Janayugom Online
yathra

എണ്‍പത്തിരണ്ടിന്റെ യാത്രാപുസ്തകം

Web Desk
Posted on January 06, 2019, 9:05 am

കെ വി സുമിത്ര

‘This heart of mine was made to trav­el this world’
സഞ്ചാരാസ്വാദകനായ പേരറിയാത്ത ഏതോ യാത്രികന്റെ ഈ കോറിയിടല്‍ അര്‍ത്ഥവത്താക്കുകയാണ് എണ്‍പത്തിരണ്ടാം വയസിലും യാത്രയെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന സുബ്രഹ്മണ്യന്‍ മാഷ്. എറണാകുളത്തെ വെണ്ണലയിലുള്ള ‘മേനാച്ചേരി’ വീട്ടിലിരുന്ന് തന്റെ ഇരുപത്തി നാലാം വയസില്‍ തുടങ്ങിയ യാത്രകളുടെ പുസ്തകം തുറക്കുമ്പോള്‍ മാഷിന്റെ കണ്ണുകളില്‍ ഇരുപത്തിനാലുകാരന്റെ നക്ഷത്രത്തിളക്കം.
അന്‍പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വെണ്ണല സ്‌കൂളില്‍ പഠിപ്പിക്കുമ്പോഴാണ് സുബ്രഹ്മണ്യന്‍ മാഷിന്റെ ഹൃദയത്തിലേക്ക് യാത്രയോടുള്ള പ്രണയം തുടങ്ങിയത്. അക്ഷരം ചൊല്ലിക്കൊടുത്ത കുട്ടികളുമായി നടത്തിയതായിരുന്നു ആദ്യ യാത്ര. ആ യാത്രയുടെ ആസ്വാദ്യതയെപ്പറ്റി പറയുമ്പോള്‍ മാഷിന്റെ മുഖത്ത് കുട്ടിയുടെ നിഷ്‌ക്കളങ്കത. വെണ്ണലയിലെ ചെറുവഴികളിലൂടെയുള്ള പുലര്‍കാലത്തെ സൈക്കിള്‍യാത്ര. ചെറുചൂടും പുതു നിശ്വാസവും നുകര്‍ന്നുകൊണ്ടുള്ള പതിവ് സവാരി. ഓരോ പ്രഭാതവും തരുന്ന ഉണര്‍വ്വ്, അത് ആസ്വദിക്കാനുള്ള മനസ്സൊരുക്കം. ആ ശാന്തത തന്നെയാണ് മഹായാത്രകളുടെ കൂട്ടുകാരന്റെ അമൂല്യ സമ്പത്ത്. The world is changed by your exam­ple. Not by your opin­ion എന്ന പൗലോ കൊയ്‌ലോയുടെ നിരീക്ഷണം ഓര്‍മ്മപ്പെടുത്തുന്നുണ്ട് മാഷിന്റെ സംസാരങ്ങളിലൊക്കെയും. നേപ്പാള്‍, സിങ്കപ്പൂര്‍, തായ്‌ലാന്റ്, ഭൂട്ടാന്‍, ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ചൈന, റഷ്യ, സൗത്ത് ആഫ്രിക്ക, പാരീസ്, ജര്‍മനി, സ്വിറ്റ്‌സര്‍ലന്റ്, ബല്‍ജിയം, ഇറ്റലി, റോം, അമേരിക്ക, ലണ്ടന്‍, പാലസ്തീന്‍, ജോര്‍ദ്ദാന്‍, ഇസ്രായേല്‍, ഈജിപ്റ്റ് തുടങ്ങി ഇരുപത്തിനാലോളം വിദേശ രാജ്യങ്ങളും ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും തന്റെ യാത്രാപുസ്തകത്തില്‍ സുബ്രഹ്മണ്യന്‍ മാഷ് എഴുതി ചേര്‍ത്തു കഴിഞ്ഞു. ആഫ്രിക്കയില്‍ രണ്ടുതവണ പോയി. രണ്ടുതവണയും വ്യത്യസ്തമായ അനുഭങ്ങളാണ് മാഷിന് കിട്ടിയത്. വ്യത്യസ്ത കാഴ്ചകള്‍,കാഴ്ചകളിലൂടെ അനുഭവേദ്യമാകുന്ന ചിന്താപടലം. ഒരു നീണ്ടധ്യാനംപോലെ തോന്നുന്ന നിര്‍മലമായ മനസ്സ്. യാത്ര എന്തു തിരിച്ചു തരുന്നു എന്ന ചോദ്യത്തിന് മാഷിന്റെ മറുപടി; ‘വാക്കുകള്‍ക്കതീതമായ ഇന്ദ്രിയാനുഭൂതികള്‍.’

