ദുരന്തത്തിൽപെട്ട് ഉഴലുന്നവർക്ക് മനസറിഞ്ഞ് നൽകുന്ന സഹായത്തിന് ആരും കൂലി ചോദിക്കാറില്ല. അത് മാന്യന്മാർക്ക് ചേർന്ന രീതിയുമല്ല. എന്നാൽ ദുരന്തഘട്ടത്തിൽ കേരളത്തിലെ രക്ഷാപ്രവർത്തനത്തിന് മുടക്കിയ പണം തിരിച്ചുചോദിച്ച മര്യാദകേട് കാണിച്ചവരാണ് ബിജെപി നേതൃത്വത്തിലുളള കേന്ദ്ര സർക്കാർ. സകല മലയാളികളും ഹൈക്കോടതിയും ആ നടപടിയെ വിമർശിച്ചപ്പോൾ ആ നീതിരാഹിത്യം തിരിച്ചറിഞ്ഞ് തിരുത്താൻ തയ്യാറാവാതെ മാന്യത നടിച്ച് നടന്നവരാണ് അമിത് ഷാ ഉൾപ്പെടെ കേന്ദ്രനേതാക്കളും കെ സുരേന്ദ്രനടക്കമുള്ള ഇവിടുത്തെ നേതാക്കളും. ഉരുൾ തകർത്ത വയനാടിന്റെ പുനരധിവാസത്തിന് സഹായം പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് കേരളത്തിന് കേന്ദ്രത്തിന്റെ പ്രഹരമേറ്റത്. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ശത്രുത കേരള വികസനത്തിന് നിരന്തരം തടസം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇടതുപാർട്ടികൾ നയിക്കുന്ന സംസ്ഥാന സർക്കാർ ദീർഘകാലമായി ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന്റെ കണ്ണിലെ കരടാണ്. സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ കിട്ടുന്ന ഒരു അവസരവും അവർ പാഴാക്കില്ല.
ഫെഡറൽ സംവിധാനത്തിന് അകത്തുനിന്ന് സംസ്ഥാന സർക്കാരിനെ സഹായിക്കേണ്ടതിന് പകരം രാഷ്ട്രീയ ശത്രുതയോടെ അവർ നടത്തുന്നത് പക പോക്കലാണ്. മനുഷ്യത്വത്തിന്റെ കണികപോലും അവശേഷിക്കാത്ത കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണന പുതിയ കാര്യമല്ല. വിവിധ വിഷയങ്ങളിൽ കേരളത്തിനെതിരെ വാക്കുകളുടെ സാങ്കേതികത്വത്തിൽ ഇവർ കടിച്ചുതൂങ്ങുമ്പോൾ ലക്ഷ്യം ഒന്ന് മാത്രമാണ്. ബിജെപിയുടെ മുഖമുദ്രയായ വർഗീയതയെ പ്രതിരോധിക്കുന്ന കേരളത്തെ പാഠം പഠിപ്പിക്കുക എന്നത്. തൃശൂരിൽ ഒരു എംപിയും കേരളത്തിൽ നിന്ന് രണ്ട് കേന്ദ്രമന്ത്രിമാരും ഉണ്ടായിട്ടുപോലും കഴിഞ്ഞ കേന്ദ്ര ബജറ്റിൽ പ്രത്യേകിച്ച് എന്തെങ്കിലും പദ്ധതികൾ സംസ്ഥാനത്തേയ്ക്ക് കൊണ്ടുവരാൻ അവർക്ക് സാധിച്ചില്ല. നിരവധി പ്രതിസന്ധികളിൽപ്പെട്ട് ഉഴലുന്ന കേരളത്തിന് 24,000 കോടി രൂപയുടെ ധനസഹായം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഏഴാമത്തെ ബജറ്റ് പ്രഖ്യാപനം നടത്തി ചരിത്രം കുറിച്ച ധനമന്ത്രി നിർമ്മലാ സീതാരാമൻ കേരളത്തിന് പേരിനുപോലുമൊരു പദ്ധതി അനുവദിച്ചില്ല എന്ന് മാത്രമല്ല സംസ്ഥാനത്തെ കുറിച്ച് ഒരക്ഷരം മിണ്ടാൻപോലും കൂട്ടാക്കിയില്ല. സ്വന്തം കസേര നിലനിർത്താനായി ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി നൽകിയപ്പോൾ കേരളത്തിന്റെ പല സ്വപ്നപദ്ധതികളും മുടങ്ങി. പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കിയിട്ടും റെയിൽവേ സോണും എയിംസും നൽകുവാൻ തയ്യാറായില്ല. കൂടാതെ കേരളത്തെ സാമ്പത്തികമായി ഞെരുക്കി കൊല്ലുന്ന സമീപനമാണ് ധനമന്ത്രി ബജറ്റിലൂടെ സ്വീകരിച്ചത്. എൻഡിഎയുടെ സഖ്യകക്ഷികളായ ജെഡിയു, ടിഡിപി പാർട്ടികളുടെ സമ്മർദത്തിന് വഴങ്ങി ആയിരുന്നു ആ കക്ഷികളുടെ രാഷ്ട്രീയ തട്ടകങ്ങൾക്ക് സഹായം നൽകിയത്. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതം വെട്ടിക്കുറച്ചും കേന്ദ്രം ക്രൂരത തുടരുകയായിരുന്നു. 