19 April 2024, Friday

മലയാളത്തിന്റെ ഏണിപ്പടികള്‍ @ 50

പി എസ് സുരേഷ്
January 29, 2023 7:18 am

കെ പി എ സി ഫിലിംസിന്റെ കടിഞ്ഞൂൽ ചിത്രമായ ഏണിപ്പടികൾ പ്രദർശനത്തിനെത്തിയതിന്റെ അൻപതാം വാർഷിക ദിനമാണ് ഫെബ്രുവരി ഒൻപത്. മലയാള സിനിമാ രംഗത്ത് വഴിഞ്ഞിരിവ് സൃഷ്ടിച്ച ഈ സിനിമ വിശ്വസാഹിത്യകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്. സ്വാതന്ത്ര്യത്തിന് തൊട്ടു മുൻപുള്ള രണ്ടു ദശാബ്ദ കാലത്തെ തിരുവിതാംകൂർ രാഷ്ട്രീയ ചരിത്രമാണ് ഇതിലെ ഉള്ളടക്കം.
ഈ നാടു ഭരിച്ച ബ്യൂറോക്രസിയുടെയും രാജകീയ വാഴ്ചയുടെയും തകർച്ച ഇതിൽ വരച്ചു കാട്ടുന്നു. ഒപ്പം വേദന തിന്നുന്ന, യാതന അനുഭവിക്കുന്ന സാധാരണക്കാരന്റെ ജീവിത കഥയും അനാവരണം ചെയ്യുന്നു. തോപ്പിൽ ഭാസി സംവിധാനം ചെയ്ത ഈ ചിത്രം അന്നുവരെ മലയാളത്തിലിറങ്ങിയ ഏറ്റവും ദൈർഘ്യമേറിയതാണ്. കെപിഎസി ഫിലിംസിന്റെ അമരക്കാരൻ പി കെ വിയും ചിത്രത്തിന്റെ നിർമ്മാതാവ് കാമ്പിശേരി കരുണാകരനുമായിരുന്നു. 