yathra

നേപ്പാളായിരുന്നു ആദ്യം സന്ദര്‍ശിച്ച വിദേശരാജ്യം. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പായിരുന്നു അത്. പിന്നീട് സിങ്കപ്പൂരിലും മലേഷ്യയിലും ഇന്ത്യാ ടൂറിലും ഭാര്യ യശോദ ഒപ്പമുണ്ടായിരുന്നു. സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷം ഭാര്യക്ക് ശാരീരിക അസ്വസ്ഥതകള്‍ വന്നതോടെ യാത്രകളൊക്കെ തനിച്ചായി. ആഫ്രിക്കന്‍ യാത്രകളായിരുന്നു ഏറെ ദുഷ്‌കരമെന്ന് മാഷ്. വന്യമൃഗങ്ങള്‍ നിറഞ്ഞ കാട്ടിലൂടെയുള്ള യാത്ര സാഹസികത നിറഞ്ഞതുതന്നെ. സഹാറയുടെ മുകളിലൂടെയാണ് യാത്ര. ഉത്തര ആഫ്രിക്കയില്‍ തുടങ്ങി തെക്കേ ആഫ്രിക്കയില്‍ അവസാനിപ്പിക്കുന്ന യാത്ര. സര്‍ക്കാര്‍ പറയുന്ന നിശ്ചിത സ്ഥലങ്ങള്‍ മാത്രമേ സന്ദര്‍ശിക്കാന്‍ പാടുള്ളൂ. ചില പ്രത്യേക റോഡിലൂടെ മാത്രമേ യാത്രചെയ്യാന്‍ കഴിയൂ. അല്ലെങ്കില്‍ കൊള്ളക്കാരുടെ തോക്കിന് ഇരയാകും. ഒരിക്കല്‍ കോട്ടയത്തുള്ള ഒരു സ്ത്രീ, മാഷോടൊപ്പം ഫ്‌ളൈറ്റില്‍ ഉണ്ടായിരുന്നു. അവരുടെ മകന് അവിടെയാണ് ജോലി. മകന്റെ കുഞ്ഞിനെ നോക്കാനാണ് അവര്‍ പോകുന്നത്. 22 വര്‍ഷമായി ചെറിയ മുറിയിലാണ് താമസം. പുറത്തിറങ്ങാന്‍ പാടില്ല. സെക്യൂരിറ്റിയുടെ സഹായത്താല്‍ നിശ്ചിത സമയത്ത് യാത്രചെയ്യും. പറഞ്ഞു നിറുത്തുമ്പോള്‍ മാഷിന്റെ മുഖത്ത് ഭയത്തിന്റെ നിഴലുകള്‍.
ആഫ്രിക്കയിലെ നിയന്ത്രണങ്ങളൊന്നും പക്ഷേ ചൈനയിലില്ല. ചൈനയിലെത്തിയപ്പോള്‍ അവിടുത്തെ ഒരു ഉള്‍ഗ്രാമം കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. മാഷടക്കമുള്ള യാത്രികരെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. വിനോദസഞ്ചാരികളെ കാണിക്കുവാന്‍വേണ്ടി മാത്രം തയ്യാറാക്കിയ ഗ്രാമമായിരുന്നു അതെന്ന് സുബ്രഹ്മണ്യന്‍ മാഷ്. ചെറിയ കുറേ വീടുകള്‍. അതിനുള്ളില്‍ സിറ്റിയിലെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നമ്മളെ ബോധ്യപ്പെടുത്താന്‍വേണ്ടി മാത്രം നിര്‍മിച്ചതാണെന്ന് മനസിലാകും. വേറെ ഒരു ഗ്രാമം കൂടി കാണണമെന്ന് പറഞ്ഞാല്‍ അവര്‍ കാണിക്കില്ല. അത് യഥാര്‍ത്ഥകാര്യം പുറംലോകം അറിയുമെന്ന് ഭയന്നിട്ടാണ്. അവിടെ പ്‌ളാസ്റ്റിക് മയമാണെന്ന് മാഷ്.

