എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ

Web Desk
Posted on July 21, 2019, 1:52 am

ഡോ. എം ഡി മനോജ്

മനുഷ്യജീവിതത്തിന്റെ സൗന്ദര്യസത്തയെ രാഗലയവിസ്തൃതിയില്‍ സന്നിവേഷിപ്പിച്ച മഹാകവിയായിരുന്നു ടാഗോര്‍. പില്‍ക്കാല കവികളെയെല്ലാം കാവ്യഭാവനയുടെ കാല്‍പനിക ശൃംഗങ്ങളിലേക്ക് അദ്ദേഹം കൈപിടിച്ചുനടത്തി. ഗീതങ്ങളിലോരോന്നിലും പ്രപഞ്ചദര്‍ശന സാരത്തിന്റെ മഹാകാശങ്ങള്‍ ചമയ്ക്കുകയായിരുന്നു കവി. ഈ ദര്‍ശനാവലോകനം സംഗീതാഞ്ജലിയില്‍ തെളിമയോടെ പ്രകാശിച്ചുനില്‍ക്കുന്നുമുണ്ട്. മലയാള ചലച്ചിത്ര ഗാനങ്ങളില്‍ ഇത്തരം കല്‍പനാസരണിയുടെ നീര്‍ച്ചാലുകള്‍ കണ്ടെത്താന്‍ കഴിയുന്നത് പി ഭാസ്‌കരനിലായിരുന്നു. നിറയുന്ന ഈ ടാഗോര്‍ അന്തരീക്ഷത്തെ ഭാസ്‌കരന്‍ മാഷ് ഓരോ ഗീതിയിലും പുഷ്പസമാനമായി കാത്തുവയ്ക്കുകയുണ്ടായി. ഓര്‍മ്മയിലെത്രയോ പാട്ടുകള്‍ ഇത്തരം സവിശേഷതകള്‍ പങ്കിടുന്നവയായുണ്ട്. ‘അവിടുന്നെന്‍ ഗാനം’ എന്ന പാട്ടും ‘പാടാനോര്‍ത്തൊരു മധുരിതഗാനം’ എന്ന പാട്ടും മുന്നിലേക്ക് വരുമ്പോഴും പ്രണയത്തിന്റെ സുഗമസംഗീതവുമായി ഒരു പാട്ട് നമ്മുടെ മനസിനോടടുത്തുനില്‍ക്കുന്നുണ്ട്. ‘നസീമ’ എന്ന സിനിമയില്‍ ഭാസ്‌കരന്‍ മാഷ് എഴുതി ജോണ്‍സണ്‍ ഈണം നല്‍കിയ ‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ’ എന്ന ഗാനം മേല്‍പ്പറഞ്ഞ ടാഗോര്‍ പ്രപഞ്ചമരുളുന്ന ലീനധ്വനികളുമായി വേറിട്ടൊരിഷ്ടത്തിന്റെ ജാലകം തുറക്കുകയാണ്.
