Web Desk

തിരുവനന്തപുരം

January 04, 2021, 7:55 pm

ജനിതകമാറ്റം സംഭവിച്ച കോവിഡ് കേരളത്തിലും

Janayugom Online

ജനിതക വകഭേദം വന്ന സാർസ് കോവിഡ് — 2 വൈറസ് കേരളത്തിലും. യുകെയില്‍ നിന്നും വന്ന ആറു പേര്‍ക്കാണ് സ്ഥിരീകരിച്ചത്. കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ രണ്ടു കുടുംബങ്ങളിലെ രണ്ടുപേർക്കു വീതവും കോട്ടയം, കണ്ണൂര്‍ ജില്ലകളിൽ ഓരോരുത്തർക്കുമാണ് വൈറസ് ബാധ. ഇവരെല്ലാം ചികിത്സയിലാണ്. ഇവരുമായി സമ്പര്‍ക്കമുള്ളവരും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. എല്ലാവരുടെയും സമ്പര്‍ക്ക ലിസ്റ്റ് തയ്യാറാക്കി വരുന്നതായും ജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും എന്നാല്‍ ജാഗ്രത അത്യാവശ്യമാണെന്നും മന്ത്രി കെ കെ ശൈലജ വിളിച്ചു ചേർത്ത അടിയന്തര വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

യുകെയില്‍ നിന്നും വന്ന 39 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍ പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരുന്നു. അതിലാണ് ആറു പേര്‍ക്ക് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. പുതിയ വൈറസിന് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ വളരെ കരുതിയിരിക്കണം. എല്ലാവരും സ്വമേധയാ വെളിപ്പെടുത്താന്‍ തയ്യാറാകണം. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആരെങ്കിലുമുണ്ടെങ്കില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു. 

പുതിയ വൈറസ് സാന്നിധ്യം കേരളത്തിൽ റിപ്പോർട്ട് ചെയ്ത സ്ഥിതിക്ക് എയര്‍പോര്‍ട്ടിലും സീപോര്‍ട്ടിലും നിരീക്ഷണം കൂടുതൽ ശക്തമാക്കി. എയര്‍പോർട്ടിനോട് അനുബന്ധിച്ചുള്ള കോവിഡ് പരിശോധനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും കേരളത്തിൽ എത്തിയവരെ കണ്ടെത്തി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. ക്വാറന്റൈനിലുള്ള എല്ലാവരും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. 

സാർസ് കോവിഡ്- 2 ഭയപ്പെടേണ്ട കാര്യമില്ലെന്നും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുമെന്നും നല്ല ശ്രദ്ധയാണ് അനിവാര്യമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി. മാസ്‌ക് ധരിക്കുക, ഇടയ്ക്കിടയ്ക്ക് കൈകള്‍ ശുചിയാക്കുക, സാമൂഹ്യ അകലം പാലിക്കുക എന്നിവ ഇനിയും തുടരണം. പ്രായമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. റിവേഴ്‌സ് ക്വാറന്റൈന്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. 

ENGLISH SUMMARY: K K SHAILAJA PRESS MEET ON 04-01-2020
You may also like this video