Yathra

പാക്കേജ് ടൂറുകളാണ് നല്ലതെന്ന് അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ സുബ്രഹ്മണ്യന്‍ മാഷ് പറയുന്നു. നമ്മള്‍ ഒന്നും അറിയേണ്ട. വാഹന സൗകര്യം, ഭക്ഷണം, താമസം, ഗൈഡ് എല്ലാം അവര്‍ നോക്കും. യാത്രയില്‍ രസകരമായ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ കൊണാര്‍ക്ക് ക്ഷേത്രം സന്ദര്‍ശിച്ചു. നല്ലൊരു ഗൈഡിനെയാണ് കിട്ടിയത്. ഭിത്തിയിലൊക്കെ രതിശില്പങ്ങളാണ്. ഓരോന്നിനെപ്പറ്റിയും അയാള്‍ വിശദമായി വിവരിച്ചു. ഇനി മാഷ് പറയും; ‘ഞങ്ങള്‍ ഗൈഡുമായി നല്ല അടുപ്പമായി. മലയാളം സംസാരിക്കുന്നത് കേട്ടപ്പോള്‍ അയാള്‍ക്കും മലയാളം പഠിക്കണം. എന്താണ് അത്യാവശ്യമായി മലയാളത്തില്‍ അറിയേണ്ടത് എന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് ‘താങ്ക് യൂ’ എന്നതിന്റെ മലയാളം പഠിക്കണം. മലയാളികള്‍ വരുമ്പോള്‍ പറയാനാണ് എന്ന്. കൂടെയുള്ള ഒരു വിരുതന്‍ പറഞ്ഞു; ‘പോടാ പട്ടീ’ എന്നാണെന്ന്. പാവം ഗൈഡ് അത് കാണാതെ പഠിച്ചു. ഒടുവില്‍ യാത്രപറഞ്ഞ് പിരിയുമ്പോള്‍ ഞാന്‍ അയാള്‍ക്ക് കുറച്ച് പണം കൊടുത്തു. അപ്പോള്‍ അയാള്‍ പറഞ്ഞു; പോടാ പട്ടീന്ന്.’

yathra

വീണ്ടും പോകണമെന്ന് മാഷിന് തോന്നിയ രാജ്യം സ്വിറ്റ്‌സര്‍ലന്‍ഡാണ്. മനോഹരമായ നാട്. എങ്ങും വെളുത്ത മഞ്ഞ്. ചിലപ്പോള്‍ ചവുട്ടിയാല്‍ താഴേക്ക് പോകും. ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സ്ഥലം കാശ്മീരാണെന്ന് സുബ്രഹ്മണ്യന്‍ മാഷ് പറയുന്നു. പക്ഷേ അപകടം നിറഞ്ഞ സ്ഥലമാണ്. നിശ്ചിത റൂട്ടില്‍ കൂടി മാത്രമേ അവിടെയും സഞ്ചരിക്കാന്‍ കഴിയൂ. ശങ്കരാചാര്യര്‍ സ്ഥാപിച്ച ഒരു ക്ഷേത്രമുണ്ടവിടെ. ആയിരത്തോളം പടികളുണ്ട്. പടികള്‍ കയറി മുകളിലെത്തിയാല്‍ ആ പ്രദേശം മുഴുവന്‍ കാണാം. ദേവദാരു മരങ്ങള്‍ കാണാം. നല്ല വണ്ണമുള്ളവ. അതിനിടയില്‍ ഐസ് കട്ടപോലെയാണ് മഞ്ഞ്. എത്രകണ്ടാലും മതിവരാത്ത കാഴ്ചകളാണ് കാശ്മീരിലേതെന്ന് മാഷിന്റെ അനുഭവസാക്ഷ്യം. മാഷിന്റെ യാത്രകള്‍ക്കെല്ലാം പൂര്‍ണ പിന്തുണയുമായി മക്കളായ സിന്ധുവും സുധീഷും മരുമക്കളായ സന്തോഷ്‌കുമാറും ബിനിയും കൂടെയുണ്ട്.
ഗ്രൂപ്പിലെ ഏറ്റവും സീനിയര്‍ സുബ്രഹ്മണ്യന്‍ മാഷാണ്. അറുപതും എഴുപതും കഴിഞ്ഞവരുണ്ട്. യാത്രയില്‍ ഒരു മരുന്നും മാഷ് കരുതാറില്ല. ഇതുവരെ കാര്യമായ അസുഖങ്ങളൊന്നുമില്ല. മത്സ്യമാംസാദികള്‍ പൂര്‍ണമായും ഉപേക്ഷിച്ചു. മുപ്പതു വര്‍ഷമായുള്ള നിരന്തര യാത്രയുടെ രഹസ്യത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ മാഷിന്റെ മറുപടി ഇങ്ങനെ; ‘ദാ തൊടിയില്‍ കാണുന്ന ഞാന്‍ നട്ടു വളര്‍ത്തിയെടുത്ത വാഴകളില്ലേ, അവിടെ പണിയെടുക്കും. യോഗയുമുണ്ട്. പിന്നെ ഗുരു ചൈതന്യയുടെ പ്രഭാഷണം കേള്‍ക്കും. കൂടാതെ സൈക്കിള്‍ യാത്രയും.’ പറഞ്ഞു നിറുത്തുമ്പോള്‍ കണ്ണില്‍ നക്ഷത്രത്തിളക്കം. ഇംഗ്‌ളീഷ് റാലി ജനുസ്സില്‍പ്പെട്ട 58 വര്‍ഷം പഴക്കമുള്ള ആ സൈക്കിള്‍ വരാന്തയിലിരുന്ന് മാഷിനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.…

mash