12-ാം ധന കമ്മിഷന്റെ കാലത്ത് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതം 4.54 ശതമാനമായിരുന്നെങ്കിൽ 15-ാം കമ്മിഷന്റെ കാലത്ത് 2.68 ശതമാനമായി കുറച്ചു. വ്യത്യസ്തത നിറഞ്ഞ ഓരോ സംസ്ഥാനങ്ങളുടെയും സവിശേഷതകൾ മനസിലാക്കി സന്തുലിതമായ നികുതി വിതരണം നിർവഹിക്കുകയാണ് ധനകമ്മിഷന്റെ ചുമതല. എന്നാൽ കേരളത്തിന് ലഭ്യമായ കേന്ദ്രനികുതി വിഹിതത്തിൽ കുറവുണ്ടായെന്ന് മാത്രമല്ല നികുതിക്കു പകരമായി കേന്ദ്ര സർക്കാർ വലിയതോതിൽ സെസും സർചാർജും സമാഹരിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതം 75 ശതമാനത്തിൽനിന്ന് 60 ആയി കുറച്ചു. ജിഎസ്‌ടിയിലൂടെ സംസ്ഥാനങ്ങൾ സമാഹരിക്കുന്ന നികുതിയുടെ പകുതി കേന്ദ്രത്തിന് അവകാശപ്പെട്ടതാക്കിയതോടെ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി. ദുരന്തമുഖത്ത് രാഷ്ട്രീയ വേർതിരിവ് കാണിച്ചതും ഇതിന്റെ തുടർച്ച തന്നെ. കേരളം നേരിട്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിനാണ് 2024 ജൂലൈ 30ന് നാട് സാക്ഷിയായത്. രണ്ട് ഉരുൾ പൊട്ടലുകളിലായി വയനാട്ടിലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പുഞ്ചിരി മട്ടത്തേയും ഗ്രാമങ്ങൾ ഓർമയായി. മുന്നൂറിലേറെ ജീവനുകളാണ് ഒലിച്ചുപോയത്.
കേരളത്തിനൊപ്പം എന്നും ഉണ്ടാകുമെന്നായിരുന്നു ദുരന്ത മേഖലകൾ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഉറപ്പ്. എന്നാൽ കേന്ദ്രം ആവശ്യപ്പെട്ട രേഖകൾ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ നിവേദനം നൽകിയിട്ടും സാങ്കേതികത്വത്തിന്റെ പേരിൽ കേന്ദ്രം കൈമലർത്തുകയായിരുന്നു. പ്രകൃതി ദുരന്തങ്ങളുണ്ടായ മറ്റ് ചില സംസ്ഥാനങ്ങൾക്ക് കേന്ദ്രം ‘കരയാതെ തന്നെ പാൽ’ നൽകിയപ്പോൾ കേരളത്തിനോടുള്ള അവഗണന തുടർന്നു. മഴക്കെടുതി ഉണ്ടായപ്പോൾ ത്രിപുരക്ക് 40 കോടിയും പ്രളയമുണ്ടായപ്പോൾ ആന്ധ്രാപ്രദേശിനും തെലങ്കാനക്കും 3,448 കോടിയും അനുവദിച്ചു. ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് മുൻകരുതലായി ബിഹാറിന് കേന്ദ്രം നൽകിയതാവട്ടെ 11,500 കോടി രൂപയും. ദുരന്തം ഉണ്ടാകുമ്പോൾ മാത്രം നൽകേണ്ട തുകയല്ല എസ്ഡിആർഎഫ് ഫണ്ട്. ഇതിൽ 75 ശതമാനം കേന്ദ്ര വിഹിതവും 25 ശതമാനം സംസ്ഥാന വിഹിതവുമാണ്. അത് ഓരോ സാമ്പത്തിക വർഷവും എല്ലാ സംസ്ഥാനങ്ങൾക്കും നിർബന്ധമായി നൽകേണ്ട തുകയാണ്. സംസ്ഥാനങ്ങൾ അത് സ്വാഭാവികമായി സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിനും ആശ്വാസനടപടികൾ കൈക്കൊള്ളുന്നതിനുമായി ജില്ലകൾക്ക് വീതിച്ചുനൽകണണെന്ന് വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് വൻ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അധിക സഹായം സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത്. അത് നൽകുന്നതിന് പ്രത്യേക നിധി കേന്ദ്രം സൂക്ഷിക്കുന്നുമുണ്ട്. എന്നാൽ വയനാട് ഉരുൾ പൊട്ടൽ ദുരന്തം ഉണ്ടായിട്ടും രാഷ്ട്രീയത്തിന്റെ പേരിൽ കേരളത്തിന് അർഹതപ്പെട്ട അധിക സഹായം അനുവദിക്കാതിരിക്കുകയാണ്. വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയിൽ കേന്ദ്രത്തിനും വരുമാന വിഹിതത്തിന് അർഹതയുണ്ടെന്ന കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ വിചിത്ര വാദവും നമ്മൾ കേട്ടു. വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) 817 കോടി രൂപ ഗ്രാന്റായി നൽകില്ല എന്ന് മാത്രമല്ല, 20 ശതമാനം വരുമാന വിഹിതം പങ്കുവയ്ക്കുന്ന വായ്പയായി മാത്രമേ നൽകാനാകുവെന്ന് കേന്ദ്ര ധനമന്ത്രി, മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പത്തികമായി ലാഭമില്ലാത്ത പദ്ധതികൾക്കു നൽകുന്ന കേന്ദ്ര സഹായമാണ് വിജിഎഫ്. എന്നാൽ വിജിഎഫ് ഗ്രാന്റായി നൽകുന്നതിൽ കേരളത്തിനോട് മുഖംതിരിച്ച കേന്ദ്ര സർക്കാർ തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖത്തിനു വിജിഎഫ് ഗ്രാന്റായി അനുവദിക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.