December 11, 2023 Monday

ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക

Janayugom Webdesk
March 18, 2022 5:00 am

കഴിഞ്ഞ രണ്ടുവർഷങ്ങളായി മനുഷ്യരാശിയെ വേട്ടയാടിക്കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയുടെ അടുത്ത തരംഗത്തിന്റെ ഭീഷണിയിലാണ് ലോകം. ചൈന, ഹോങ്കോങ്, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിൽ എല്ലാം ഒമിക്രോൺ വകഭേദത്തിന്റെ കൂടുതൽ വ്യാപകശേഷിയുള്ള ബിഎ‑2 ഇനം പടർന്നുപിടിക്കുന്നതായാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ഇന്ത്യക്കും അതിൽനിന്നും വിമുക്തമായി നിലനിൽക്കാനാവില്ലെന്നാണ് അനുഭവം നൽകുന്ന പാഠം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതിനോടകം മുൻകരുതൽ നടപടികൾക്കു തയാറെടുക്കുന്നതായി വാർത്തയുണ്ട്. മൂന്നു കോവിഡ് തരംഗങ്ങളെ പിന്നിടുകയും ഇതിനകം 180 കോടിയിലധികം വാക്സിൻ നൽകുകയും ചെയ്തു എന്നത് ആശ്വാസത്തിന് വകനൽകുന്നില്ല. മൂന്നാമത് മുൻകരുതൽ വാക്സിൻ, 12 വയസിനു മുകളിലുള്ള കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ് എന്നിവ ഊർജിതമായി നൽകുന്നതിന് ബന്ധപ്പെട്ടവർ ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതുണ്ട്. കോവിഡ് മഹാമാരിയെ തുടർന്ന് സമ്പദ്ഘടനക്ക് പൊതുവിലും വ്യക്തിഗത കുടുംബങ്ങൾക്ക് വിശേഷിച്ചും നേരിടേണ്ടിവന്ന സാമ്പത്തിക ആഘാതത്തിൽനിന്നുമുള്ള കരകയറ്റത്തിന് ഇനിയും ഏറെ സമയം വേണ്ടിവരും. റഷ്യ‑ഉക്രെയ്ൻ യുദ്ധം സാമ്പത്തിക തിരിച്ചുവരവിനും തൽസ്ഥിതി ഇപ്പോഴത്തെ നിലയിലെങ്കിലും തുടരുന്നതിനും കടുത്ത പ്രതിബന്ധമാണ് ഉയർത്തുന്നത്. ലോകത്തെ പ്രമുഖ ധാന്യകയറ്റുമതി രാഷ്ട്രമായ ഉക്രെയ്ൻ യുദ്ധപശ്ചാത്തലത്തിൽ കയറ്റുമതി നിർത്തിവച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ ധാന്യവില കുതിച്ചുയരുന്ന പ്രവണതയാണ് കാണുന്നത്. ഇന്ത്യൻ വിപണിയിലും അതിന്റെ പ്രത്യാഘാതം സൃഷ്ടിക്കും. അന്താരാഷ്ട വിപണിയിലെ എണ്ണവില കുതിപ്പിൽ നിന്നും ഇന്ത്യ തല്ക്കാലത്തേക്ക് രക്ഷപ്പെട്ടുനിൽക്കുന്നതു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ തണലിലാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അത് അശനിപാതംപോലെ ഇന്ത്യക്കാരുടെ തലയിൽ പതിക്കാൻ ഏറെ സമയം വേണ്ടിവരില്ല. കോവിഡിന്റെയും യുദ്ധത്തിന്റെയും കോവിഡ് സമ്മാനിച്ച തൊഴിലില്ലായ്മയുടെയും സാമ്പത്തിക തകർച്ചയുടെയും പശ്ചാത്തലത്തിൽ ജനജീവിതത്തെ സംരക്ഷിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സത്വര നടപടികൾ സ്വീകരിക്കാൻ സന്നദ്ധരാവണം. ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ തന്നെയാണ് ഒന്നാമത്തെ വെല്ലുവിളി. രാജ്യത്തെ വിശപ്പിന്റെ കണക്കുകൾ ഇവിടെ ആവർത്തിക്കുന്നില്ല.


