Saturday
23 Feb 2019

പ്രതിരോധ ഇടപാടുകള്‍ സമഗ്രമായ അന്വേഷണം വേണം

By: Web Desk | Thursday 9 August 2018 10:44 PM IST


പ്രതിരോധ വകുപ്പിന്‍റെ ഇടപാടുകളിലൂടെയുള്ള അഴിമതിക്കഥകള്‍ രാജ്യത്ത് പതിവായി മാറിയിരിക്കുകയാണ്. അടുത്ത കാലത്ത് പ്രസിദ്ധീകൃതമായൊരു കുറിപ്പില്‍ പറയുന്നതനുസരിച്ച് അരനൂറ്റാണ്ട് മുമ്പാണ് വലിയ പ്രതിരോധ അഴിമതിക്കഥകള്‍ പുറത്തുവന്നത്. പിന്നീട് ഓരോ ഇടപാടിന് പിന്നിലും അഴിമതിയുടെ വന്‍ കഥകള്‍ ഒളിഞ്ഞിരിക്കുന്നതിന്റെ വാര്‍ത്തകളുണ്ടായി. പലതും അധികാരമാറ്റത്തിനുള്ള വഴിയായും മാറിയിട്ടുണ്ട്. ബോഫേഴ്‌സ് അഴിമതിയാണ് രാജീവ് ഗാന്ധിക്കെതിരായ ചുഴലിക്കാറ്റായി മാറിയത്. അതിന്റെ അന്വേഷണവും അനുരണനങ്ങളും വിവാദങ്ങളും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. എന്നുമാത്രമല്ല കോണ്‍ഗ്രസിനെ വിടാതെ പിന്തുടര്‍ന്നുകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടയ്ക്കിടെ കുടം തുറന്നു പുറത്തുവരുന്നൊരു ഭൂതമായി അത് ഇപ്പോഴും തുടരുകയാണ്. ബോഫേഴ്‌സ് ആയുധ ഇടപാടിന് മുമ്പും ശേഷവുമായി അഴിമതി നിറഞ്ഞ നിരവധി ഇടപാടുകള്‍ രാജ്യത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെടുകയുണ്ടായി. അഭിഷേക് വര്‍മ ആയുധ ഇടപാട്, ശവപ്പെട്ടി വാങ്ങിയതിലെ ക്രമക്കേട്, പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദം, എബ്രയര്‍ ആയുധക്കച്ചവടം എന്നിവയെല്ലാം രാജ്യത്തെ പിടിച്ചുലച്ച പ്രതിരോധ ഇടപാടുകളായിരുന്നു.

കോണ്‍ഗ്രസ് ഭരണകാലത്തെ ആയുധ ഇടപാടുകളിലെ ക്രമക്കേടുകളും അഴിമതിയും ഉപയോഗിച്ച് നേട്ടമുണ്ടാക്കിയ പാര്‍ട്ടിയായിരുന്നു ബിജെപിയെങ്കിലും അവരുടെ ഭരണ കാലത്തും പ്രതിരോധ വകുപ്പിനെ അഴിമതിക്കുള്ള മാര്‍ഗമായി ഉപയോഗിച്ചിട്ടുണ്ട്. വാജ്‌പേയ് മന്ത്രിസഭയുടെ കാലത്താണ് കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്കുവേണ്ടി ശവപ്പെട്ടി വാങ്ങിയതില്‍ അഴിമതിയുണ്ടായതായി ആരോപണമുയര്‍ന്നത്.
ഇപ്പോഴത്തെ ബിജെപി ഭരണം അഴിമതിക്കെതിരായ കുരിശുയുദ്ധം ആവര്‍ത്തിക്കുന്നവരുടേതാണ്. എന്നാല്‍ നരേന്ദ്രമോഡിയുടെ ഇപ്പോഴത്തെ ഭരണം രാജ്യം കണ്ട ഏറ്റവും വലിയ പ്രതിരോധ ഇടപാടുകളിലൂടെ പ്രതിസ്ഥാനത്തു നില്‍ക്കുകയാണ്. ഓരോ ദിവസവും പുറത്തുവരുന്ന വിവരങ്ങള്‍ പ്രതിരോധ ഇടപാടുകളെ മൊത്തത്തില്‍ അഴിമതിക്കുള്ള വഴിയായി അവര്‍ ഉപയോഗിച്ചുവെന്നാണ് ബോധ്യപ്പെടുത്തുന്നത്.
ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സിന് ഉപകരണങ്ങള്‍ വാങ്ങുന്നതിന് പ്രതിരോധമന്ത്രാലയത്തിലെ ഉന്നതര്‍ 17.5 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ഉക്രൈയിനിലെ അഴിമതി നിരോധന വിഭാഗം കണ്ടെത്തുകയും അന്വേഷണത്തിന്റെ ഭാഗമായി ഇടപാട് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും പ്രതിരോധ മന്ത്രാലയം നിസഹകരണ മനോഭാവമാണ് സ്വീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 13നാണ് ഇടപാടില്‍ 17.5 കോടി രൂപ കൈക്കൂലിയായി നല്‍കപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ പ്രതിരോധ വകുപ്പിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും കാട്ടി ഉക്രൈയിന്‍ അഴിമതി വിരുദ്ധ വിഭാഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കിയത്.

