25 April 2024, Thursday

Related news

November 1, 2023
September 19, 2023
May 27, 2023
May 26, 2023
May 26, 2023
May 26, 2023
May 26, 2023
May 25, 2023
May 24, 2023
May 23, 2023

‘വെൽകം ടു സെൻട്രൽ ജയിൽ; ഒറിജിനൽ തൂക്കുകയര്‍ റെഡി’: സംഭവം ടെറർ

ജനശ്രദ്ധ നേടി എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള
web desk
തിരുവനന്തപുരം
May 23, 2023 11:01 am

എന്റെ കേരളം മെഗാമേളയുടെ ഭാഗമായി കനകക്കുന്നില്‍ തുടരുന്ന ജില്ലാതല മെഗാ പ്രദര്‍ശന വിപണന മേള ജനശ്രദ്ധ നേടുകയാണ്. കാഴ്ചകണ്ട് കറങ്ങുന്നതിനിടയിൽ ഒരു ബോർഡ് കാണാം. വെൽകം ടു സെൻട്രൽ ജയിൽ പേടിക്കേണ്ട, കൗതുകമാർന്ന കാഴ്ചകളുമായി ജയിൽ വകുപ്പ് ഒരുക്കിയ സ്റ്റോളിലേക്കുള്ള ചൂണ്ടുപലകയാണത്. സിനിമകളിൽ മാത്രം കണ്ട് ശീലിച്ച ജയിലുകളുടെ ഉള്ളറ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് ജയിൽ വകുപ്പ് ഒരുക്കിയ മാതൃകാ സെൻട്രൽ ജയിൽ.

എന്റെ കേരളം മേളയില്‍ ഒരുക്കിയിരിക്കുന്ന സെന്‍ട്രല്‍ ജയിലിന്റെ മാതൃക 

കൗതുകം മാത്രമല്ല ഒരല്പം ‘ടെറർ’ കൂടിയുണ്ട്. യഥാർത്ഥ വധശിക്ഷയുടെ നേർകാഴ്ചയാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. ഉപയോഗിക്കുന്നത് ‘ഒറിജിനൽ’ തൂക്കുകയറും, ‘ഡമ്മി’ പ്രതിയും. ആലുവ കൂട്ടക്കൊല കേസ് പ്രതി ആന്റണിയുടെ വധശിക്ഷയ്ക്കായി തയ്യാറാക്കിയ ചണംകൊണ്ടുള്ള യഥാർത്ഥ തൂക്കുകയറാണ് പ്രദർശിപ്പിക്കുന്നത്. വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ 25 ജയിൽ അന്തേവാസികളാണ് മാതൃകാ ജയിൽ തയ്യാറാക്കിയത്.

ജയിൽ കാണാൻ എത്തുന്നരെ ആദ്യം സ്വീകരിക്കുന്നത് 22 അടി ഉയരമുള്ള മെയിൻ ഗേറ്റാണ്. ജയിലിനെ പോലെ തന്നെ ഗേറ്റ് കീപ്പറോട് അനുവാദം വാങ്ങി ഉള്ളിലേക്ക് കടക്കാം. ഒമ്പതര ഏക്കറോളം വരുന്ന പൂജപ്പുര സെൻട്രൽ ജയിലിന്റെ മിനിയേച്ചർ രൂപമാണ് മുന്നിൽ നിങ്ങളെ കാത്തിരിക്കുന്നത്. ജയിലിലെ 12 ബ്ലോക്കുകൾ, സന്ദർശന മുറി, ജയിലിന്റെ സിഗ്നേച്ചറായ ക്ലോക്ക് ടവർ, കാന്റീൻ, യോഗാ സെന്റർ, ഡിസ്‌പെൻസറി, ആരാധനാലയങ്ങൾ, ലൈബ്രറി, കൃഷിയിടങ്ങൾ, ഉദ്യോഗസ്ഥരുടെ കാര്യാലയം തുടങ്ങി ജയിലിന്റെ മുക്കും മൂലയും വരെ നേരിൽ കാണാം. തടവുകാരും ബന്ധുക്കളുമായി ആശയവിനിമയം നടത്തുന്ന ആധുനിക കൂടിക്കാഴ്ച കേന്ദ്രം, സെല്ലുകൾ, ബാരക്കുകൾ എന്നിവയും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്.

360 ഡിഗ്രിയില്‍ വട്ടം കറക്കുന്ന അഡാർ സെല്‍ഫി പോയിന്റ്

360 ഡിഗ്രിയില്‍ വട്ടം കറങ്ങിയാല്‍ നല്ല കലക്കന്‍ സെല്‍ഫി വീഡിയോ. ക്യൂആര്‍ കോഡ് വെറുതെ ഒന്ന് സ്‌കാന്‍ ചെയ്താല്‍ നല്ല മൊഞ്ചുള്ള സെല്‍ഫി വീഡിയോ മൊബൈല്‍ ഫോണിന്റെ ഗ്യാലറിയില്‍ ഞാനിതാ എത്തിയേ എന്ന് പറഞ്ഞ് വന്നെത്തും. എന്റെ കേരളം മെഗാമേളയുടെ ഭാഗമായി കനകക്കുന്നിലുള്ള ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ പവലിയനകത്താണ് കാലത്തിനും മുന്നേ സഞ്ചരിക്കുന്ന കൗതുക കാഴ്ചകള്‍ ഉള്ളത്. ഇതിനോടകം തന്നെ യുവാക്കള്‍ ഏറ്റെടുത്ത പിആര്‍ഡി പവലിയനില്‍ നിരവധി പേരാണ് ദിവസവും എത്തുന്നത്.

സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുന്ന 360 ഡിഗ്രി സെല്‍ഫി കാമറയാണ് പവലിയനിലെ പ്രധാന ആകര്‍ഷണം. ഒറ്റയ്‌ക്കോ കൂട്ടായോ 360 ഡിഗ്രി സെല്‍ഫി ബൂത്തില്‍ എത്തി സെല്‍ഫി വീഡിയോ എടുക്കാം. ഐഫോണില്‍ മികച്ച ക്വാളിറ്റിയില്‍ എടുക്കുന്ന വീഡിയോ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് നമ്മുടെ മൊബൈല്‍ ഫോണില്‍ അപ്പോള്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം. കേരള സർക്കാരിന്റെ വികസന നേട്ടങ്ങളെ കുറിച്ചുള്ള വിലയേറിയ അഭിപ്രായങ്ങള്‍ ‘ഞാനും പറയാം’ എന്ന സെഗ്മെന്റിന്റെ ഭാഗമായി ഓഡിയോ ബൂത്തിലെത്തി രേഖപ്പെടുത്താം. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഓഡിയോ രൂപത്തില്‍ റെക്കോഡ് ചെയ്യപ്പെടും.

പൊതുവിഞ്ജാനത്തില്‍ താല്പര്യമുള്ളവര്‍ക്ക് കൈനിറയെ സമ്മാനം നേടാനും അവസരമുണ്ട്. ഡിജിറ്റല്‍ ക്വിസ് മത്സരത്തില്‍ പങ്കെടുത്ത ശേഷം മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ ലക്കി ഡ്രോയില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. 27 വരെ ഡിജിറ്റല്‍ ക്വിസില്‍ പങ്കെടുക്കാം.

Eng­lish Sam­mury: LDF Gov­ern­ment 2nd anniver­sary- Ente ker­alam mega exhi­bi­tion at kanakakkun­nu thiruvanthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.