ഇല്ലായ്മയിൽ ജനിച്ച് ഇല്ലായ്മയിൽ വളർന്ന കേശവപിള്ള എന്ന അസാധാരണ മനുഷ്യൻ അവസരസേവയും സമർത്ഥമായി കരുക്കൾ നീക്കാനുള്ള കഴിവും കൊണ്ട് ഭരണത്തിന്റെ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന്റെ തലപ്പത്ത് എത്തുന്നതാണ് നോവലിലെ ഇതിവൃത്തം. എട്ടുപതിറ്റാണ്ടുകൾക്കു മുൻപുള്ള തിരുവിതാംകൂറിന്റെ ചരിത്രം തകഴി നോവലിൽ വരച്ചുകാട്ടുന്നു. കേശവപിള്ള ഹജൂർ കച്ചേരിയോളം തന്നെ ഊരാക്കുടുക്കുകളുടെ ആകെത്തുകയാണ്. കേശവപിളളയുടെ സിംഹ ഗർജനം കേട്ടു നെഞ്ചുപൊട്ടി മരിച്ചവർ അനവധിയാണ്. അന്നത്തെ സാമൂഹ്യ ജീവിതത്തിന്റെ യഥാതഥമായ ചിത്രം. സ്വാതന്ത്ര്യത്തിന് വേണ്ടി ചോര ചൊരിഞ്ഞ ദേശാഭിമാനികളുടെ വീരസ്മരണകളുണർത്തുന്ന കഥ.
സ്വാതന്ത്ര്യ പ്രാപ്തിക്കു തൊട്ടു മുമ്പുള്ള കാലത്ത് പഴയ തിരുവിതാംകൂറിൽ രാജവാഴ്ചയ്ക്കും ദിവാൻ ഭരണത്തിനും എതിരെ ഒട്ടേറെ രാഷ്ട്രീയ സമരങ്ങൾ നടന്നു. സാധാരണക്കാരൻ കൊടും യാതനയനുഭവിച്ച ബ്യൂറോക്രസിയുടെ കിരാത വാഴ്ച നടമാടിയ കാലം.
നായകൻ കേശവപിള്ള പടവുകൾ ചുട്ടിക്കയറിയത് പലതും ബലികഴിച്ചു കൊണ്ടായിരുന്നു. യാത്രയ്ക്കിടയിൽ ചവിട്ടേറ്റു തകർന്ന ജീവിതങ്ങളെ അയാൾ കണ്ടില്ല. കൂടുതൽ കൂടുതൽ ഉയരാനുളള അടങ്ങാത്ത അഭിനിവേശം. മനുഷ്യ ബന്ധങ്ങളിൽ നിന്ന് അകന്ന് എല്ലാ മാനവിക മൂല്യങ്ങളെയും ചവിട്ടിമെതിച്ച കേശവപിള്ളമാർ ഈ തലമുറയിലും ജീവിക്കുന്നുണ്ട്. കേശവപിള്ളയായി അഭിനയിച്ചത് മധുവാണ്. മധുവിന്റെ അഭിനയ ജീവിതത്തിലെ പുതിയൊരു അധ്യായമായിരുന്നു ഈ ചിത്രം.
എട്ടു മാസം നീണ്ടു നിന്ന ഷൂട്ടിംഗ് ആലപ്പുഴ, മദ്രാസ്, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു. ഇത്രയും നീണ്ടു നിന്ന ഷൂട്ടിങ് ആ കാലത്ത് ഒരു സിനിമയ്ക്കും ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്തു മാത്രമായി മുപ്പത്തഞ്ചു ദിവസത്തെ (നാലു തവണയായി) ചിത്രീകരണം നടന്നു. പൊലീസ് ഐ ജി ശിങ്കാരവേലു താമസിച്ചിരുന്ന പാർക്ക് വ്യൂ, സെക്രട്ടറിയേറ്റ്, കാഴ്ചബംഗ്ലാവ്, മെരിലാന്റ് സ്റ്റുഡിയോ, കുങ്കുമം ആഫീസ്, മാധവൻ തമ്പിയുടെ വീട്, കോവളം കവടിയാർ കൊട്ടാര പരിസരം എന്നിവിടങ്ങളിൽ ചിത്രീകരണം നടന്നു. വയലാർ രക്തസാക്ഷി മണ്ഡപം, ഉദയാ സ്റ്റുഡിയോ, ആലപ്പുഴയിലെ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ ആഫീസ്, എന്നിവിടങ്ങളായിരുന്നു മറ്റ് ഷൂട്ടിങ് ലൊക്കേഷനുകൾ. 

ദിവാന് വെട്ടേറ്റു. ആരുമറിയാതെ ഒളിച്ചോടി. ബ്രിട്ടീഷുകാർ ഇന്ത്യവിട്ടു. ഭാരതം സ്വതന്ത്രമായി. ജനകീയ മന്ത്രിസഭ രൂപീകരിച്ചു. ദുർനടപടികൾ മാത്രം സ്വീകരിച്ചിട്ടുള്ള കേശവപിള്ളയ്ക്കൊരു പേടി. തന്റെ ഉദ്യോഗം തെറിച്ചു പോകുമോ? ഇല്ല, അയാൾ എല്ലാത്തിനും അതീതനാണ്.
ദിവാന്റെ ഫോട്ടോ ഇരുന്ന സ്ഥാനത്ത് ഗാന്ധിജിയുടെ പടം പ്രതിഷ്ഠിക്കുകയാണ് ഡഫേദാർ. ആണി അടിച്ചു തറപ്പിക്കുന്ന ശബ്ദം. കേശവപിള്ളയും ഭാര്യ കാർത്ത്യായനി (ജയഭാരതി) യും കടന്നുവരുന്നു.
“എന്താ ആ ശബ്ദം? ” ഭാര്യ ചോദിച്ചു.
“അതോ, ദിവാന്റെ പടം മാറ്റിയിട്ട് ഗാന്ധിജിയുടേത് വയ്ക്കുകയാണ്. കോൺഗ്രസുകാരല്ലേ ഭരണാധികാരികൾ ” — കേശവപിള്ള
“നിങ്ങളുടെ കാര്യം കുഴപ്പമില്ലേ. ” ‑ഭാര്യ
“ഞാനിന്ന് ഒരു കോൺഗ്രസ് നേതാവിനെ കണ്ടു. ” ‑കേശവപിള്ള
“ഒരുപാട് വഴക്കു പറഞ്ഞിരിക്കും. ” ‑ഭാര്യ
ഇല്ല, ആരു ഭരിച്ചാലും ഭരിക്കുന്നവരെ സഹായിക്കുകയാണ് ഉദ്യോഗസ്ഥരുടെ ധർമ്മം എന്നാണ് അദ്ദേഹം പറഞ്ഞത്. ” — കേശവപിള്ള
രണ്ടുപേരും പൊട്ടിച്ചിരിക്കുന്നു. കേശവപിള്ള ജീവിതത്തിലെ ഒരു പടികൂടി ചവിട്ടിക്കയറി. 

