Web Desk

August 09, 2020, 9:43 pm

പരിസ്ഥിതിയെ രക്ഷിക്കാന്‍ നമ്മുടെ കെെയ്യില്‍ ഉള്ളത് വെറും രണ്ട് ദിവസം

Janayugom Online

പരിസ്ഥിതി ആഘാത വിലയിരുത്തൽ അഥവാ ഇഐഎ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ വിഷയങ്ങളിൽ ഒന്നാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട പോസ്റ്ററുകളും പോസ്റ്റുകളും ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം അടക്കമുള്ള നവമാധ്യമങ്ങളിൽ വ്യാപകമായി തന്നെ പ്രചരിച്ചിരുന്നു. കൊറോണക്ക് പിന്നാലെ കാലാവസ്ഥ കൂടെ ശക്തമായതോടെ തീർത്തും വ്യത്യസ്തമായ പശ്ചാത്തലത്തിലാണ് നമ്മൾ ഓരോരുത്തരും നീങ്ങി കൊണ്ടിരിക്കുന്നത് . ഈ ഒരു സാഹചര്യത്തിലാണ് സൈബർ ഇടങ്ങളിൽ യുവ ജനതയുടെ പ്രതിഷേധം ഉയരുന്നത്. എന്താണ് പരിസ്ഥിതി വിജ്ഞാപനം 2020? സമൂഹമാധ്യമങ്ങളിൽ അമ്പരപ്പിക്കുന്ന പിന്തുണയാണ് ഇതുമായി ബന്ധപ്പെട്ട ക്യാംപെയിന് ലഭിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് Envi­ron­ment Impact Assess­ment (EIA) അഥവാ പരിസ്ഥിതി ആഘാത വിലയിരുത്തൽ എന്ന കേന്ദ്രത്തിന്റെ പുതിയ ഭേദഗതിയിൽ പൊതുജനത്തിന് അഭിപ്രായമറിയിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 11 വരെയാക്കി ഡൽഹി ഹൈക്കോടതി ഉത്തരവിറക്കുന്നത്. പരിസ്ഥിതി ചർച്ചയാകുന്ന ഈ നേരത്ത് നമ്മുടെ രാജ്യം നിലവിലുള്ള പരിസ്ഥിതി നിയമങ്ങൾ ലഘൂകരിക്കാൻ ഒരുങ്ങുന്നു എന്ന് ഒറ്റവാക്കിൽ ഇതിനെ പറയാം. ഇതോടെ ഇനി അനുമതികളുടെ നൂലാമാലകളില്ലാതെ പ്രകൃതിയെ ചൂഷണം ചെയ്യാം. അഞ്ചേക്കറിൽ താഴെയുള്ള ക്വാറികളിൽ പാറ പൊട്ടിക്കാം. അങ്ങനെ അവശേഷിക്കുന്നത് കാർന്നുതിന്നാൽ തക്കം പാർത്തിരിക്കുന്നവർക്ക് വാതിൽ തുറന്നുകൊടുക്കുകയാണ് പുതിയ പരിഷ്കരണം.

എന്താണ് ഇഐഎ? എങ്ങനെയാണ് ഇത് നമ്മെ ബാധിക്കുക? എന്തുകൊണ്ടാണ് ഈ ഭേദഗതിക്കെതിരെ ഇത്രയധികം പ്രതിഷേധങ്ങളുണ്ടാകുന്നത്? അറിയാം കൂടുതൽ വിവരങ്ങൾ.

1984ലാണ് സമഗ്ര പരിസ്ഥിതി സംരക്ഷണ നിയമം അഥവാ ഇഐഎ കൊണ്ടുവരുന്നത്. ഈ നിയമം കൊണ്ട് വന്നതിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് വ്യവസായങ്ങളും മറ്റും ആരംഭിക്കുകയെങ്കിൽ പാരിസ്ഥിതിക നിയമങ്ങൾ പാലിച്ചു മാത്രമേ ആരംഭിക്കാവു എന്നതാണ്. അതിൽ ജനങ്ങൾക്ക് ഇടപെടാൻ പാരിസ്ഥിതികാഘാത പഠനം (EIA ) എന്ന വ്യവസ്ഥ 1994ൽ കൊണ്ടുവന്നതാണ്. അത് കുറെക്കൂടി മെച്ചപ്പെടുത്തി ചില ഇളവുകളും നൽകി 2006 ൽ നിർമ്മിച്ചതാണ് ഇപ്പോഴുള്ള നിയമം. പദ്ധതികൾക്ക് അംഗീകാരം നൽകാൻ അധികാരം മുൻപ് കേന്ദ്ര സർക്കാരിന് മാത്രമായിരുന്നു. പിന്നീട് ചില പദ്ധതികൾക്കു സംസ്ഥാനങ്ങൾക്കും അധികാരം ലഭിച്ചു. ഇതിനെ എ (കേന്ദ്രം), ബി (സംസ്ഥാനം) വിഭാഗങ്ങൾ എന്നാക്കി. എന്നാൽ ഇപ്പോൾ ഇതിനെയെല്ലാം ഇല്ലാതാക്കുന്നതാണ് പുതിയ നീക്കങ്ങൾ. ഇപ്പോഴത്തെ വിജ്ഞാപനം ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ്. പ്രാദേശികഭാഷകളിൽ ഇല്ല എന്നത് തന്നെ നിയമവിരുദ്ധമാണ്. പല മേഖലകളിലെ പദ്ധതികളിലും മുൻപ് നൽകിയിരുന്ന ഇളവുകൾ ഇപ്പോൾ വർധിപ്പിച്ചിരിക്കുകയാണ്.