പ്രതിരോധ രംഗത്തേയ്ക്ക് ആവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനായി 15 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ക്ക് ധൃതി പിടിച്ചുള്ള നീക്കം നടത്തുന്നതായും മാസങ്ങള്‍ക്ക് മുമ്പ് വിവരങ്ങള്‍ പുറത്തുവരികയുണ്ടായി.
ഏറ്റവും ഒടുവില്‍ വിവാദമായിരിക്കുന്ന റഫാല്‍ ഇടപാട് 40,000 കോടി രൂപ ഖജനാവിന് നഷ്ടം വരുത്തിയെന്നാണ് ആരോപണം. ഇതില്‍ എത്ര പങ്കാണ് ഭരണം നടത്തുന്നവര്‍ക്ക് ലഭ്യമായതെന്ന് കണ്ടെത്താനിരിക്കുന്നതേയുള്ളൂ. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു മെയ്ക്ക് ഇന്‍ ഇന്ത്യ (ഇന്ത്യയില്‍ നിര്‍മിക്കുക). അതിന്റെ പേരിലാണ് റഫാല്‍ ഇടപാടിനെ അഴിമതിക്കുള്ള മാര്‍ഗമാക്കിയത്. യുപിഎ സര്‍ക്കാരിന്റെ കാലത്തുള്ള കരാര്‍ ഒരു കാരണവും കൂടാതെ മാറ്റുകയും പുതിയ കരാര്‍ ഉണ്ടാക്കുകയുമാണ് ചെയ്തത്. കുറ്റകരമായ ക്രമക്കേടുകളും അഴിമതിയുമാണ് ഈ ഇടപാടില്‍ നടന്നതെന്നാണ് മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പ്രശാന്ത്ഭൂഷണ്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരിക്കുന്നത്. ഇടപാടിന് പിന്നില്‍ ഒട്ടേറെ ദുരൂഹതകളാണുള്ളത്. സംശയങ്ങളോ ആരോപണങ്ങളോ രാജ്യ സുരക്ഷയുടെയും രഹസ്യ കരാറിന്റെയും പേരില്‍ മറച്ചുപിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നുമാത്രമല്ല വ്യാജ പ്രസ്താവനകളും പരസ്പര വിരുദ്ധമായ വിശദീകരണങ്ങളുമായി മന്ത്രിമാരും ബിജെപി നേതാക്കളും രംഗത്തെത്തുന്നത് ജനങ്ങളുടെ സംശയം ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളാണ് സിന്‍ഹ, ഷൂരി, പ്രശാന്ത്ഭൂഷണ്‍ എന്നിവര്‍ ഉന്നയിച്ചിരിക്കുന്നത്. അവയെല്ലാം തന്നെ രാജ്യത്തിന്റെയാകെ സംശയങ്ങളാണ്. അതുകൊണ്ട് ബിജെപി അധികാരത്തിലെത്തിയ ശേഷമുള്ള എല്ലാ പ്രതിരോധ ഇടപാടുകളും അന്വേഷണത്തിന് വിധേയമാക്കേണ്ടതാണ്. ഇടപാടുകള്‍ സിഎജിയുടെ പരിശോധനയ്ക്ക് വിധേയമാക്കുന്നതോടൊപ്പം പാര്‍ലമെന്ററി സമിതി രൂപീകരിച്ചുള്ള അന്വേഷണത്തിനും സര്‍ക്കാര്‍ സന്നദ്ധമാകേണ്ടതാണ്.