രാജാവിന്റെ ഭരണരഥത്തിന് മുകളിൽ ജനങ്ങളുടെ കൊടി ഉയർന്നിട്ടും ബ്യൂറോക്രസി മാറ്റമൊന്നും കൂടാതെ നിലനിൽക്കുന്നതിന്റെ നേർക്കാഴ്ചയാണിത്. സർവസ്വവും കാമുകനുവേണ്ടി കാഴ്ചവച്ച് തന്റെ യൗവ്വനത്തെ വേണ്ടുവോളം ആസ്വദിച്ച് കമിതാവിന്റെ ഉയർച്ചയ്ക്കു കാരണഭൂതയായി അവസാനം അതേ കാമുകനാൽ വഞ്ചിക്കപ്പെട്ട് പ്രതികാരമൂർത്തിയായി മാറിയ സാധാരണ പെൺകൊടി (തങ്കമ്മ) യായി വേഷമിട്ടത് ശാരദയാണ്. കൊട്ടാരക്കര ശ്രീധരൻ നായർ, അടൂർ ഭാസി, ബഹദൂർ, ആലുംമൂടൻ, എസ് പി പിള്ള, ആലുംമൂടൻ, കവിയൂർ പൊന്നമ്മ, ലളിത, അടൂർ ഭവാനി, അടൂർ പങ്കജം തുടങ്ങിയവരായിരുന്നു മറ്റു പ്രധാന അഭിനേതാക്കൾ.
തിരക്കഥയും സംവിധാനവും തോപ്പിൽ ഭാസിയുടേതാണ്. ഭാസി സംവിധാനം ചെയ്ത നാലാമത്തെ ചിത്രവുമായിരുന്നു അത്. അക്കാലത്തെ സംഭവങ്ങളും അതിനോടനുബന്ധിച്ചുള്ള പ്രശ്ങ്ങളുമായി ഏറ്റവും ബന്ധമുള്ള തനിക്ക് ഈ ഐതിഹാസിക കഥയ്ക്ക് തിരക്കഥ എഴുതാൻ കഴിഞ്ഞത് ആത്മ സംതൃപ്തി തോന്നിയെന്നാണ് അന്ന് തോപ്പിൽ ഭാസി പറഞ്ഞത്. സ്വാതന്ത്ര്യ സമരത്തിന്റെ സ്മരണകളിൽ നിന്നും വളർന്നു വന്ന വയലാർ രാമവർമ്മയാണ് ഗാനങ്ങൾ എഴുതിയത്. ദേവരാജൻ മാസ്റ്റർ ഈണം പകർന്നു. ഇരയിമ്മൻ തമ്പി എഴുതിയ “പ്രണനാഥൻ എനിക്കു നല്കിയ പരമാനന്ദരസത്തെ” എന്ന ഗാനം സിനിമയിൽ ഉൾപ്പെടുത്തിയത് ഏറെ ചർച്ചയായിരുന്നു. അശ്ലീലമാകേണ്ട ഒരു രംഗം അതി മനോഹരമാക്കി മാറ്റിയത് അന്നത്തെ പത്രങ്ങളെല്ലാം പ്രകീർത്തിച്ചിരുന്നു. ‘യാഹി മാധവ’ എന്ന ജയദേവഗീതവും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. മാധുരിയാണ് ഗാനങ്ങൾ പാടിയത്. താൻ പ്രതീക്ഷിച്ചതിലുമപ്പുറമെന്നാണ് തകഴി ഈ സിനിമയെപ്പറ്റി പറഞ്ഞത്. കെ എസ് ബാലൻ, സ്റ്റാൻലി, ബന്നി, തുടങ്ങിയവരൊക്കെ അണിയറയിൽ പ്രവർത്തിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.