എങ്ങനെയാണ് ഇത് നമ്മെ ബാധിക്കുക ‚ഒരു കമ്പനി ആരംഭിക്കുന്നതിന് മുമ്പ് പരിസ്ഥിതി മന്ത്രാലയം പദ്ധതി പരിശോധിക്കും. പദ്ധതി പ്രകാരം അടുത്ത് തീമസിക്കുന്ന മനുഷ്യർ, കമ്പനി കൊണ്ട് പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതങ്ങൾ എന്നിവ പഠിച്ച ശേഷം മാത്രമേ എൻവയോൺമെന്റ് ക്ലിയറൻസ് നൽകുകയുള്ളു. എന്നാൽ 2020 ൽ ഇഐഎയ്ക്ക് കൊണ്ടുവരുന്ന ഭേദഗതി പ്രകാരം കമ്പനി ആരംഭിച്ച് കഴിഞ്ഞ ശേഷം എൻവയോൺമെന്റ് ക്ലിയറൻസിന് അപേക്ഷിച്ചാൽ മതി. ഇത് വരുത്തിവയ്ക്കുന്ന അപകടത്തിന് ഉദാഹരണമാണ് വിശാഖപട്ടണത്തെ വിഷവാതക ദുരന്തം. വിശാഖപട്ടണത്തെ എൽജി പോളിമറിന് എൻവയോൺമെന്റ് ക്ലിയറൻസ് ലഭിച്ചിരുന്നില്ല. അതായത് കൺമുന്നിൽ നമ്മുടെ പുഴകളും വായുവുമെല്ലാം മലിനമാകുന്നത് കണ്ടാലും നമുക്ക് പരാതിപ്പെടാൻ സാധിക്കില്ല. പ്രതിദിനം പതിനായിരം ലിറ്റർ വരെ നാടൻ മദ്യം ഉത്പാദിപ്പിക്കുന്ന യൂണിറ്റുകളെ പാരിസ്ഥിതികാഘാത പഠനത്തിൽ നിന്നും പൊതു തെളിവെടുപ്പിൽ നിന്നും ഒഴിവാക്കുന്നു. തുറമുഖങ്ങളുടെ പ്രവർത്തനങ്ങൾക്കാവശ്യമായ മണ്ണെടുപ്പിനു മുൻകൂർ അനുമതി വേണമെന്ന നിബന്ധന പൂർണ്ണമായും ഒഴിവാക്കുന്നു.

ഉയർന്ന (എലവേറ്റഡ്) റോഡുകളും ഫ്ളൈഓവറുകളും 150000 ചതുരശ്ര മീറ്ററിന് താഴെയെങ്കിൽ അവയെ ബി രണ്ടു വിഭാഗത്തിൽ പെടുത്തി പാരിസ്ഥിതിക പഠനവും മറ്റും ഒഴിവാക്കുന്നു. പൊതുതെളിവെടുപ്പ് അനിവാര്യമാണെന്ന നിബദ്ധനകളുള്ളവയ്ക്കാണ് ഏറ്റവും കൂടുതൽ ഇളവുകൾ നൽകിയിരിക്കുന്നത്. ലോകം മുഴുവൻ പാരിസ്ഥിതിക വിഷയങ്ങളിൽ കൂടുതൽ ജനപങ്കാളിത്തം ആവശ്യപ്പെടുന്ന ഇക്കാലത്തു ഇന്ത്യയിൽ അത് പരമാവധി ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. ഒരു പദ്ധതിയുടെ വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കിയാൽ 30 ദിവസങ്ങൾക്കകം അവർ അഭിപ്രായം പറയണമെന്നു 20 ദിവസം എന്നാക്കി. പദ്ധതി വിപുലീകരിക്കുമ്പോൾ അൻപത് ശതമാനത്തിലേറെ വര്ധനവില്ലെങ്കിൽ പൊതു തെളിവെടുപ്പ് തന്നെ ആവശ്യമില്ല. ഈ പ്രക്രിയ പൂർത്തീകരിക്കാനുള്ള സമയപരിധി 45 ദിവസം എന്നത് 40 ആക്കി കുറച്ചു.

നമുക്ക് എന്ത് ചെയ്യാനാകും ? ഇത് നമ്മെ മാത്രം ബാധിക്കുന്ന വിഷയമല്ല. വരും തലമുറകളെ ഒന്നടങ്കം നശിപ്പിക്കുന്ന ഒരു ഭേദഗതിയാണ്. ഇതുവരെ ഇഐഎ നിയമമായിട്ടില്ല. കരട് മാത്രമേ തയാറായിട്ടുള്ളു. ഈ ഭേദഗതിക്കെതിരായ ആശങ്കകളും പ്രതിഷേധവും ഓഗസ്റ്റ് 11 വരെ നമുക്ക് അറിയിക്കാൻ സാധിക്കും. ഇതിനായി താഴെ കൊടുത്തിരിക്കുന്ന മെയിൽ ഐഡിയിൽ ക്ലിക്ക് ചെയ്യുക… https://environmentnetworkindia.github.io/. മനുഷ്യന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്ന നിർദേശങ്ങളാണ് പരിസ്ഥിതി വിജ്ഞാപനം 2020 ഉള്ളത്. ഈ കോവിഡിന്റെ മറവിൽ ജനങ്ങളുടെ പ്രതിഷേധം ഉണ്ടാവില്ലെന്ന് ഉറപ്പാക്കികൊണ്ടുള്ള നീക്കമാണ് ഇതെന്നതും വ്യക്തമാണ്.

Eng­lish sum­ma­ry: Envi­ron­ment Impact Assessment

You may also like this video: