December 3, 2022 Saturday

സുഗന്ധം പരത്തുന്ന ടീച്ചര്‍

Janayugom Webdesk
July 17, 2022 7:38 am

ഒരു ബാലസാഹിത്യകാരന്‍ മനസുകൊണ്ടും ചിന്തകൊണ്ടും കുട്ടിയായിരിക്കണം. കുട്ടികളുടെ വികാരവിചാരങ്ങള്‍ വ്യക്തമായി മനസിലാക്കിയിരിക്കണം. ലളിത പദപ്രയോഗം രസാത്മകമായ അവതരണം സന്മാര്‍ഗ ചിന്ത, വിജ്ഞാനം വിനോദത്തിലൂടെ പകര്‍ന്നുനല്കക ഇങ്ങനെ ഏറെക്കാര്യങ്ങളില്‍ അയാള്‍ ശ്രദ്ധാലുവായിരിക്കണം.
ഇത്തരം വായനാനുഭവമാണ് ഡോ. തോട്ടം ഭുവനേന്ദ്രന്‍ നായരുടെ ‘എന്റെ ചന്ദന ടീച്ചര്‍’ എന്ന ബാലസാഹിത്യകൃതി നമുക്ക് തരുന്നത്. അമ്പതു വര്‍ഷം പിന്നിലെ കുട്ടിക്കാലം കവി അവതരിപ്പിക്കുമ്പോള്‍ പലതും ഇന്നത്തെ കുട്ടികള്‍ക്ക് സങ്കല്പിക്കാന്‍പ്പോലും കഴിയാത്തവയുമാണ്. എങ്കിലും ഇങ്ങനെയൊക്കെയായിരുന്നു നമ്മുടെ നാടെന്നും ജീവിതമെന്നും അറിവുനിറവാക്കുന്നത് നന്ന്. അന്ന് എല്ലാ വീടുകളിലും റേഡിയോ പോലും എത്തിയിട്ടില്ല. വേണ്ടത്ര കളിക്കോപ്പുകള്‍ കടകളിലില്ല. ഓലക്കിളികള്‍, ഓലപ്പന്ത്, ഓലപ്പാമ്പ്, ഓലക്കണ്ണട, കളിപ്പമ്പരം, പ്ലാവിലകൊണ്ട് പലതരം കളിപ്പാട്ടങ്ങള്‍. റബ്ബറും ഉപയോഗശൂന്യമായ ടയറുകളും ഒക്കെ വെട്ടി കളിപ്പാട്ടങ്ങള്‍ മെനയുന്നു. 

