September 29, 2022 Thursday

മുദ്രായോജനയെ സംരംഭകർ കൈവിടുന്നു

ബേബി ആലുവ
കൊച്ചി
May 18, 2020 9:22 pm

നരേന്ദ്ര മോഡി സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ മുദ്രായോജന വായ്പാ പദ്ധതിക്ക് ഡിമാന്റ് കുറയുന്നതായി കണക്കുകൾ. ഓരോ സാമ്പത്തിക വർഷവും വായ്പാ പദ്ധതിക്കായി കണക്കാക്കുന്ന തുകയുടെ അടുത്തേക്ക് വിതരണം ചെയ്യുന്ന തുകയുടെ തോത് എത്താത്തത് കേന്ദ്ര സർക്കാരിനു ക്ഷീണമാവുകയാണ്.
ചെറുകിട സംരംഭകർക്കായി കേന്ദ്രം ആവിഷ്കരിച്ചതാണ് പ്രധാനമന്ത്രി മുദ്രായോജന വായ്പാ പദ്ധതി. കഴിഞ്ഞ സാമ്പത്തിക വർഷം മൂന്നു ലക്ഷം കോടി രൂപ വിതരണത്തിനു ലക്ഷ്യമിട്ടെങ്കിലും രണ്ടേകാൽ ലക്ഷം കോടിക്കു മാത്രമേ ആവശ്യക്കാരുണ്ടായുള്ളു. അതിനു മുമ്പത്തെ വർഷം വിതരണം ചെയ്തത് 2.46 ലക്ഷം കോടിയും. 2015 ഏപ്രിലിൽ തുടങ്ങിയ പദ്ധതിയോടു സഹകരിക്കുന്ന ചെറുകിട സംരംഭകരുടെ എണ്ണം വർഷം ചെല്ലുന്തോറും കുറഞ്ഞു വരുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

അതേസമയം, മുദ്രാ യോജന വായ്പാ പദ്ധതിയുമായി ബന്ധപ്പെട്ട് വായ്പയെടുക്കുന്നവർ തിരിച്ചടയ്ക്കാത്തതും അതുവഴിയുള്ള കിട്ടാക്കടം പെരുകുന്നതും വലിയ ബാധ്യതയായി മാറുന്നുവെന്നാണ് പൊതുമേഖലാ ബാങ്കുകളുടെ പരാതി. നാലു വർഷം കൊണ്ടുമാത്രം ഈ ഇനത്തിൽ ബാങ്കുകൾക്കുണ്ടായ നഷ്ടം 16,481 കോടി രൂപയുടേതാണ്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 9204 കോടിയുടെ നഷ്ടമുണ്ടായി. മുൻ വർഷത്തെ അപേക്ഷിച്ച് 53 ശതമാനത്തിന്റെ വർധനവ്. മൊത്തം കിട്ടാക്കടം ഏതാണ്ട് 4–5 ശതമാനം.
പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള വർഷമാണ് മുദ്രാ യോജന വായ്പ വാരിക്കോരി നൽകിയതെന്നു കണക്കുകൾ പറയുന്നു.

2018 ഏപ്രിൽ ഒന്നിനും 2019 മാർച്ച് 31‑നും ഇടയിൽ 3.11 ലക്ഷം കോടി രൂപയാണ് അനുവദിച്ചത്. ഇതിന്റെ 2.89 ശതമാനം വായ്പ തിരിച്ചടയ്ക്കാതിരുന്നതിനാൽ കിട്ടാക്കടത്തിന്റെ പട്ടികയിലായി. തിരിച്ചടവിന്റെ നിശ്ചിത സമയ പരിധി കഴിഞ്ഞ് 90 ദിവസത്തിനു ശേഷവും തിരിച്ചടച്ചില്ലെങ്കിലാണ് വായ്പകിട്ടാക്കടമായി മാറുന്നത്.
ബാങ്കുകളുടെ ബാധ്യത വർധിപ്പിക്കുന്ന മുഖ്യമേഖലയായി മുദ്രാ യോജന വായ്പാ പദ്ധതി മാറുന്ന കാലം വിദൂരമല്ലെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നുമാണ് റിസർവ് ബാങ്ക് ബാങ്കുകൾക്കു നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

Eng­lish sum­ma­ry; Entre­pre­neurs aban­don Mudraojana

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.