14 April 2024, Sunday

Related news

November 1, 2023
September 19, 2023
May 27, 2023
May 26, 2023
May 26, 2023
May 26, 2023
May 26, 2023
May 25, 2023
May 24, 2023
May 23, 2023

എന്റെ കേരളം മെഗാ മേള: നാളെ സമാപനം

Janayugom Webdesk
തിരുവനന്തപുരം
May 26, 2023 4:21 pm

തലസ്ഥാനവാസികള്‍ക്ക് പുത്തന്‍ കാഴ്ചകളും വൈവിധ്യമാര്‍ന്ന രുചികളും ആഘോഷരാവുകളും സമ്മാനിച്ച എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയ്ക്ക് നാളെ കൊടിയിറങ്ങും. എല്‍ഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കനക്കുന്നില്‍ നടക്കുന്ന മേള 20നാണ് ഉദ്ഘാടനം ചെയ്തത്. പൂര്‍ണമായും ശീതീകരിച്ച സ്റ്റാളുകളില്‍ സജ്ജീകരിച്ചിരിക്കുന്ന മേള ആദ്യദിനം മുതല്‍ തന്നെ വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. പിആര്‍ഡി സ്റ്റാളില്‍ സജ്ജീകരിച്ചിരിക്കുന്ന 360 ഡിഗ്രി സെല്‍ഫി കാമറയില്‍ സെല്‍ഫിയെടുക്കാനും കേരള പൊലീസ് പവലിയനിലെ ആയുധങ്ങള്‍ കാണാനും സ്ത്രീസുരക്ഷാ പരിശീലനത്തില്‍ പങ്കെടുക്കാനും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വൈകുന്നേരങ്ങളില്‍ പൊലീസിന്റെ ഡോഗ് ഷോ കാണാനും ജയില്‍ വകുപ്പിന്റെ പ്രത്യേക പവലിയന്‍ സന്ദര്‍ശിക്കാനും നീണ്ടനിരയും കാണാം. മേളയിലെത്തുന്നവരുടെ മറ്റൊരു പ്രിയപ്പെട്ട ഇടമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പവലിയന്‍. സ്വാതന്ത്ര്യത്തിന് മുമ്പുള്ള റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് മുതല്‍ ഒന്നേമുക്കാല്‍ കോടിയുടെ അത്യാധുനിക ഇലക്ട്രിക് കാര്‍ വരെ ഇവിടെയുണ്ട്. സ്വന്തമായി സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്കുള്ള സഹായങ്ങള്‍ നല്‍കാനും സംശയദൂരീകരണത്തിനുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, വ്യവസായ വകുപ്പ് തുടങ്ങിയവരുടെ സ്റ്റാളുകളും സജീവമാണ്. സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ അവസരമൊരുക്കി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ചെറുകിട സംരംഭകരുടെയും നേതൃത്വത്തില്‍ നിരവധി വിപണന സ്റ്റാളുകളും മേളയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സപ്ലൈകോ എക്‌സ്‌പ്രസ് മാര്‍ട്ടില്‍ നിന്നും കുറഞ്ഞ നിരക്കിൽ സാധനങ്ങള്‍ വാങ്ങിയവരും ഹാപ്പിയാണ്. ജില്ലയിലെ തനത് രുചികൾക്കൊപ്പം അയൽ ജില്ലകളിലെ രുചികൾ കൂടി വിളമ്പിയ ഫുഡ്കോർട്ട് മേളയുടെ പ്രധാന ആകർഷണമാണ്. കുടുംബശ്രീയുടെ ഏഴ് യൂണിറ്റുകളും മിൽമ, ഐടിഡിപി, ഫിഷറീസ്, ജയിൽ, കെടിഡിസി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഓരോ യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെ സൂര്യകാന്തി ഗേറ്റിന് സമീപം പ്രവർത്തിക്കുന്ന സർവീസ് സ്റ്റാളുകളിൽ ആധാര്‍ കാര്‍ഡ് എടുക്കുന്നതിനും തെറ്റുതിരുത്തുന്നതിനുമുൾപ്പെടെയുള്ള സേവനങ്ങളും ലഭ്യമാണ്. മേളയിലെ അക്ഷയ കേന്ദ്രത്തില്‍ ആധാറിലെ മൊബൈല്‍ നമ്പര്‍ പുതുക്കല്‍, അഞ്ച്, 15 വയസുകളിലുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിത ആധാര്‍ പുതുക്കല്‍ എന്നീ സേവനങ്ങളുമുണ്ട്. 14 സര്‍ക്കാര്‍ വകുപ്പുകളുടെ വിവിധ തത്സമയ സേവനങ്ങളാണ് സൗജന്യമായും വേഗത്തിലും ഇവിടെ ലഭ്യമാകുന്നത്. വൈകുന്നേരങ്ങളിൽ നിശാഗന്ധിയിൽ നടക്കുന്ന സാംസ്കാരിക പരിപാടിയും ജനശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ഇന്ന് ഭദ്ര റെജിൻ ബാൻഡും നാളെ ഊരാളി ബാൻഡും നിശാഗന്ധിയിൽ സംഗീതപരിപാടി അവതരിപ്പിക്കും. കനകക്കുന്നിൽ രാവിലെ 10 മുതൽ രാത്രി 10 വരെയാണ് മേള. പ്രവേശനം പൂർണമായും സൗജന്യമാണ്.

ജീവന്റെ വിലയുള്ള ‘അറിവ്’ പകർന്ന് അഗ്നിരക്ഷാ സേന

നിത്യജീവിതത്തിൽ നമുക്ക് മുന്നിൽ അപകടങ്ങളുണ്ടാകുമ്പോൾ ആത്മസംയമനവും കൃത്യമായ ഇടപെടലും വഴി പല ജീവനുകൾ രക്ഷിക്കാനാകും. അപകട സന്ദർഭങ്ങളിൽ ചെയ്യേണ്ട ജീവൻരക്ഷാ മാർഗങ്ങൾ നേരിൽ കണ്ട് പഠിക്കാനുള്ള അവസരമാണ് എന്റെ കേരളം മെഗാ മേളയിൽ അഗ്നിരക്ഷാ സേന ഒരുക്കിയിട്ടുള്ളത്. ഹൃദയസ്തംഭനം, തൊണ്ടയിൽ ഭക്ഷണം കുടുങ്ങുക, പാമ്പുകടി, വെള്ളത്തിൽ മുങ്ങിപ്പോവുക, തീപിടിത്തം തുടങ്ങിയ സാഹചര്യങ്ങളിൽ അടിയന്തരമായി നൽകേണ്ട പ്രഥമ ശുശ്രൂഷയുടെ വിശദമായ വിവരണവും പരിശീലനവും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ നൽകും. ബഹുനില മന്ദിരങ്ങളിൽ തീപിടിത്തം ഉണ്ടായാൽ സ്വീകരിക്കേണ്ട സുരക്ഷാക്രമീകരണങ്ങളെ കുറിച്ചും പൊതുജനങ്ങൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. പ്രഥമ ശുശ്രൂഷ പരിശീലനത്തിന് പുറമേ അഗ്നിശമനരക്ഷാ സേന ഉപയോഗിക്കുന്ന അത്യാധുനിക ജീവൻ രക്ഷാ ഉപകരണങ്ങൾ, അവയുടെ പ്രവർത്തനം എന്നിവ വിശദമായി മനസിലാക്കാം. ഇതോടൊപ്പം കടപുഴകിയ വൻ മരങ്ങൾ മുറിച്ചു മാറ്റുന്നതിനും അപകടത്തിൽപ്പെട്ട് തകർന്ന വാഹനങ്ങളുടെ ഭാഗങ്ങൾ വേർപ്പെടുത്തുന്നതിനുമുള്ള ഉപകരണങ്ങൾ, വെള്ളത്തിനുള്ളിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന സ്ക്യൂബ സ്യൂട്ട്, ഓക്സിജൻ കുറവുള്ള ഘട്ടങ്ങളിലും വിഷവാതകങ്ങളുള്ള പ്രദേശങ്ങളിലും ഉപയോഗിക്കുന്ന സ്കാബ സ്യൂട്ട്, ഫയർമാൻ സ്യൂട്ട്, വെള്ളം പമ്പ് ചെയ്യുന്നതിനുള്ള വാൽവുകൾ, ലൈഫ് ഡിറ്റക്ടർ, ഫ്ലോട്ടിങ് സ്‌ട്രെചർ, ഗ്യാസ് ഡിറ്റക്ടർ, ബ്ലോവർ, ഓട്ടോ ഫയർ ബാൾ എന്നിവയും കാണാം. ജീവൻ രക്ഷാ മാർഗങ്ങളെ കുറിച്ചുള്ള സംശയ നിവാരണത്തിനും അവസരമുണ്ട്.

കൗതുകമായി കാസർകോടൻ സുരങ്കയും ഇടുക്കിയുടെ മുനിയറയും

മേളയിൽ ആകർഷകമായി ടൂറിസം വകുപ്പിന്റെ ‘മിനി പിക്നിക് സ്പോട്ട്’. ഗ്രാമീണ ടൂറിസത്തിന്റെ ആശയം പകർന്നാണ് ഇത്തവണ വകുപ്പ് സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. പഴമ വിളിച്ചോതുന്ന സുരങ്കയും ഏലത്തോട്ടവും മുനിയറയും വമ്പൻ ഹിറ്റായായി മാറിയിരിക്കുകയാണ്. മലയോര നാടിന്റെ കൃഷിയും കാനന ഭംഗിയും മുനിയറയും ഒരിടത്തുതന്നെ കാണികൾക്ക് ആസ്വദിക്കാൻ സാധിക്കും. ‘സുരങ്ക’യുടെ മാതൃകയിലൂടെയാണ് ടൂറിസം വകുപ്പിന്റെ സ്റ്റാൾ ആരംഭിക്കുന്നത്. കാസർകോട് ജില്ലയിലെ മലമ്പ്രദേശങ്ങളിൽ വെള്ളത്തിനായി നിർമ്മിക്കുന്ന തുരങ്കമാണ് സുരങ്ക. കേരളത്തിലെ അറിയപ്പെടാത്ത സ്ഥലങ്ങളെ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മേളയില്‍ ഇത്തരം സ്ഥലങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. സുരങ്കത്തിലൂടെ കടന്ന് ഏലക്കാടുകളിലേക്കെത്താം. ഒന്ന് വിശ്രമിക്കാൻ ഇവിടെ ഈറ്റയും പുല്ലും കൊണ്ടുള്ള കാവൽ പുരയും ഒരുക്കിയിട്ടിയുണ്ട്. സുരങ്കത്തിലും ഏലക്കാട്ടിലും നിന്നുമൊക്കെ ഫോട്ടോയും റീല്‍സുമെടുക്കാനായി നിരവധിപേരാണ് ദിവസവും എത്തുന്നത്. മാത്രമല്ല ഏലത്തോട്ടത്തിനിടയിൽ ഇരുണ്ട കാടിനുള്ളിൽ അമ്പെയ്ത്തിലും ഒരു പരീക്ഷണം നടത്താം. ഇടുക്കിയിൽ കാണുന്ന ചരിത്ര പ്രസിദ്ധമായ മുനിയറകളുടെ മാതൃകകളും സ്റ്റാളിലുണ്ട്. കേരളത്തിന്റെ വിനോദ സഞ്ചാര ഇടങ്ങളെക്കുറിച്ചും വിവിധ കാലങ്ങളിൽ നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ചുമുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഡിജിറ്റൽ ഡിസ്‌പ്ലേകളുമുണ്ട്. ഇതിനെല്ലാം പുറമെ വിനോദസഞ്ചാര വകുപ്പിന്റെ സ്റ്റാളിൽ എത്തുന്നവർക്കായി ലക്കി വിൻ കോണ്ടസ്റ്റും നടത്തുന്നു.