‘എന്നിട്ടും നീയെന്നെയറിഞ്ഞില്ലല്ലോ
എന്നാര്‍ദ്രനയനങ്ങള്‍ തുടച്ചില്ലല്ലോ
എന്നാത്മവിപഞ്ചികാ തന്ത്രികള്‍ മീട്ടിയ
സ്പന്ദനഗാനമൊന്നു കേട്ടില്ലല്ലോ’

https://youtu.be/uutW4Stul8Q

പാടണമെന്നോര്‍ത്ത ഗാനം ഇന്നോളവും പാടിയതില്ലല്ലോ എന്ന ഗീതാഞ്ജലിയിലെ പതിമൂന്നാമത്തെ ഗീതം ‘പാടാനോര്‍ത്തൊരു മധുരിതഗാനം പാടിയതില്ലല്ലോ’ എന്ന ആശയത്തെ പ്രസരിപ്പിക്കുന്നതുപോലെ ‘അറിഞ്ഞില്ലല്ലോ, കേട്ടില്ലല്ലോ’ എന്നിങ്ങനെയുള്ള അര്‍ത്ഥനകള്‍ ഈ പാട്ടിലുമുണ്ട്. ‘എന്നാത്മവിപഞ്ചികാതന്ത്രികള്‍’ എന്ന വരിയില്‍ ഗീതാഞ്ജലിയുടെ പ്രതിഫലനം കാണാനാകും. രണ്ടാത്മാക്കളുടെ ഇടയിലെ അപാരത സംഗീതംകൊണ്ട് നിറയുന്നുവെന്ന് ടാഗോറിന്റെ ഗീതാഞ്ജലി ഉദ്‌ഘോഷിക്കുന്നു. പാടുവാനങ്ങ് കല്‍പ്പിക്കുമ്പോള്‍ എന്റെ ഹൃദയം വിജ്യംഭിക്കുന്നു എന്ന ടാഗോര്‍ ഗീതകത്തില്‍ നിന്നെടുത്ത ഒരാശയം ഈ പാട്ടില്‍ പ്രണയത്തിന്റെ വരികളായി പ്രശോഭിക്കുന്നു. അനുപല്ലവിയിലെ വരികളിലും ഈ ടാഗോര്‍ സ്വാധീനത്തിന്റെ അലകള്‍ സ്വച്ഛന്ദമായി ഒഴുകുന്നുണ്ട്.
അറിയാതെ അവിടുന്നെന്‍ അടുത്തുവന്നു…
അറിയാതെ തന്നെയെന്നകത്തുവന്നു…
ജീവന്റെ ജീവനില്‍ സ്വപ്നങ്ങള്‍ വിരിച്ചിട്ട
പൂമണിമഞ്ചത്തില്‍ ഭവാനിരുന്നു
ഇവിടെ ‘അവിടുന്നെന്‍’, ‘ഭവാനിരുന്നു’ എന്ന വാക്കുകളെല്ലാം ടാഗോര്‍ ഗീതങ്ങളില്‍ ആഴത്തില്‍ മുങ്ങിനിവര്‍ന്നൊരാളുടെ ഭാവനകളാണ്. ഭാസ്‌കരന്‍ മാഷ് പാട്ടെഴുത്തിന്റെ സാന്ദ്രനിമിഷങ്ങളെ പലപ്പോഴും കണ്ടെടുക്കുന്നത് ടാഗോറിന്റെ ഭാവനാലോകത്തുനിന്നാണ്. ‘എപ്പോഴും ഞാനെന്റെ ഗാനങ്ങളില്‍ അങ്ങയെ അന്വേഷിച്ചു’ എന്ന ടാഗോര്‍ ഗീതത്തിന്റെ ആധാരശ്രുതി ഭാസ്‌കരന്‍മാഷിന്റെ പാട്ടിലെ സ്വരലയത്തിന് എപ്പോഴും സാന്ദ്രമായ ഈണം പകരുന്നുണ്ട്. ഈ പാട്ടിന്റെ കാല്‍പനികത മുഴുവന്‍ വന്നുചേരുന്നത് സന്ദേഹത്തിലും സംഘര്‍ഷത്തിലും ആശ്വാസത്തിലുമാണ്. ‘അറിയുക’, ‘കണ്ണീര്‍ തുടയ്ക്കുക’, ‘ഗാനം കേള്‍ക്കുക’ എന്നിങ്ങനെ സാന്ത്വനഭാവങ്ങള്‍ അഭാവമായി