എന്ററോവൈറസ് പനി അത്ര നിസാരക്കാരനല്ല, ഈ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണം

Web Desk
Posted on October 10, 2019, 12:50 pm

ഇനി പനിയെ നിസാരമെന്ന് കരുതരുത്. കാരണം വലുതാണ്. പനിക്കൊപ്പമുള്ള എന്ററോവൈറസ് ബാധ അത്ര നിസാരക്കാരനല്ല. ഈ വൈറസ് സംസ്ഥാനത്തെ ആരോഗ്യമേഖലയെ അനുദിനം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കഠിനമായ തലവേദന, പനി, പേശികളില്‍ വേദന, ഛര്‍ദി തുടങ്ങിയവയാണു രോഗ ലക്ഷണം. അതേസമയം ചിലപ്പോള്‍ കാര്യമായ രോഗലക്ഷണങ്ങളും ഉണ്ടാകുകയുമില്ല. ചിലരുടെ രോഗലക്ഷണം എച്ച് 1 എന്‍ 1 രോഗത്തോടും മറ്റു ചിലരുടേതു മസ്തിഷ്‌ക ജ്വരത്തോടും സാമ്യമുള്ളതാണ്. ഇതാണ് ആരോഗ്യ വകുപ്പിനെ കുഴക്കുന്ന പ്രധാന പ്രശ്‌നവും.

വായുവിലൂടെ പകരുന്ന രോഗമാണിത്. വായുവിലൂടെയുള്ള തുള്ളികള്‍, മലിന ജലം, ഭക്ഷണം എന്നിവയിലൂടെയും സമ്പര്‍ക്കത്തിലൂടെയും വീട്ടുകാരിലൂടെയും രോഗം പിടിപ്പെടാം. വിവിധ അവയവങ്ങളില്‍ പടരാനും മനുഷ്യ ശരീരത്തില്‍ വര്‍ഷങ്ങളോളം നിലനില്‍ക്കാനും ഇത് പ്രാപ്തമാണ്. ഇത് പ്രാഥമിക അണുബാധയ്ക്കുശേഷം നീണ്ടുനില്‍ക്കുന്ന രോഗത്തിന് കാരണമാകും. എന്ററോവൈറസ് രോഗിയായ ഒരാളില്‍ നിന്ന് ആരോഗ്യമുള്ള ഒരാളിലേക്ക് പല തരത്തില്‍ പകരാം. കുട്ടികളിലെ എന്ററോവൈറസ് പ്രധാനമായും അസംസ്‌കൃത വെള്ളം അല്ലെങ്കില്‍ കളിപ്പാട്ടങ്ങള്‍ വഴിയാണ് പകരുന്നത്.

എന്ററോവൈറസ് അണുബാധയുടെ വിപുലമായ രൂപങ്ങള്‍ വിവിധ അവയവങ്ങളെയും സിസ്റ്റങ്ങളെയും ബാധിക്കുന്നു. ഇത് ഗുരുതരമായ രോഗങ്ങളുടെ വികാസത്തിന് കാരണമാകും. ചില സന്ദര്‍ഭങ്ങളില്‍ അവ മാരകമായേക്കാം. എന്ററോ വൈറസിലൂടെ പകരുന്ന പനി പോലുള്ള അസുഖത്തെത്തുടര്‍ന്നു രോഗികള്‍ പെട്ടെന്നു മരിക്കുന്നതാണ് ആശങ്കയ്ക്കു കാരണം. രോഗം മൂലം മരണം സംഭവിക്കുമ്പോഴും ഇതിന്റെ ഉറവിടവും കാരണവും ഇനിയും കണ്ടെത്താനായിട്ടില്ല എന്നതാണ് വാസ്തവം. ആരോഗ്യ വകുപ്പ് പഠനം നടത്തുന്നുവെങ്കിലും ചികിത്സ നല്‍കുന്ന കാര്യത്തില്‍ ഇപ്പൊഴും വ്യക്തതക്കുറവുണ്ട്. മരിച്ചവരുടെ ആന്തരികാവയവങ്ങളുടെ പരിശോധനയിലും മറ്റുമാണു വൈറസ് ബാധ തിരിച്ചറിയുന്നത്. ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പ്രത്യേക വിശകനങ്ങളും പഠനങ്ങളും നടത്തുകയാണ്.