സജീവമായി ജനകീയ ആരോഗ്യ കേന്ദ്രം

മേളയിലെ ജനകീയ ആരോഗ്യ കേന്ദ്രവും ആയുഷ് മിഷന്റെ ഹോമിയോ ക്ലിനിക്കും പ്രവർത്തന മികവിൽ വ്യത്യസ്തമാകുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ അലോപ്പതി, ഹോമിയോ തുടങ്ങിയ സ്റ്റാളുകളിലാണ് സന്ദർശകർക്കായി സൗജന്യ പരിശോധനയും രോഗികളുടെ സംശയനിവാരണവും ലഭ്യമാകുന്നത്. ആരോഗ്യ കേരളം സ്റ്റാളിൽ ജീവിതശൈലീ രോഗങ്ങളായ രക്തസമ്മർദ്ദം, പ്രമേഹം എന്നിവ പരിശോധിക്കാനും ഡോക്ടറുടെ സേവനം സൗജന്യമായി ലഭിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മണി മുതൽ രാത്രി 9.30 വരെ ഡോക്ടറുടെ സേവനം ലഭ്യമാണ്. ജനങ്ങളുടെ ഭാഗത്ത്‌ നിന്നും മികച്ച പ്രതികരണമാണ് ഈ സ്റ്റാളുകൾക്ക് ലഭിക്കുന്നത്. കാൻസർ സ്ക്രീനിങ്ങിനായി പ്രത്യേക ബോധവൽക്കരണ ക്ലാസും വിവ കേരള എന്നപേരിൽ 15നും 59നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഹീമോഗ്ലോബിൻ, രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ പരിശോധന എന്നിവ ചെയ്തുകൊടുക്കുന്നു. ജനകീയ ആരോഗ്യ കേന്ദ്രം സ്റ്റാളിലുള്ള ഇ സഞ്ജീവനി ആപ്പിനെ കുറിച്ചുള്ള മാർഗനിർദേശങ്ങളും സന്ദർശകർക്ക് പ്രയോജനപ്പെടുത്താം. പേപ്പട്ടി കടിയേറ്റാൽ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷയുടെ വിവിധ ഘട്ടങ്ങളുടെ പ്രദർശനവും ആരോഗ്യ കേരളം സ്റ്റാളിനെ വ്യത്യസ്തമാക്കുന്നു. ആയുഷ് ഹോമിയോപ്പതിയുടെ സ്റ്റാളിൽ ഹോമിയോപ്പതി വകുപ്പിന്റെ ചരിത്രത്തിന്റെ നാൾവഴികൾ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

കൈനിറയെ സാധനങ്ങള്‍ വിലക്കുറവില്‍ വാങ്ങാം 

വിലക്കുറവെന്ന് കേട്ടാല്‍ അങ്ങോട്ട് വച്ചുപിടിക്കുന്നവരാണ് നമ്മളില്‍ ഏറിയ പങ്കും. എന്നാല്‍ വിലകുറഞ്ഞ സാധനങ്ങള്‍ക്കെല്ലാം ഗുണമേന്മ ഉണ്ടാകണമെന്ന് നിര്‍ബന്ധവുമില്ല. സാധാരണക്കാരന്റെ നടു ഒടിക്കാതെ ഏറ്റവും വിലക്കുറവില്‍ ഗുണമേന്മയുള്ള സാധനങ്ങള്‍ വാങ്ങണമെങ്കില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ എത്തിയാല്‍ മതി. സപ്ലൈകോയുടെ എക്സ്പ്രസ് മാര്‍ട്ടില്‍ നിന്നും കൈനിറയെ സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു മടങ്ങാം. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് എക്സ്പ്രസ് മാര്‍ട്ട് എന്റെ കേരളം വേദിയിലെത്തിയത്. സപ്ലൈകോയുടെ സ്വന്തം ബ്രാന്റായ ശബരി ഉല്പന്നങ്ങളെ കൂടുതല്‍ പ്രചാരത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് എക്സ്പ്രസ് മാര്‍ട്ടിന്റെ സ്റ്റാള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. വമ്പിച്ച ഓഫറുകളാണ് ശബരി ഉല്പന്നങ്ങള്‍ക്ക്. ശബരിയുടെ 29 ഉല്പന്നങ്ങള്‍ക്കു പുറമെ 46 ബ്രാന്റ‍ഡ് ഉല്പന്നങ്ങളും ഈ എക്സ്പ്രസ് മാര്‍ട്ടിലുണ്ട്. 40 ശതമാനം മുതല്‍ 50 ശതമാനം വരെ വിലക്കുറവിലാണ് എല്ലാ ഉല്പന്നങ്ങളും സജ്ജമാക്കിയിരിക്കുന്നത്. ചില ഉല്പന്നങ്ങള്‍ക്കൊപ്പം മറ്റൊരു ഉല്പന്നം സൗജന്യമായും നല്‍കുന്നുണ്ട്. ശബരി വെളിച്ചെണ്ണ, കറിപൗഡറുകള്‍, പഞ്ചസാര, സോപ്പ്, സോപ്പ് ഓയില്‍ പൗഡര്‍ തുടങ്ങി ഒട്ടനവധി ഉല്പന്നങ്ങള്‍ ഇവിടെ ലഭ്യമാണ്. ഈ മാസം 27 വരെ എക്സ്പ്രസ് മാര്‍ട്ട് ഇവിടെ പ്രവര്‍ത്തിക്കും.

എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ സപ്ലൈകോ മാര്‍ട്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.