സ്വന്തം ലേഖകൻ

ന്യൂഡൽഹി:

June 26, 2020, 11:04 pm

പരിസ്ഥിതി ആഘാത നിർണ്ണയം: ഇളവുകള്‍ വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ

Janayugom Online

സ്വന്തം ലേഖകൻ

കോവിഡ് ലോക്‌ഡൗണിന്റെ മറവിൽ രാജ്യത്തെ പരിസ്ഥിതി നിയമങ്ങൾ അടിമുടി ഉടച്ചുവാർക്കാൻ കേന്ദ്രസർക്കാർ. പരിസ്ഥിതി ആഘാത നിർണ്ണയം സംബന്ധിച്ച ഇളവുകൾ നൽകിക്കൊണ്ടുള്ള വിജ്ഞാപനം നടപടിക്രമങ്ങൾ എത്രയുംവേഗം പൂർത്തിയാക്കി പ്രാബല്യത്തിലാക്കാനാണ്‌ നരേന്ദ്ര മോഡി സർക്കാരിന്റെ നീക്കം. കരട് വിജ്ഞാപനത്തിൽ മാറ്റങ്ങൾ നിർദ്ദേശിക്കാനുള്ള സമയം നീട്ടണമെന്ന കേന്ദ്ര പരിസ്ഥിതി- വനം– കാലാവസ്ഥാ മന്ത്രാലയത്തിന്റെ നിർദ്ദേശം മന്ത്രി പ്രകാശ് ജാവഡേക്കർ നിരസിക്കുകയായിരുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ സഹിതം ദ വയർ ആണ് വാർത്ത പുറത്തുവിട്ടത്. 180 ദിവസം നീട്ടിനൽകണമെന്ന മന്ത്രാലയ ജോയിന്റ് സെക്രട്ടറിയുടെ കത്തിന് ജൂൺ 30 വരെ സമയം നൽകിയാൽ മതിയെന്ന് കേന്ദ്രമന്ത്രി തീരുമാനമെടുക്കുകയായിരുന്നു. പരിസ്ഥിതി ആഘാത നിർ­ണ്ണ­യവുമായി ബന്ധപ്പെട്ട് 2006 ൽ പുറപ്പെടുവിച്ച ചട്ടങ്ങളിലാണ് ഇളവുകൾ നൽകുന്നത്. കോവിഡ്‌ വ്യാപനത്തെത്തുടർന്ന് സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ മാർച്ച്‌ 23നാണ്‌ കരട്‌ വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കിയത്‌. ഏപ്രിൽ 11 ന് ഗസറ്റിൽ പ്രസിദ്ധീകരിച്ചു. പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാൻ രണ്ടുമാസമാണ് നൽകിയിരുന്നത്. ഇതുപ്രകാരം സമയപരിധി ഈ മാസം പത്തിന് അവസാനിക്കേണ്ടിയിരുന്നു. ലോക്‌ഡൗൺ കാരണം വ്യക്തികൾക്കോ സംഘടനകൾക്കോ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാൻ സാധിച്ചില്ല. ഇക്കാരണത്താലാണ് ഓഗസ്റ്റ് 10 വരെ സമയം നീട്ടിനൽകണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടത്. എന്നാൽ കാലാവധി നീട്ടിനൽകാതെ എത്രയുംവേഗം നിയമം നടപ്പിലാക്കുകയെന്നതാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്ന് കേന്ദ്രമന്ത്രിയുടെ നിലപാടിലൂടെ വ്യക്തമായിരിക്കുകയാണ്.

സംരംഭകർക്ക് സർവ സ്വാതന്ത്ര്യം

 

വ്യാവസായികവും അല്ലാത്തതുമായ വൻകിട പദ്ധതികൾക്ക്‌ അനുമതി നൽകും മുമ്പ് പരിസ്ഥിതി ആഘാത നിർണ്ണയം നിർബന്ധമാക്കുന്ന നിബന്ധന ഒഴിവാക്കുന്നതാണ് ഏറ്റവും വിവാദമായിരിക്കുന്നത്. വികസനപദ്ധതികളുടെ പേരിൽ സംരംഭകര്‍ക്ക് സമ്പൂർണ്ണ സ്വാതന്ത്ര്യമാണ് അനുവദിച്ചുനൽകാനൊരുങ്ങുന്നത്. കൂടുതൽ മേഖലകളെ പരിസ്ഥിതി അനുമതി ആവശ്യമില്ലാത്ത പട്ടികയിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. വർഷത്തിൽ രണ്ട് റിപ്പോർട്ടുകൾ എന്നത് ഒന്നായി ചുരുക്കുന്നു. കൂടാതെ ഖനനം ഉൾപ്പെടെയുള്ള മേഖലകളിൽ പദ്ധതികളുടെ കാലാവധി ദീർഘിപ്പിക്കുന്നതും നിർദ്ദേശങ്ങളിലുണ്ട്. പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ നിലവിലുള്ള പരിസ്ഥിതി നിയമങ്ങളെല്ലാം അപ്രസക്തമാകുമെന്ന് പരിസ്ഥിതി സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു.

ഹരിത ട്രൈബ്യൂണൽ ദുർബലമാകും

പരിസ്ഥിതി സംരക്ഷണത്തിനായി രാജ്യത്തെ ഏക നിരീക്ഷണ സംവിധാനമായ ദേശീയ ഹരിത ട്രൈബ്യൂണലിനെ ദുർബലപ്പെടുത്തുക ലക്ഷ്യമിടുന്ന നിരവധി നിർദ്ദേശങ്ങളും വിജ്ഞാപനത്തിലുണ്ട്. ട്രൈബ്യൂണലിലെ അംഗങ്ങളെ നിശ്ചയിക്കുന്നതിൽ ജുഡീഷ്യറിയുടെ അധികാരം പരിമിതപ്പെടുത്തുകയാണ് ലക്ഷ്യം. കൂടാതെ ഹരിത ട്രൈബ്യൂണലും വിവിധ കോടതികളും പുറപ്പെടുവിച്ച വിധിന്യായങ്ങൾ മറികടക്കുന്നതിന് സഹായിക്കുന്ന നിര്‍ദ്ദേശങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ഹരിത ട്രൈബ്യൂണൽ മുമ്പ് റദ്ദാക്കിയ പദ്ധതികളെ കാറ്റഗറി മാറ്റി അനായാസം അനുമതി ലഭ്യമാക്കാൻ പുതിയ ശുപാർശകളിലൂടെ കഴിയും.

ENGLISH SUMMARY: Envi­ron­men­tal Impact Deter­mi­na­tion: Cen­tral Gov­ern­ment to Speed ​​Up Concessions

YOU MAY ALSO LIKE THIS VIDEO