നാട്ടിന്‍പുറത്തെ ഉത്സവവും ആഘോഷവും കുട്ടികളില്‍ ഉണര്‍ത്തുന്ന ചേതോവികാരവും വര്‍ണനാതീതമാണ്. അന്ന് സ്‌കൂളുകളില്‍ പ്രവേശനോത്സവമില്ല. കുട്ടികള്‍ക്ക് കളിക്കാന്‍ കളിക്കോപ്പുകളില്ല. ചെളിമണ്ണുകൊണ്ടു പാലം നിര്‍മ്മിക്കുക, കള്ളനും പൊലീസും കളി, പന്തുകളി, കിളിത്തട്ടുകളി ഇതൊക്കെയായിരുന്നു സ്‌കൂളിലെ കായികവിനോദങ്ങള്‍. അന്ന് സ്‌പോര്‍ട്‌സിനു പ്രാധാന്യം തീരെ കൊടുത്തിരുന്നില്ല.
പുഴയോരത്തെ ജീവിതം — പുഴയിലെ മുങ്ങലും, നീന്തലും, കുളിയും, പുഴയിലെ മീന്‍പിടിത്തവും എല്ലാം ബാലമനസുകള്‍ക്ക് ഹരം പകരുന്ന രീതിയില്‍ത്തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കുട്ടികളെ ഏറെ സന്തോഷിപ്പിക്കുന്ന പൂക്കാലം വരവായി. രാവിലെ പൂവുതേടി പൂക്കൂടകളുമായി ഓടിനടക്കുന്ന കുട്ടികള്‍, കാളപ്പൂവും, കലമ്പട്ടിയും, കാക്കപ്പൂവും ഒക്കെ ശേഖരിച്ച് ഉദയത്തിന് മുമ്പേ ചാണകം മെഴുകി മുറ്റത്ത് പൂക്കളമൊരുക്കും. അതുപോലെ ഓണക്കാലം അത്തം മുതല്‍ പത്തു ദിവസം പൂക്കളമുറ്റമുണ്ടെങ്ങും. തമിഴ്നാട്ടിലെ പൂവല്ല നമ്മുടെ തൊടിയിലെ, വയല്‍ വരമ്പത്തെ, ആറ്റുവാരത്തെയൊക്കെ പൂക്കള്‍. നല്ല സുഗന്ധവാഹികള്‍. അത്തപ്പൂക്കളം എത്ര മനോഹരം. ആ പൂക്കളിലും മുറ്റത്ത് വണ്ടുകള്‍ എത്തിയിരുന്നു.
ടോമിയുടെ കഥ കുട്ടികള്‍ക്ക് നല്ലൊരു ഗുണപാഠമാണ്. ‘നമ്മുടെ വീട്ടില്‍ കാവല്‍ കിടക്കും നായൊരു നല്ല മൃഗം, നമ്മെക്കാണുന്നവളതു കാട്ടും നന്ദി മറക്കാമോ” എന്ന കവിമൊഴി എത്ര സാര്‍ത്ഥകമാണ്. നാം പക്ഷിമൃഗാദികളെ സ്‌നേഹിച്ചാല്‍ അവ നമ്മെയും സ്‌നേഹിക്കും. ടോമി കവിയെ മൂര്‍ഖനില്‍ നിന്നു രക്ഷിച്ചു, അത് ഒരു ഉദാഹരണം മാത്രം. കള്ളന്‍ വന്നാലും ദുഷ്ടന്‍ വന്നാലും യജമാനനെ അറിയിക്കും, രക്ഷിക്കും.
നാട്ടിന്‍പുറങ്ങളിലെ ഉത്സവവും പട്ടണങ്ങളിലെ ഉത്സവവും തമ്മില്‍ വലിയ അന്തരമുണ്ട്.
നാട്ടിന്‍പുറങ്ങളില്‍ അമ്പലത്തില്‍ ഉത്സവം കൊടിയേറിയാല്‍ ഉത്സവങ്ങള്‍ തീര്‍ന്ന് കൊടിയിറങ്ങുംവരെ നാട്ടുകാര്‍ക്ക് ഉത്സവമാണ്. കഷ്ടപ്പാടുകളും ദുരിതങ്ങളും എല്ലാം മറക്കും. അഞ്ചുമണിക്കു തുടങ്ങുന്ന തുള്ളലും അതുകഴിഞ്ഞ് നേരം വെളുക്കുവോളമുള്ള കലാപരിപാടികള്‍, സംഗീതക്കച്ചേരി, കഥകളി, ചാക്യാര്‍കൂത്ത്, കൂടിയാട്ടം, പാഠകം, നൃത്തങ്ങള്‍ ഇത്യാദി കലകള്‍ മാത്രമേ അന്ന് ക്ഷേത്രാങ്കണങ്ങളില്‍ അവതരിപ്പിച്ചിരുന്നുള്ളു. ഹരികഥയും കഥാ പ്രസംഗവുമെല്ലാം പിന്നീടെത്തിയ കലകളാണ്.
ഉള്‍നാട്ടിലെ ഉത്സവം പണ്ടുപണ്ടേ പ്രസിദ്ധമാണ്. ഈ അധ്യായം വായിക്കുമ്പോള്‍ കുട്ടികള്‍ക്ക് എന്തു നഷ്ടബോധമാണ് ഉണ്ടാകുക. അന്ന് സ്‌കൂളുകളില്‍ പോകുമ്പോള്‍ മഴ നനയുന്നത് കുട്ടികള്‍ക്ക് ആഹ്ലാദമായിരുന്നു. കുട കൊണ്ടുപോകാറില്ല. മഴ പെയ്യുമ്പോള്‍ പുസ്തകവും സ്ലേറ്റും നനയാതെ ഷര്‍ട്ടിനകത്തേയ്ക്ക് കയറ്റും. അല്ലെങ്കില്‍ വലിയ ചേമ്പിലയൊ വാഴയിലയൊ വഴിയോരങ്ങളില്‍ നിന്നു മുറിക്കും, കുടയായി ചൂടും. മഴ തോര്‍ന്നാല്‍ അവ ദൂരേക്ക് വലിച്ചെറിയുകയും ചെയ്യും.
ഈ പുസ്തകത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ കഥയാണ് അവസാനാധ്യായത്തില്‍ ചേര്‍ത്തിട്ടുള്ള ‘എന്റെ ചന്ദന ടീച്ചര്‍.’ സമര്‍ത്ഥനായ ഒരധ്യാപകന്‍. കുട്ടികള്‍ക്കെന്നും പ്രിയങ്കരന്‍ തന്നെ. ഒരു വിഷയവും പ്രയാസമുള്ളവയല്ല. വിഷയങ്ങള്‍ ഉള്‍ക്കൊള്ളാനും കുട്ടികളില്‍ രസാത്മകമായി അറിവു നിറവാക്കാനും കഴിഞ്ഞാല്‍ അദ്ദേഹം കുട്ടികള്‍ക്കു പ്രിയങ്കരന്‍ തന്നെ. കണക്കു പഠിപ്പിക്കാനെത്തിയ മായ ടീച്ചര്‍ കുട്ടികളുടെ നിലവാരം മനസിലാക്കി രസകരമായി ക്ലാസ് നയിച്ചപ്പോള്‍ വിജയശകമാനം നൂറിലേക്കെത്തി. എല്ലാ കുട്ടികള്‍ക്കും മായ ടീച്ചര്‍ പ്രിയങ്കരിയായി.
നറുചന്ദനത്തിന്റെ മണമുള്ള ടീച്ചറെ ചന്ദന ടീച്ചര്‍ എന്നാണ് കവി വിളിക്കാനിഷ്ടപ്പെട്ടത്. ആ പേര് കാതില്‍ രഹസ്യമായി പറഞ്ഞത് ടീച്ചര്‍ക്ക് നന്നേ ഇഷ്ടപ്പെട്ടു. എന്നും കണക്കു മാത്രമായിരുന്നെങ്കില്‍ എന്നു കവി പറയുമ്പോള്‍ മറ്റു കുട്ടികളും ഇതേ ചിന്തക്കാരായിരുന്നു. നന്നായി പഠിപ്പിക്കുന്ന ഏതൊരധ്യാപകനെക്കുറിച്ചും കുട്ടികള്‍ ഇപ്രകാരം ചിന്തിക്കും. എന്നാല്‍ ഒരു അധ്യാപികയാകുമ്പോള്‍ അതിലേറെ ശ്രദ്ധിക്കപ്പെടും. കാരണം സ്ത്രീ അമ്മയുമാണല്ലോ. ഇവിടെ ചന്ദന ടീച്ചര്‍ കവിയുടെ അയല്‍വാസിയാണ്. ഗുരുവാണ്. അമ്മയാണ്. എല്ലാമെല്ലാമാണ്.
എല്ലാ മനുഷ്യരിലും അവരുടേതായ ഒരു ഗന്ധമുണ്ട്. മായ ടീച്ചറുടെ ഗന്ധം ചന്ദനഗന്ധമായി കവിക്കു തോന്നി. ആസ്വദിച്ചു. ഏറ്റവും പ്രയാസമേറിയ വിഷയം രസകരമാക്കി. അതില്‍ നൂറുശതമാനം മാര്‍ക്കു വാങ്ങാന്‍ കഴിഞ്ഞാല്‍ അവരോട് ആരാധനാ മനോഭാവമുണ്ടായതില്‍ അതിശയിക്കാനില്ല. അയല്‍വാസിയായ ടീച്ചറുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായി കടകമ്പോളങ്ങളില്‍ നിന്ന് സാധനങ്ങളെത്തിക്കാന്‍ കവി ടീച്ചറെ സഹായിച്ചിരുന്നു. ചുരുക്കത്തില്‍ ഗുരുഭക്തിയും മാതൃഭക്തിയും ഒന്നായി നിര്‍മ്മല പ്രേമമായി ആ മാനസം മാറുന്നു. വാസ്തവത്തില്‍ മായ ടീച്ചര്‍ക്ക് ചന്ദനഗന്ധമില്ല. അവരുടേതായ ഗന്ധം ചന്ദനഗന്ധമായി കവിക്കു തോന്നിയെന്നു മാത്രം. 

എന്റെ ചന്ദനടീച്ചര്‍
(ബാലസാഹാത്യം)
കലാപൂര്‍ണ പബ്ലിക്കേഷന്‍സ്
വില: 60 രൂപ
ഡോ. തോട്ടം ഭുവനേന്ദ്രന്‍ നായര്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.