നിന്നോട് പറയാനുള്ളത്

ജലജാപ്രസാദ്
ഇനി മടങ്ങുക
ഉടനടങ്ങുക
അരുത് യാത്ര,യിനി
അതിരുവിട്ടരുത്
അലകളായി നീ
അവിടെ നില്ക്കുക.
നനുനനുത്ത ജല
കണമതായ് ജനി-
ച്ചതിരുവിട്ടകലെ
മേഘമായ് പിറ-
ന്നടരടര്ന്നു നീ
യലറിയാര്ത്തിവിടെ
അടവിതന്‍ വേരു
മടി പറിച്ചില്ലേ..?
മല തുരന്നില്ലേ?
മതിമറന്നല്ലേ
കുതി കുതിച്ചതും
പത പതഞ്ഞതും
നിറയെ സ്വപ്നങ്ങള്‍
നിറഞ്ഞ മണ്ണിന്റെ
കരള്‍ കരിച്ചതും
കനവൊലിച്ചതും
കളഭ ചിന്തകള്‍
അലിഞ്ഞ നീറ്റിലായ്
കരി കലക്കി നീ
കൊലവിളിച്ചതും
നില മറന്നൂക്കി
ലൊഴുകി നീ താഴെ
നിലമതൊക്കെയു
മുഴുതു ചുട്ടതും
ഉഴവുചാലിലായ്
തൊഴുതു പാകിയ
കനക വിത്തുകള്‍
കള പുതച്ചും
മിഴി തുറന്നു നീ
യറിഞ്ഞുടനെ നിന്
കലിയടക്കുക
കളിയൊടുക്കുക
കഴുകി നീയെല്ലാം
കമിഴ്ത്തിവെച്ചില്ലേ.?
ഇനി മടങ്ങുക,
തിരിഞ്ഞു നോക്കിടാ
തുടനകലുക
കലിയടക്കുക
കളി നിറുത്തുക.