എല്ലാ മേഖലയിലും സമഗ്ര വികസനം യാഥാർഥ്യമാക്കിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ .
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളിലൂടെ ജനങ്ങൾക്കുണ്ടായ നേട്ടങ്ങൾ ബോധ്യപ്പെടുത്തി മൂന്നാം വർഷത്തിലേക്ക് കടക്കുന്ന സർക്കാരിന് കൂടുതൽ ശക്തി പകരുകയാണ് എന്റെ കേരളം പ്രദർശന വിപണന മേളയുടെ ലക്ഷ്യം. നിരവധി പ്രതിസന്ധികൾ അതിജീവിച്ചാണ് ഒന്നാം സർക്കാർ കടന്നുപോയത്. ഈ പ്രയാസങ്ങളിൽ ജനങ്ങളെ ഒപ്പം നിർത്തിയതിനാലാണ് രണ്ടാമതും സർക്കാർ അധികാരത്തിലേറിയത്. ഒന്നാം സർക്കാരിന്റെ പ്രവർത്തനങ്ങളുടെ തുടർച്ചയായി അടിസ്ഥാന സൗകര്യവികസനം, പശ്‌ചാത്തല സൗകര്യവികസനം, വിദ്യാഭ്യാസ, ആരോഗ്യ, കായിക, സാംസ്കാരിക, സാമൂഹ്യക്ഷേമ മേഖലയടക്കമുള്ള വികസനമാണ് സർക്കാർ യാഥാർഥ്യമാക്കുന്നത്. ഓരോ മേഖലയിലും നടപ്പാക്കേണ്ട വികസനം സൂക്ഷ്മമായി നിരീക്ഷിച്ചു മന്ത്രിമാരുടെ മുൻകൈയോടെ ഓരോ വകുപ്പും ഏറ്റെടുത്താണ് മുന്നോട്ട് പോകുന്നതെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.
ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം നിർദേശിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളിലൂടെയാണ് രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ വാർഷികാഘോഷം നടക്കുന്നതെന്ന് അഡ്വ കെ.യു. ജനീഷ് കുമാർ എം എൽ എ പറഞ്ഞു. സർക്കാരിന്റെ വാർഷികത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങളാണ് വകുപ്പുകൾ മുഖേന സർക്കാർ നടത്തുന്നത്. വനം വകുപ്പിന്റെയും തീരദേശ വകുപ്പിന്റെയും നേതൃത്വത്തിൽ വനാതിർത്തിയിലും തീരപ്രദേശത്തും താമസിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ട് പരിഹാരം കണ്ടെത്തുന്നതിനായി മന്ത്രിമാർ ഉൾപ്പെടെ അവിടേക്ക് എത്തുകയാണ്. താലൂക്ക്തലങ്ങളിൽ സംഘടിപ്പിച്ച അദാലത്തിലൂടെ മന്ത്രിമാർ നേരിട്ടെത്തി ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ട് പരിഹാരം കണ്ടെത്തുന്നു. ഇങ്ങനെ ജനങ്ങൾക്കൊപ്പമുള്ള ജനകീയ സർക്കാരാണ് സംസ്ഥാനത്തുള്ളത്. ജില്ലയുടെ കാലങ്ങളായുള്ള സ്വപ്നങ്ങൾ ഈ സർക്കാരിന്റെ കാലത്ത് യാഥാർഥ്യമായെന്നും എം എൽ എ പറഞ്ഞു.
ലോകത്തിന് മാതൃകയാകുന്ന വികസന മുന്നേറ്റമാണ് സർക്കാർ നടത്തിവരുന്നതെന്ന് അഡ്വ.പ്രമോദ് നാരായൺ എം എൽ എ പറഞ്ഞു. നൂറു ദിനകർമ പദ്ധതിയിൽ ഇത്തവണ 20000 വീടുകളാണ് സർക്കാർ നിർമിച്ചു നൽകിയത്. ലോകത്തെ മുന്നോട്ട് നയിക്കാൻ പോകുന്നത് ഇനി വൈജ്ഞാനിക മുന്നേറ്റമാണ്. ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങിയ സംസ്ഥാനമാണ് കേരളമെന്നും എം എൽ എ പറഞ്ഞു. നേരത്തെ വാദ്യമേളപ്പെരുമയില്‍ കാലാരൂപങ്ങളുടെ പത്തരമാറ്റ് തിളക്കത്തോടെ നടന്ന സാംസ്കാരികഘോഷയാത്രയോടെ എന്റെ കേരളം പ്രദര്‍ശന — വിപണനമേളയ്ക്ക് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ മെയ് 12 മുതല്‍ 18 വരെ സംഘടിപ്പിച്ചിട്ടുള്ള ഏഴു ദിവസത്തെ എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കം കുറിച്ചാണ് സാംസ്കാരികഘോഷയാത്ര സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും ചേര്‍ന്ന് കളക്ടറേറ്റ് ജംഗ്ഷനിൽ ഫ്ളാഗ് ഓഫ് ചെയ്ത വിളംബരഘോഷയാത്ര സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് സെൻട്രൽ ജംഗ്ഷൻ വഴി നഗരം ചുറ്റി ജില്ലാ സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നു. ഘോഷയാത്രയില്‍ മൂവായിരത്തോളം പേർ പങ്കെടുത്തു. തെയ്യം, പടയണി, അമ്മന്‍കുടം, ശിങ്കാരിമേളം, ബാന്‍ഡ് മേളം, നാടന്‍ കലാരൂപങ്ങള്‍, വാദ്യാഘോഷങ്ങള്‍, ഫ്ലോട്ടുകൾ തുടങ്ങിയവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിലാണ് കലാരൂപങ്ങളും ഫ്ലോട്ടുകളും സജ്ജമാക്കിയത്.
English Summary: Ente Keralam exhibition and marketing fair has started
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.