കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകയിൽ പ്രവേശന നിയന്ത്രണം

Web Desk
Posted on December 21, 2019, 9:46 am

മംഗളൂരു: കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകയിൽ പ്രവേശിക്കുന്നതിന് കർണാടക പൊലീസിന്റെ അപ്രഖ്യാപിത നിയന്ത്രണം. കേരള കർണാടക അതിർത്തി അടച്ചിരിക്കുകയാണ്. വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങളും ആംബുലൻസും കടത്തിവിടുന്നുണ്ട്. എന്നാൽ ശബരിമല വാഹനങ്ങൾപോലും കടത്തി വിടാത്ത സ്ഥിതിയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെത്തുടർന്നുണ്ടായ വെടിവയ്പ്പിൽ കഴിഞ്ഞ ദിവസം രണ്ടുപേർ മരിച്ച സാഹചര്യത്തിലാണ് നടപടി. മംഗളൂരു സിറ്റി പൊലീസ് കമ്മിഷണറേറ്റ് പരിധിയിൽ നാളെ അർധരാത്രി വരെ കർഫ്യൂ തുടരും.

കേരള–കർണാടക അതിർത്തിയായ തലപ്പാടിയിൽ കർണാടക പൊലീസിന്റെ പരിശോധന ശക്തമാണ്. രേഖകൾ പരിശോധിച്ച ശേഷം മാത്രമാണ് ആളുകളെ കടത്തിവിടുന്നത്. മതിയായ രേഖകളില്ലാത്തതിന്റെ പേരിൽ ഏതാനും പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. വഴിയിൽ കൂടി നിൽക്കുന്ന ആളുകളോടെല്ലാം പൊലീസ് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്നുണ്ട്. അതിർത്തിയോടു ചേർന്നുള്ള ഭാഗത്ത് കേരള പൊലീസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരള സർക്കാരിന്റെ രണ്ട് ആർടിസി ബസുകൾക്കു നേരെ കല്ലേറുണ്ടായ സാഹചര്യത്തിൽ പൊലീസ് കൂടുതൽ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്.

you may also like this video

ആശുപത്രി, വിമാനത്താവളം, മറ്റ് അവശ്യ സർവീസുകൾ എന്നിവ ഒഴികെയുള്ള വാഹനങ്ങൾ തടയുന്നു. നഗരത്തിലേക്കുള്ള എല്ലാ റോഡുകളിലും കർശന പരിശോധന തുടരുന്നു.  കേരള–കർണാടക അതിർത്തിയായ തലപ്പാടിയിൽ പൊലീസ് വാഹനം കുറുകെയിട്ട് ഗതാഗതം തടഞ്ഞിട്ടുണ്ട്.  കർണാടകയിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള ബസ് സർവീസുകൾ നിർത്തിവച്ചിട്ടില്ലെന്ന് കെഎസ്ആർടിസി (കേരള) അറിയിച്ചു. ബെംഗളൂരു, മംഗളൂരു, മൈസൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് അൻപതോളം ബസുകളാണു സർവീസ് നടത്തുന്നത്. മംഗളുരുവിൽ ഇന്നലെ റിപ്പോർട്ടിങിനെത്തിയ മാധ്യമ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. കേരളത്തിൽ നിന്നെത്തിയ ആളുകളാണ് മംഗളുരുവിൽ വലിയതോതിലുള്ള അനിഷ്ട സംഭവങ്ങൾ സൃഷ്ടിച്ചത് എന്ന കർണാടക ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന വിവാദങ്ങൾക്ക് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.