Friday
06 Dec 2019

ഹമീദ് കണ്ടെത്തി തന്‍റെ ഉമ്മായെ…

By: Web Desk | Friday 21 December 2018 7:01 PM IST


രാജഗോപാല്‍ എസ് ആര്‍

മാസല്ലാത്ത വേഷങ്ങളിലൂടെ കരിയര്‍  ഉയര്‍ത്തിക്കൊണ്ടുവരുന്ന ടോവിനോയും മലയാള സിനിമ ആവശ്യപ്പെടുമ്പോഴെല്ലാം തന്‍റെ സാന്നിദ്ധ്യം കൊണ്ട് നൊസ്റ്റുവായി മാറുന്ന ഉര്‍വ്വശിയും ഒന്നിക്കുന്നു എന്നത് തന്നെയാണ് എന്‍റെ ഉമ്മാന്‍റെ പേരിന്‍റെ ആകര്‍ഷണം. ജോസ് സെബാസ്റ്റിയന്‍ എന്ന യുവസംവിധായകന്‍റെ ആദ്യ ചിത്രം….

സമ്പത്തിനിടയിലും ബാപ്പ ഹൈദര്‍ മരിക്കുമ്പോള്‍ അനാഥനായി മാറുന്ന ഹമീദ്… രണ്ട് പേരെ നിക്കാഹ് കഴിച്ചിരുന്ന ഹൈദര്‍ തന്‍റെ വില്‍പ്പത്രത്തില്‍ രണ്ട് ഭാര്യമാര്‍ക്കും സ്വത്തിന്‍റെ പങ്ക് നല്‍കിയിട്ടുണ്ട്. ഉമ്മയാരാണെന്ന് അറിയാത്ത ഹമീദിന്‍റെ ഉമ്മയെ തേടിയുള്ള യാത്രയാണ് സിനിമയുടെ ഹൈലൈറ്റ്… കോഴിക്കോടുള്ള റംലത്തിനെയും പൊന്നാനിയിലുള്ള ഐഷുമ്മയെയും തേടിയുള്ള യാത്ര. റംലത്ത് തന്റെ മകനല്ല എന്ന് പറഞ്ഞതോടെ അല്‍പ്പം നൊസ്സുള്ള ഐഷുമ്മയുടെ മകനാണ് താനെന്ന് ഹമീദ് സ്വയം കരുതുന്നു. ഐഷുമ്മയല്ല തന്റെ ഉമ്മയെന്ന് തിരിച്ചറിഞ്ഞിട്ടും ഐഷുമ്മയെ തള്ളാതെ തന്റെ ഉമ്മയെ തേടിയുള്ള യാത്രയ്ക്ക് ഹമീദ് കൂടെ കൂട്ടുന്നുണ്ട്. ചില സൂചനകളിലൂടെ ലക്നൗവിലെത്തുന്ന ഹമീദും ഉമ്മയും പ്രേക്ഷകരില്‍ ചിരിയും കണ്ണീരും ചാലിച്ചുകൊണ്ട് മുന്നേറുന്നു. അവസാനം തന്നെ അംഗീകരിക്കാത്ത പെറ്റമ്മയെ കണ്ടെത്തിയിട്ടും ഐഷുമ്മയെന്ന മാതൃത്വത്തിലേക്ക് തന്നെ തിരിച്ചുപോകാന്‍ ഹമീദ് തീരുമാനിക്കുന്നടത്ത് എന്റെ ഉമ്മാന്റെ പേര് പൂര്‍ത്തിയാകുന്നു.

തീവണ്ടിയിലെ ബിനീഷിനെയും കുപ്രസിദ്ധ പയ്യനിലെ അജയനെയും പോലെ ഡൗണ്‍ടു എര്‍ത്ത് കഥാപാത്രമാണ് ഹമീദും. ബിഎ. മലയാളം കാരനായ ഒരു നാട്ടിന്‍പുറത്തുകാരന്‍.. അവന്റെ മണ്ടത്തരങ്ങളും ചിന്തകളുമെല്ലാം ആ നിലവാരത്തില്‍ തന്നെ ചിത്രീകരിച്ചതുകൊണ്ട് തന്നെ കഥയിലെ പല സ്വാഭാവികതകളും പ്രേക്ഷകനില്‍ മടുപ്പുളവാക്കുന്നില്ല. ഉര്‍വ്വശിയിലേക്കെത്തുമ്പോള്‍ അച്ചുവിന്റെ അമ്മയിലും അരവിന്ദന്റെ അതിഥികളിലുമൊക്കെ കണ്ട വെള്ളിത്തിരയിലെ അവരുടെ പുതിയ തിളക്കത്തിന് ഒട്ടും മങ്ങലേറ്റിട്ടില്ലെന്ന് വ്യക്തമാവുന്നു. അല്‍പ്പം വിറളിപിടിച്ച ബിയ്യാത്തുമ്മ ഉര്‍വ്വശിയുടെ കൈയില്‍ ഭദ്രമായിരുന്നു.

സിദ്ദിഖ്… സുഹൃത്തായി വന്ന ഹരീഷ് കണാരന്‍… മാമുക്കോയ… തുടങ്ങിയവരൊക്കെ ശക്തമായ പിന്തുണ  ചിത്രത്തിന് നല്‍കുന്നുണ്ട്. ഗോപിസുന്ദറന്റെ സംഗീതവും ജോര്‍ദിയുടെ ക്യാമറയും സിനിമയുടെ യാത്രയ്ക്ക് സുഖംപകരുന്നു..

വല്ലിയ തള്ളുകളില്ലാതെ വന്ന ഈ ഉമ്മയും മകനും നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് പോക്കറ്റ് കാലിയായെന്ന് തോന്നാത്ത ഒരു അനുഭവമായിരിക്കുമെന്നുറപ്പാണ്…

Related News