്പോകുന്ന കാഴ്ചയാണ് കണ്ടത്. കളിയിൽ ജയിക്കും തോൽക്കും. എന്നാൽ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യൻ ടീം പലപ്പോഴും നിഴൽ മാത്രമാണ്. മുൻനിരക്കാർ പെട്ടെന്ന് മടങ്ങുമ്പോൾ പിൻനിരക്കാരും വലിയ മാറ്റമില്ലാതെ മടങ്ങുന്നു. ലോക ക്രിക്കറ്റിലെ ആധിപത്യനിരയിലെ മുൻനിരക്കാരായ ഇന്ത്യൻ ടീമിലെ മികച്ചവർ അലസനില മാറ്റിയില്ലെങ്കിൽ ക്രിക്കറ്റ് ആരാധകരുടെ മനസ് നോവുമെന്ന് കോലിയും സംഘവും മനസ്സിലാക്കണം.

you may also like this video;