പരന്നുകിടക്കുന്നുണ്ട് പാട്ടില്‍. അനുപല്ലവിയിലെ ‘അടുത്തുവന്നിരിക്കല്‍’ എന്ന വാക്കില്‍ അടുപ്പത്തിന്റെ പടിപടിയായ വളര്‍ച്ചയുണ്ട്. പാട്ടിലെ പ്രണയം അത്രയ്ക്കും ആദര്‍ശാത്മകമായിരുന്നു. പ്രണയത്തെക്കുറിച്ചുള്ള മാറിമാറിവരുന്ന നിനവുകള്‍ക്കൊപ്പം പരിണമിക്കുന്ന പാട്ടുകൂടിയാണിത്. പ്രണയം പെട്ടെന്ന് നിറവേറാനുള്ള തിടുക്കം ഈ പാട്ടിനുള്ളില്‍ നിറഞ്ഞുകിടക്കുന്നു. ‘എന്നിട്ടും നീയെന്നെ’ എന്ന അര്‍ദ്ധോക്തിയിലാണ് പാട്ടിന്റെ പടര്‍ച്ചകള്‍. ആന്തരികതയില്‍ ഉയിരെടുക്കുന്ന സംഘര്‍ഷത്തെ ഭാസ്‌കരന്‍ മാഷും ജോണ്‍സണും ചേര്‍ന്ന് സവിശേഷമാംവിധം യോജിപ്പിക്കുന്നു. അങ്ങനെ ത്രികോണരൂപത്തില്‍ പാട്ടിലാകെ വിന്യസിക്കപ്പെടുന്ന ശീര്‍ഷകങ്ങള്‍ ഭാസ്‌കരന്‍ മാഷും ജോണ്‍സനും എസ് ജാനകിയുമായിരുന്നു. അനുപല്ലവിയില്‍ അങ്ങനെ ഈ പാട്ടിന് അപരാജിതമായ ഒരു ഉള്ളടക്കം കൈവരികയാണ്. പ്രണയവേദനയാണ് ഈ പാട്ടിന്റെ കാതല്‍. വേദനയുടെ ഈണസ്വരൂപം ആത്മവിപഞ്ചികാതന്ത്രികള്‍ മീട്ടിയ സ്പന്ദനഗാനത്തിലാണ് സമ്പൂര്‍ണമായും നിലകൊള്ളുന്നത്. ‘പാടണമെന്നൊരു വെമ്പലിലിങ്ങനെ പാടുകയാണെന്‍ ജീവന്‍. പാടണമെന്നൊരു മോഹം കരളില്‍ കൂടുകയാണതിവേഗം’ എന്ന് മറ്റൊരു കവി ഉള്ളു തുറന്നുപാടിയപോലെ…
വിരുന്നുകാരനെ/കാരിയെ കാത്തിരിക്കുന്ന എത്രയോ പാട്ടുകളുണ്ട് ഭാസ്‌കരന്‍ മാഷിന്റേതായി. പ്രണയമൊരുക്കുന്ന ഈ പാട്ടില്‍ പരിഭവവും പരിദേവനവും അനുതാപവുമൊക്കെ ഒരുപോലെ ഒത്തിണങ്ങിനില്‍ക്കുന്നു. ഇവിടെയും അദൃശ്യനായ ഒരു വിരുന്നുകാരന്‍ പാട്ടിലെവിടെയോ കാത്തുനില്‍ക്കുന്നുണ്ട്. ‘എന്നിട്ടും’ എന്ന് ഒരു മാത്ര തേങ്ങിപ്പോകുന്ന ഒരു നേരത്തെയും നാം നേരായി അറിയുന്നു. ‘നിന്നെ മാത്രം കണ്ടില്ലല്ലോ, നീമാത്രം വന്നില്ലല്ലോ’, ‘താമസമെന്തേ വരുവാന്‍’ ഇങ്ങനെ പ്രണയ പരിഭവസ്പര്‍ശവുമായി എത്രയെത്ര പാട്ടുകളാണ് ഭാസ്‌കരന്‍ മാഷെഴുതിയത്. എന്നാല്‍ ഈ ഗാനം ഇത്തരമൊരു പാറ്റേണില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഓരോ നോവലിലും