ഇതുകൂടി വായിക്കാം; കോവിഡ് കാലം: ചില അനുഭവങ്ങൾ


ലോക പട്ടിണി സൂചികയിൽ നിരത്തിയ വസ്തുതകളേക്കാൾ ഭീഷണമാണ് ഇപ്പോഴത്തെ അവസ്ഥ. കേന്ദ്രസർക്കാർ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നല്കിപ്പോന്ന സൗജന്യ റേഷൻ അപര്യാപ്തമെങ്കിലും ജനങ്ങൾക്ക് പൊതുവിൽ ആശ്വാസകരമായിരുന്നു. അത് ഈ മാസത്തോടെ അവസാനിപ്പിക്കുമെന്നാണ് പ്രഖ്യാപനം. അത്തരം ഒരു നടപടി ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കു കാരണമാകുമെന്ന് പഠനങ്ങൾ മുന്നറിയിപ്പുനൽകുന്നു. ചില ഉത്തരവാദിത്തപ്പെട്ട ഗവൺമെന്റേതര സംഘടനകൾ 14 സംസ്ഥാനങ്ങളിലായി നടത്തിയ പഠനങ്ങൾ 66 ശതമാനം കുടുംബങ്ങളുടെയും വരുമാനത്തിൽ കോവിഡിന് മുമ്പുള്ളതിനേക്കാൾ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായതായി കണ്ടെത്തി. 80 ശതമാനം കുടുംബങ്ങൾ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിലുള്ള ഭക്ഷ്യസുരക്ഷാ പ്രശ്നത്തെ അഭിമുഖീകരിക്കുന്നവരാണ്. 25 ശതമാനം കുടുംബങ്ങൾ അത്താഴം കൂടാതെ അന്തിയുറങ്ങാൻ നിർബന്ധിതർ ആണെന്നും പഠനം പറയുന്നു. രാജ്യത്തെ തൊഴിലില്ലായ്മയുടെയും സാമ്പത്തിക തകർച്ചയുടെയും പശ്ചാത്തലത്തിൽ ഈ കണ്ടെത്തലുകളെ അവിശ്വസിക്കേണ്ടതില്ല. നിലവിലുള്ള സാഹചര്യത്തിൽ കോവിഡ്കാലത്തു നടപ്പാക്കിയ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പിഎംജികെഎവൈ) ഈ മാസത്തോടെ അവസാനിപ്പിക്കുന്നത് ഭൂരിപക്ഷം കുടുംബങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കും. സാർവത്രിക റേഷനിങ്ങും പൊതുവിതരണ സംവിധാനം വിപുലീകരിച്ചും ജനങ്ങളെ പട്ടിണിയിൽനിന്നും ദുരിതങ്ങളിൽനിന്നും സംരക്ഷിക്കുക എന്നത് തെരഞ്ഞെടുക്കപ്പെട്ട ജനകീയ സർക്കാരുകളുടെ ബാധ്യതയും ഉത്തരവാദിത്വവും ആണ്. ഭക്ഷ്യ ധാന്യങ്ങളുടെയും ഇതര ഭക്ഷ്യ പദാർത്ഥങ്ങളുടെയും കാര്യത്തിൽ കമ്മി സംസ്ഥാനമായ കേരളത്തിൽ പിഎംജികെഎവൈ പദ്ധതി നിലനിർത്തുക എന്നത് അതിപ്രധാനമാണ്. അതിന്റെ ആനുകൂല്യം അർഹരായ എല്ലാവർക്കും ഉറപ്പുവരുത്താൻ റേഷൻ കാർഡുകളുടെ കാര്യത്തിൽ കേരളം നിരന്തരം ഉന്നയിച്ചുപോരുന്ന ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രം തയാറാവണം. 2014 കേന്ദ്ര ഭക്ഷ്യ സുരക്ഷാ നിയമം പരിമിതപ്പെടുത്തിയ കാർഡുകളുടെ എണ്ണം ഉയർത്തണം. കഴിഞ്ഞ എട്ടു വർഷങ്ങളായി വർധിച്ച പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് പുതിയതായി കാർഡുകൾ ലഭ്യമാക്കേണ്ടതുണ്ട്. സമ്പൂർണമായ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ കേരളത്തിന്റെ ഈ ആവശ്യങ്ങൾ അംഗീകരിക്കാനും പിഎംജികെഎവൈ പദ്ധതി ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കുംവരെ തുടരാനും കേന്ദ്രസർക്കാർ തയാറാവണം.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.