ജിഎസ്ടിയ്ക്കുമേല്‍ വിനോദ നികുതി; ഉത്തരവ് പിന്‍വലിക്കണമെന്ന് സിനിമാ സംഘടനകള്‍

Web Desk
Posted on June 14, 2019, 5:56 pm

കൊച്ചി: ചരക്ക് സേവന നികുതിക്ക് (ജി.എസ്.ടി) പുറമെ സിനിമ ടിക്കറ്റുകള്‍ക്ക് മേലെ വിനോദ നികുതി കൂടി ഏര്‍പ്പെടുത്താനുളള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാക്കി സിനിമ സംഘടനകള്‍. ജി.എസ്.ടിക്ക് പുറമെ പത്തു ശതമാനം വിനോദ നികുതി ഈടാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും തീരുമാനം സിനിമ വ്യവസായത്തെ തകര്‍ക്കുമെന്നും സിനിമ സംഘടനകളുടെ കൂട്ടായ്മയായ കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ഭാരവാഹികള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിനോദ നികുതി ഈടാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് നികുതി പിന്‍വലിക്കണമെന്ന ആവശ്യം സംഘടന ശക്തമാക്കിയത്. ജൂലൈ മൂന്നു വരെ ഉത്തരവ് നടപ്പിലാക്കാന്‍ പാടില്ലെന്നാണ് കോടതി നിര്‍ദേശം. ഇതിന് മുമ്പ് വിനോദ നികുതി ഒഴിവാക്കണമെന്ന ആവശ്യം വീണ്ടും സര്‍ക്കാരിന് മുന്നില്‍ ശക്തമായി ഉന്നയിക്കാനാണ് സംഘടനകളുടെ തീരുമാനം. സര്‍ക്കാര്‍ വഴങ്ങാതിരുന്നാല്‍ തിയേറ്ററുകള്‍ അനിശ്ചികാലത്തേക്ക് അടച്ചിട്ട് ശക്തമായ സമരത്തിനിറങ്ങേണ്ട സാഹചര്യമുണ്ടാവുമെന്ന് സംഘടന വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

നികുതിക്ക് മേല്‍ നികുതി ഈടാക്കുന്ന ഏര്‍പ്പാടാണിതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ചേംബര്‍ പ്രസിഡന്റ് കെ.വിജയകുമാര്‍ പറഞ്ഞു. ടിക്കറ്റുകള്‍ക്ക് വിനോദ നികുതി ഏര്‍പ്പെടുത്തുന്നത് സിനിമ രംഗത്ത് നിര്‍മാതാക്കളെയും തിയേറ്റര്‍ ഉടമകളെയും വലിയ തോതില്‍ ദോഷകരമായി ബാധിക്കും. ജി.എസ്.ടിയില്‍ ലഭിച്ച ഇളവാണ് പുതിയ ഉത്തരവോടെ അട്ടിമറിക്കപ്പെടാന്‍ പോകുന്നത്. ഇക്കാര്യത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണ്. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സിനിമ മേഖലക്ക് ഏറെ പ്രതീക്ഷകളുണ്ടായിരുന്നുവെന്നും എന്നാല്‍ പുതിയ നികുതി ഉത്തരവ് സിനിമ മേഖലക്ക് കനത്ത പ്രഹരമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ തന്നെ കേരളത്തിലെ 80 ശതമാനം തിയേറ്ററുകളും നഷ്ടത്തിലാണ് ഓടുന്നതെന്ന് ഫെഫ്ക്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നേരത്തെ നൂറു രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് 18 ശതമാനവും നൂറു രൂപക്ക് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് 28 ശതമാനവുമായിരുന്നു ജി.എസ്.ടി ഈടാക്കിയിരുന്നത്. സിനിമ സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇത് യഥാക്രമം 12 ശതമാനമായും 18 ശതമാനമായും കുറച്ചിരുന്നു. ഇതിന് ശേഷം സിനിമ കാണാനെത്തുന്ന പ്രേക്ഷകരിലും വര്‍ധനവുണ്ടായി. എന്നാല്‍ ജി.എസ്.ടി കുറച്ചതിന് പിന്നാലെ പത്ത് ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

ജി.എസ്.ടി ഏര്‍പ്പെടുത്തിയതോടെ തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം കാര്യമായി കുറഞ്ഞതാണ് വിനോദ നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഈ നികുതി തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ലഭിക്കുക. തദ്ദേശ സ്ഥാപനങ്ങളുടെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ വിനോദ നികുതി ഏര്‍പ്പെടുത്തിയതെന്ന വാദവും സിനിമ സംഘടനകള്‍ ഉയര്‍ത്തുന്നുണ്ട്. വിനോദ നികുതി ഏര്‍പ്പെടുത്തുന്നത് വരുമാനത്തില്‍ വന്‍ ഇടിവുണ്ടാക്കുമെന്ന് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നൂറു രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് ജി.എസ്.ടി ഇളവിന് മുമ്പ് 18 ശതമാനം നികുതി നല്‍കിയിരുന്നിടത്ത് വിനോദ നികുതി കൂടി ഏര്‍പ്പെടുത്തുന്നതോടെ ആകെ നികുതി 22 ശതമാനം ഉയരും. ഇത് മൂലം ജി.എസ്.ടി ഇളവിന്റെ ഒരു ആനുകൂല്യവും പ്രേക്ഷകര്‍ക്ക് ലഭിക്കാത്ത സാഹചര്യമുണ്ടാവും. മാത്രമല്ല, മിക്ക തിയേറ്ററുകളിലും ഇ‑ടിക്കറ്റ് സംവിധാനം നടപ്പിലാക്കിയതിനാല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ടിക്കറ്റുകള്‍ സീല്‍ ചെയ്തു വാങ്ങി വില്‍ക്കുന്ന രീതി ഇനി പ്രായോഗികമല്ല. ഫിലിം ചേംബര്‍ ഭാരവാഹികളായ എം.സി ബോബി, സാഗാ അപ്പച്ചന്‍, അനില്‍ തോമസ്, സാജു ജോണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.