ഒരു രഹസ്യകേന്ദ്രം ഉണ്ടെന്ന് ഓര്‍ഹാന്‍ പാമുക് പറയുന്നതുപോലെ ഓരോ പാട്ടിലും ഓരോ രഹസ്യകേന്ദ്രമുണ്ടെന്നും പറയാം. ഈ പാട്ടിലുമൊരു രഹസ്യകേന്ദ്രത്തെ തിരഞ്ഞാല്‍ അത് ആത്മനിര്‍മ്മിതിയുടെ ആലാപങ്ങള്‍ ആണെന്ന് ബോധ്യമാകും. സ്‌നേഹത്തിന്റെ അതിരുകളെ പാട്ടില്‍ തെളിയിച്ചെടുക്കുകയായിരുന്നു കവി. ഒരുപക്ഷേ, സ്‌നേഹത്തിന്റെ ഒരു വലിയ സമാഹാരം പോലെയൊന്ന് (പരിഭവം, സഹനം, ക്ഷമ, സമാഗമം, ഭക്തി, ബഹുമാനം, ആര്‍ദ്രതാ ഇങ്ങനെ സ്‌നേഹത്തിന്റെ അദൃശ്യലയങ്ങള്‍ പരന്നുകിടക്കുന്ന ഒരു പാട്ട്. നോവല്‍ എന്നത് രണ്ടാമതൊരു ജീവിതമാണെന്ന് പാമുഖ് വീണ്ടുമാവര്‍ത്തിക്കുന്നതുപോലെ പാട്ടുകല എന്നത് രണ്ടാമതൊരു ജീവിതമാണെന്ന് നമുക്ക് ബോധ്യംവരുന്നു. പാട്ട്, എഴുത്തുകാരന്റെയും സംഗീതക്കാരന്റെയും ഗായികയുടെയും ഭാഷയായിത്തീരുന്നുണ്ടിവിടെ. പാട്ടുകാരിതന്നെ ഒരു പ്രണയഗാനമായി മാറുന്ന സ്വാതന്ത്ര്യവുമുണ്ടിവിടെ.
നിന്‍സ്വേദമകറ്റാനെന്‍ സുന്ദരസങ്കല്‍പം
ചന്ദനവിശറികൊണ്ടു വീശിയെന്നാലും
വിധുരയാമെന്നുടെ നെടുവീര്‍പ്പിന്‍
ചൂടിനാല്‍ അടിമുടി പൊള്ളുകയായിരുന്നു


ഇവിടെ ചന്ദനവിശറിയും സ്വപ്നങ്ങള്‍ വിരിച്ചിട്ട പൂമണിമഞ്ചവുമെല്ലാം സ്‌നേഹത്തിന്റെ വിത്യസ്ത ബിംബങ്ങളാകുന്നു. ഇവിടെ സങ്കല്‍പം ഭാവനയും സ്വപ്നവും യാഥാര്‍ത്ഥ്യവുമെല്ലാം ഇടകലര്‍ന്നുനില്‍ക്കുന്ന ഒന്നായിത്തീരുന്നു.
കവിതയുടെ അന്തരംഗമായി നില്‍ക്കുന്നൊരു സംഗീതത്തെ തിരിച്ചറിയാനുള്ള ജോണ്‍സന്റെ മനോധര്‍മ്മമാണ് ഈ പാട്ടിനെ ഉദാത്തമാക്കുന്നത്. ‘എന്നെ ഭാസ്‌കരന്‍ മാഷ് ഈ പാട്ടില്‍ കുഴക്കിക്കളഞ്ഞു’ എന്നായിരുന്നു ജോണ്‍സണ്‍ ഒരഭിമുഖത്തില്‍ പറഞ്ഞത്. ‘ഹാഫ് വേ ബിഗിനിംഗ്’ എന്ന രീതിയിലായിരുന്നു പാട്ടിന്റെ നിര്‍മ്മിതി. എവിടെയോ പറഞ്ഞുനിര്‍ത്തിയേടത്തുനിന്ന് വീണ്ടും തുടങ്ങിയപോലെ ഒരു പാട്ട്. എത്രയോ കാര്യങ്ങള്‍ ചെയ്തിട്ടും പ്രാണനായകന്‍ പ്രസാദിക്കുകയോ കണ്ണീരൊപ്പുകയോ ഒന്നും ചെയ്യുന്നില്ല എന്ന പരിദേവനത്തിലൂന്നിയാണ് പാട്ടിലെ ഈണത്തെ ആവിഷ്‌കരിക്കേണ്ടതെന്ന കുഴങ്ങിയ പ്രശ്‌നത്തെയാണ് ജോണ്‍സണ്‍ തന്റെ സംഗീതമുദ്രകളാല്‍ മറികടന്നത്. ‘വരികള്‍ വായിച്ചുനോക്കിയപ്പോള്‍ ഒന്ന് മനസിലായി. യഥാര്‍ത്ഥത്തില്‍ ഗാനം തുടങ്ങുന്നത് ചരണത്തില്‍ നിന്നാണ്. ‘അറിയാതെ അവിടുന്നെന്‍ അടുത്തുവന്നു’ എന്നു തുടങ്ങുന്ന പല്ലവി ഇവിടെ ചരണമാക്കി മാറ്റിയിരിക്കുന്നു മാസ്റ്റര്‍’ — ജോണ്‍സന്റെ വാക്കുകള്‍. മുമ്പ് ഇതുപോലൊരു പാട്ടുകേട്ട ഓര്‍മ്മയില്ല ജോണ്‍സണ്; ചെയ്തിട്ടുമില്ല. ഒരാഴ്ചയിലേറെ ആ കടലാസും കീശയിലിട്ട് ജോണ്‍സണ്‍ തലപുകച്ചുനടന്നു. ശാലീനയായ ഒരു കാമുകി (റാണിപത്മിനി)യുടെ പ്രണയപരിഭവമാണ് ലളിതമായി മാഷ് വരച്ചിട്ടിരിക്കുന്നത്. കവിതയ്ക്ക് ഒട്ടും പോറലേല്‍പ്പിക്കാതെയാണ് ജോണ്‍സണ്‍ വരികള്‍ക്ക് ഈണം നല്‍കിയത്. ദിവസങ്ങള്‍ കഴിഞ്ഞ് ഒരുനാള്‍ ഒരു മൂളിപ്പാട്ടുപോലെ പല്ലവിയുടെ ഈണം ജോണ്‍സന്റെ മനസിനെ കീഴടക്കുന്നു. ഉപബോധമനസില്‍ അത്രയ്ക്കും കടന്നുകയറിയ വരികളായതിനാലാവാം മുഗ്ദ്ധമായ ഒരീണം പാട്ടിനുണ്ടായതെന്ന് ജോണ്‍സണ്‍ വിശ്വസിച്ചിരുന്നു. ജാനകിയുടെ ശബ്ദത്തില്‍ അങ്ങനെ മനോഹരമായ ഒരു കാവ്യഗീതം റിക്കോര്‍ഡ് ചെയ്യപ്പെടുകയായിരുന്നു. ഫ്‌ളൂട്ടിന്റെ നാദലയം മാത്രമാണ് പാട്ടില്‍ സമ്പൂര്‍ണമായും മെലഡിയുടെ ആധിപത്യത്തെ നിയന്ത്രിച്ചതെന്നത് ശ്രദ്ധേയമാണ്.
സ്വപ്നങ്ങളുടെ മുത്തുമണികള്‍ കോര്‍ത്ത ചരടിനാല്‍ ബന്ധിതമായിരുന്നു ഭാസ്‌കരന്‍ മാഷിന്റെ കാവ്യബിംബങ്ങള്‍. ‘സ്വപ്നങ്ങള്‍ വിരിച്ചിട്ട പൂമണിമഞ്ചം’ എന്നത് പാട്ടിലെ ഏറ്റവും വലിയ കിനാവായിരുന്നു. പൊന്‍കിനാവിന്റെ പഷ്പരഥവുമായി കടന്നുപോകുന്ന തെന്നല്‍ പോലെയാണ് മാഷിന്റെ ഓരോ ഗാനവും. സുന്ദര സ്വപ്നവും സുന്ദര സങ്കല്‍പവും കനക കിനാവും മണിക്കിനാവുമെല്ലാം ഇങ്ങനെ പാട്ടില്‍ അണിനിരക്കുന്നു. ഈ പാട്ടിലും കിനാവിന്റെ മയൂരം പീലിവിടര്‍ത്തുന്നു. ഈ കിനാവിന്റെ മയില്‍പീലികളാണ് ജീവിതമെന്ന കാവ്യപുസ്തകത്തില്‍ നാം ആരാധനയോടെ ചേര്‍ത്തുവയ്ക്കുന്നത്.